യാത്രാമൊഴിയേകി രാജ്യം: ദാനിഷ് സിദ്ദീഖിക്ക് ജാമിഅയില്‍ അന്ത്യവിശ്രമം
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ദാനിഷ് സിദ്ദീഖിക്ക് രാജ്യത്തിന്റെ യാത്രാമൊഴി. സിദ്ദീഖിയുടെ മൃതദേഹം ജാമിഅ മില്ലിയ്യ കാംപസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഇന്നലെ പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം ഗഫ്ഫാര്‍ മന്‍സിലിലെ വീട്ടില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി പൊതുദര്‍ശനത്തിനുവച്ചു. പിന്നാലെ ജാമിഅ മിഡില്‍ സ്കൂളില്‍ മയ്യിത്ത് നിസ്കാരത്തിനു ശേഷം മൃതദേഹം ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. ജാമിഅയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തില്‍ ഖബറടക്കാറ്.
എന്നാല്‍ സിദ്ദീഖിക്കു വേണ്ടി ഈ പതിവിനുമാറ്റം കൊണ്ടുവരികയായിരുന്നുവെന്ന് ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അഖ്തര്‍ അറിയിച്ചു.
ജാമിഅ മില്ലിയ്യയിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു സിദ്ദീഖി. മൃതദേഹം ജാമിഅ ശ്മശാനത്തില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നു.
ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ദാനിഷ് ജാമിഅയില്നിന്നുതന്നെയാണ് മാധ്യമപഠനവും പൂര്‍ത്തിയാക്കിയത്. സിദ്ദീഖിയുടെ പിതാവ് മുഹമ്മദ് അഖ്തര്‍ സിദ്ദീഖി ജാമിഅയിലെ മുന്‍ പ്രൊഫസര്‍ ആയിരുന്നു. ജാമിഅയില്നിന്നാണ് സിദ്ദീഖി സ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത്. താലിബാന് സൈന്യവും അഫ്ഗാന് സേനയും തമ്മില്‍ കാണ്ഡഹാറിലുണ്ടായ ഏറ്റുമുട്ടലിലാണ് സിദ്ദീഖി കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."