ന്യൂനമര്‍ദം വൈകാന്‍ സാധ്യത; മഴ തുടരും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതിയിരുന്ന ന്യൂനമര്‍ദം വൈകുമെന്ന് വിദഗ്ധര്‍. നിലവിലെ സാഹചര്യത്തില്‍ 36 മണിക്കൂര്‍ വരെ വൈകാനാണ് സാധ്യത.
ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും. ഇന്നും നാളെയും മഴ കുറയാനാണ് സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. 21ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 22ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പും തുടരുകയാണ്. കാറ്റിന്റെ വേഗത 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ട്. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."