കോഴിമാലിന്യത്തില്‍ നിന്നും ഇനി ബയോഡീസല്‍; ഡോ. ജോണ്‍ എബ്രഹാമിന്റെ ഏഴരയാണ്ട് നീണ്ടുനിന്ന പരിശ്രമത്തിന് പേറ്റന്റ്
കല്‍പ്പറ്റ: ഇന്ധന വില കുതിച്ചുയരുന്ന കാലത്ത് വയനാട്ടില്‍ നിന്ന് വാഹന ഉടമകള്‍ക്ക് ഒരു ആശ്വാസവാര്‍ത്തയുണ്ട്. വയനാട്ടിലെ വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്ത് കോഴികളുടെ അവശിഷ്ടങ്ങളില്‍ നിന്ന് നൂറു ശതമാനം ബയോഡീസല്‍ ഉല്‍പാദിപ്പിക്കുകയും അതിന് പേറ്റന്റ് നേടിയെടുത്തിരിക്കുകയുമാണ് അവിടുത്തെ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ ഡോ. ജോണ്‍ എബ്രഹാം. ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ഡോ. ജോണ്‍ എബ്രഹാമിനെയും സഹപ്രവര്‍ത്തകരെയും തേടി ഈ സന്തോഷവാര്‍ത്തയെത്തിയത്.
ബയോഡീസല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ധാരണാപത്രം കോയമ്പത്തൂരിലെ ഒരു കമ്പനിയുമായി ഡോ. ജോണും സംഘവും ഒപ്പുവച്ചിട്ടുണ്ട്. വരുംനാളുകളില്‍ ബയോഡീസല്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരത്തിലൂടെ ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണും സഹപ്രവര്‍ത്തകരും. അങ്ങനെയെങ്കില്‍ കീശ കാലിയാക്കാതെ വാഹനഉടമകള്‍ക്കും അടിയ്ക്കാം ഫുള്‍ടാങ്ക് ഡീസല്‍.
2014ല്‍ തുടങ്ങിയ ഡോ. ജോണിന്റെ കണ്ടുപിടുത്തം 2016ല്‍ പൂര്‍ത്തിയായിരുന്നെങ്കിലും പേറ്റന്റ് നേടിയെടുക്കാന്‍ വര്‍ഷങ്ങളെടുക്കുകയായിരുന്നു. മലിനീകരണം കുറഞ്ഞ ഇന്ധനക്ഷമത കൂടിയ ഒന്നാംതരം ബയോഡീസലാണ് വികസിപ്പിച്ചെടുത്തത്. കോഴിമാലിന്യം പുഴുങ്ങി സംസ്‌കരിച്ച് എണ്ണയാക്കിയെടുത്താണ് ഡീസല്‍ നിര്‍മാണം. ലിറ്ററിന് 35 രൂപ 68 പൈസയാണ് ഉല്‍പാദന ചെലവ്. കൂടുതല്‍ അളവില്‍ സാങ്കേതിക തികവോടെ നിര്‍മിച്ചാല്‍ ചെലവിനിയും കുറയ്ക്കാമെന്നാണ് ജോണ്‍ പറയുന്നത്. 100 കിലോ കോഴിമാലിന്യത്തില്‍നിന്ന് 10 ലിറ്റര്‍ ബയോഡീസല്‍ വരെ ഉണ്ടാക്കാനാകും. പന്നി ഇറച്ചിയുടെ കൊഴുപ്പില്‍നിന്ന് ഡീസല്‍ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഡോ. ജോണ്‍ ഇപ്പോള്‍. കോഴി മാലിന്യത്തില്‍ നിന്നും അദ്ദേഹം വികസിപ്പിച്ചെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശ്രദ്ധ നേടിയ ബയോഡീസലിന് അര്‍ഹിച്ച അംഗീകാരമായാണ് ഇന്ത്യന്‍ പേറ്റന്റ് ഓഫിസിന്റെ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."