'പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെടുത്താത്തതില്‍ പ്രയാസമുണ്ടായിരുന്നു; എന്നും പാര്‍ട്ടിക്കൊപ്പം' ചെന്നിത്തല
'പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെടുത്താത്തതില്‍ പ്രയാസമുണ്ടായിരുന്നു; എന്നും പാര്‍ട്ടിക്കൊപ്പം' ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പിനെ കുറിച്ച വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തനിക്ക് അല്‍പം മാനസിക സംഘര്‍ഷങ്ങളുണ്ടായെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ താന്‍ എന്നും പാര്‍ട്ടിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമിതിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ അര്‍ഹതയുള്ളവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കുന്നതായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളിലേക്കെത്തിയത്. പ്രവര്‍ത്തക സമിതി രൂപീകരണ വേളയില്‍, തന്നെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലഭിച്ച പദവിയിലേക്കു തന്നെ തെരഞ്ഞെടുത്തപ്പോള്‍ മാനസിക വിഷമം തോന്നിയിരുന്നു. ആര്‍ക്കും തോന്നാവുന്ന മാനസിക വിക്ഷോഭങ്ങളാണ്. എന്നാല്‍ പാര്‍ട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും സംസാരിച്ചപ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് ബോധ്യപ്പെട്ടു' -അദ്ദേഹം പറഞ്ഞു.
''പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഒട്ടേറെ അവസരങ്ങള്‍ തന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തുടങ്ങിയവ പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ഞാന്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ പ്രത്യേക പദവികളില്ല. പ്രതിപക്ഷ നേതാവു സ്ഥാനത്തു നിന്നും മാറിയതിനു ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കു വേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളുമായാണു മുന്നോട്ട് പോയത്''-ചെന്നിത്തല വിശദീകരിച്ചു.
ഒരു പദവിയും ഇല്ലെങ്കിലും നാളെയും കോണ്‍ഗ്രസിനായി പ്രവര്‍ത്തനം തുടരും. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം- അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറേണ്ടിവന്നപ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നില്ല പ്രശ്‌നം, ആ വിഷയം കൈകാര്യം ചെയ്ത രീതിയോടായിരുന്നു എതിര്‍പ്പ്. ചില കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ അവിടെ ഉണ്ടായി. എന്നിട്ടും ആരോടും പരാതി പറയാതെ ഒരു കരിയിലപോലും അനങ്ങാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടിയോടൊപ്പം നിലകൊണ്ടു. ഒരിക്കലും പാര്‍ട്ടിവിട്ട് പോകുകയും പാര്‍ട്ടിയെ തള്ളപ്പറയുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."