HOME
DETAILS
MAL
യു.എ.ഇയില്‍ പുതിയ വീസ ചട്ടങ്ങള്‍ തിങ്കളാഴ്ച നിലവില്‍ വരും
backup
October 01 2022 | 07:10 AM
ദുബൈ:യു.എ.ഇയിലെ പുതിയ വീസ ചട്ടങ്ങള്‍ തിങ്കളാഴ്ച നിലവില്‍ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതോടെ കൂടുതല്‍ ലളിതമാകും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐ.സി.പി)യാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വീസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വീസ.
വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും.അഞ്ചു വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും തിങ്കളാഴ്ച നിലവില്‍ വരും.കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ അധികൃതര്‍ കൊണ്ടുവരുന്നത്. വീസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിള്‍, മള്‍ട്ടി എന്‍ട്രീ വീസകളും സമാന കാലയളവിലേക്ക് പുതുക്കാം.കാലാവധി ചുരുങ്ങിയത് 60 ദിവസം വരെയാണ്. നേരത്തെ ഇത് 30 ആയിരുന്നു. യു.എ.ഇയില്‍ താമസിച്ച് വിദേശ കമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിര്‍ച്വല്‍ വീസയും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും. ജോബ് എക്‌പ്ലോറര്‍ വീസ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിട്ടയര്‍മെന്റ് വീസ തുടങ്ങിയവയാണ് വീസ ചട്ടങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങള്‍. പുതിയ വീസ നിയമപ്രകാരം ഗോള്‍ഡന്‍ വീസയുടെ നടപടികള്‍ ലഘൂകരിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ കാബിനറ്റ് അംഗീകരിച്ച പ്രധാന മാറ്റങ്ങളില്‍ പെട്ടതായിരുന്നു പുതിയ വീസാ ചട്ടങ്ങള്‍. പരീക്ഷാണാര്‍ഥത്തില്‍ തുടക്കം കുറിച്ച നിയമങ്ങളാണ് തിങ്കളാഴ്ചമുതല്‍ പൂര്‍ണ അര്‍ഥത്തില്‍ പ്രയോഗത്തില്‍ വരിക. ഇതോടൊപ്പം സങ്കീര്‍ണ്ണമായ സ്‌പെക്ട്രം പാറ്റേണുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പോളികാര്‍ബണേറ്റ് ഡാറ്റ പേജ് പോലുള്ള സുരക്ഷാ സവിശേഷതകള്‍ അടങ്ങിയ യു.എ.ഇയുടെ പുതിയ പാസ്പോര്‍ട്ട് നേരത്തെ അധികൃതര്‍ പുറത്തിറക്കിയിരുന്നു.ലോകത്തില്‍ നിലവാരത്തിലും മൂല്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നതാണ് യു.എ.ഇ പാസ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."