നിപ സ്ഥിരീകരിച്ചതായി പൂനെയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും റിയാസും
കോഴിക്കോട്: കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറച്ച് സമയം മുമ്പും പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സംസാരിച്ചിരുന്നു. പരിശോധന കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ അറിയിച്ചത്. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഞ്ച് സാമ്പിളുകളാണ് പരിശോധിക്കുന്നത്. മരിച്ച ഒരാളുടെയും ആശുപത്രിയിലുള്ള നാലുപേരുടെയും സാമ്പിളുകളാണ് പരിശോധനക്കയച്ചത്. കേന്ദ്രവുമായി ആശയക്കുഴപ്പമില്ല. ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാവാം കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിപ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ഇതുവരേയും വന്നിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മനസിലാക്കുന്നത്. പരിശോധനാഫലം കാത്തിരിക്കുമ്പോള്‍ കൂടിയാലോചന നടത്തിയിട്ടാണല്ലോ ഇക്കാര്യം പരസ്യപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. നിപ സംശയത്തെ തുടര്‍ന്ന് നാലുപേരാണ് കോഴിക്കോട്ട് ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നിപ പ്രതിരോധത്തിനായി വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിപ സ്ഥിരീകരിച്ചതായി പൂനെയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും റിയാസും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."