പെഗാസസില്‍ ഇളകി പാര്‍ലമെന്റ്; രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍; ഐ.ടി മന്ത്രിയില്‍ നിന്നും പ്രസ്താവന പിടിച്ചുവാങ്ങി തൃണമൂല്‍ എം.പി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളെയും ഇളക്കിമറിച്ച് മൂന്നാം ദിവസവും പെഗാസസ് വിവാദം. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. മന്ത്രിയുടെ കൈയ്യിലുണ്ടായിരുന്ന പ്രസ്താവന തൃണമൂല്‍ എം.പി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നും അശ്വിനി ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനു തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് വന്നത് യാദൃശ്ചികമല്ലെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ അശ്വിനി വൈഷ്ണവും ഉള്‍പ്പെട്ടിട്ടുണ്ട്.
മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ പിടിച്ചും എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതിനു പിന്നാലെ ആദ്യം ഉച്ചയ്ക്ക് 12 വരെയും പിന്നീട് ഉച്ചയ്ക്ക് രണ്ട് വരെയും സഭ നിര്‍ത്തിവെച്ചിരുന്നു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സഭയിലെ തര്‍ക്കങ്ങള്‍ കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."