കാട്ടാക്കട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
കാട്ടാക്കട(തിരുവനന്തപുരം) • കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പന്നിയോട് രാജീവ് നഗർ അജി ഭവനിൽ അജികുമാറിനെ(35) ആണ് ഭാര്യവീട്ടിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്നലെ പിടികൂടിയത്.
ഇയാളെ ഇന്ന് രാവിലെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും. കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ എസ്.ആർ സുരേഷ് കുമാറിനെ കഴിഞ്ഞദിവസം ഷാഡോ പൊലിസ് തിരുമലയിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു.
നേരത്തേ,പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിപ്പട്ടികയിലുള്ള ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, ഓഫിസ് അസിസ്റ്റന്റ് മിലിൻ ഡോറിച്ച് എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ മാസം 20ന് ആയിരുന്നു കൺസഷൻ പാസ് പുതുക്കാനെത്തിയ പൂവച്ചൽ പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻ പ്രേമനന് മകൾ രേഷ്മയുടെ മുന്നിൽവച്ച് കെ.എസ്.ആർ.ടി.സി ജിവനക്കാരുടെ മർദനമേറ്റത്. സംഭവം വിവാദമായതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു.
പ്രതികളെ പിടികൂടാത്തതിനെതിരേ, പ്രേമനൻ മൂഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."