ദുബൈയെ സ്‌നേഹിച്ച അറ്റ്‌ലസ്; ഈ മണ്ണില്‍ തന്നെ അന്ത്യ നിദ്രയും
അഷറഫ് ചേരാപുരം
ദുബൈ: ഒരു ബിസിനസുകാരന്റെ വളര്‍ച്ചയും തളര്‍ച്ചയും എന്താണെന്ന് നമുക്ക് ജീവിതം കൊണ്ട് കാണിച്ചു തന്ന മനുഷ്യനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. പ്രവാസിയുടെ എല്ലാ ആകുലതകളും പ്രയാസങ്ങളും നേരിട്ടറിഞ്ഞ വ്യക്തി. തന്നെ താനാക്കിയ പ്രവാസ മണ്ണില്‍ തന്നെ അന്ത്യ നിദ്രയ്‌ക്കൊരുങ്ങുകയാണ് അദ്ദേഹം.
അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് (തിങ്കളാഴ്ച ) വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്മശാനത്തില്‍ നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ ഇന്നലെ ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരന്‍ രാമപ്രസാദും മരുമകന്‍ അരുണ്‍ നായരും ആശുപത്രിയിലെത്തിയിരുന്നു.
ജയില്‍ മോചനത്തിന് ശേഷം അറ്റ്‌ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ബാധ്യതകള്‍ തീരാത്തതിനാല്‍ യുഎഇയില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാല്‍ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂര്‍ത്തീകരിക്കാനായില്ല. അവസാനം വരേ താന്‍ തിരികെവരുമെന്ന പ്രതീക്ഷയും സ്വപ്‌നവും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം മലയാളിക്ക് മറക്കാനാവില്ല.
നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്‌ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനെതുടര്‍ന്ന് 2015 ആഗസ്റ്റില്‍ അറസ്റ്റിലാവുകയായിരുന്നു. ദുബൈ കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയിലെ നടപടികള്‍ക്ക് ശേഷം 2018ലാണ് ജയില്‍ മോചിതനായത്.
തൃശ്ശൂര്‍ സെന്റതോമസ് കോളജില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് ജീവിതം തുടങ്ങുന്നത്. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ ജോലി ചെയ്യുമ്പോഴാണ് സ്വര്‍ണ്ണ കച്ചവടത്തിന്റെ സാധ്യതകളറിഞ്ഞ് എം എം രാമചന്ദ്രന്റെ ആ രംഗത്തിറങ്ങുന്നത്. അങ്ങനെയാണ് അറ്റ്‌ലസ് ജ്വല്ലറിയുടെ പിറവി.
ഗള്‍ഫ് യുദ്ധം അറ്റ്‌ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. യു.എ.ഇയില്‍ എത്തി വീണ്ടും അധ്വാനം. ഇതിനിടയ്ക്ക് സിനിമാ നിര്‍മ്മാണ മേഖലയിലും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈ പതിഞ്ഞു. വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുള്ള മനോഹരമായ സിനിമകള്‍ മലയാളിക്ക് ലഭിക്കുന്നത് രാമചന്ദ്രനിലൂടെയാണ്. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചതും വിതരണം ചെയ്തതും. കൗരവര്‍, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിതരണ രംഗത്തും എത്തി. അറബിക്കഥ ഉള്‍പ്പെടെ 14 സിനിമകളില്‍ അഭിനയിച്ച രാമചന്ദ്രന്‍ 2010 ല്‍ ഹോളിഡേയ്‌സ് എന്ന സിനിമ സംവിധാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."