യാത്രക്കാർക്ക് ആശ്വാസം ; കരിപ്പൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ എമിഗ്രേഷൻ
കൊണ്ടോട്ടി • കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ എമിഗ്രേഷൻ വിഭാഗം പ്രവർത്തനം തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങിലാണ് (എൻ.ഐ.ടി.ബി) 16 എമിഗ്രേഷൻ ഇ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചത്.
കൊവിഡിന് ശേഷം യാത്രക്കാരുടെ തിരക്ക് കൂടിയതിനാലാണ് പുതിയ കൗണ്ടറുകൾ തുടങ്ങിയത്. ഇതോടെ എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാകും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് എമിഗ്രേഷൻ വിഭാഗത്തിൻ്റെ പ്രവർത്തനം. വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് സംവിധാനം ഒരുക്കിയത്.
പാസ്പോർട്ട് റീഡ് ചെയ്യുന്നതിനുള്ള ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ. ഇന്ത്യൻ-വിദേശ പാസ്‌പോർട്ടുകളിൽ യാത്ര ചെയ്യുന്നവർ, ഇ – വിസ, അംഗപരിമിതർ, മുതിർന്ന യാത്രക്കാർ, ജീവനക്കാർ, വിദേശ നയതന്ത്രജ്ഞർ തുടങ്ങിയവർക്കായി പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും. 16 കൗണ്ടറുകൾ നിരയായാണ് സജ്ജീകരിച്ചിരിക്കുന്നത്.എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം യാത്രക്കാർക്ക് പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഒരു ഇ-ഗേറ്റ് ഘടിപ്പിച്ചിട്ടുണ്ട്. എയർപോർട്ട് ഡയരക്ടർ എസ്.സുരേഷ് പുതിയ എമിഗ്രേഷൻ ഏരിയയുടെ കമ്മിഷനിങ് നിർവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."