കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അജണ്ടകള്‍ ഏകപക്ഷീയമായി പാസാക്കി
കണ്ണൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളത്തിനിടെ അജണ്ടകള്‍ ഏകപക്ഷീയമായി പാസാക്കി. ബഹളം നിയന്ത്രണാതീതമായപ്പോള്‍ മേയര്‍ യോഗം പൂര്‍ത്തിയാക്കിയതായി അറിയിച്ച് ഇറങ്ങിപ്പോയി. മേയറുടെ നടപടിയില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് കൗണ്‍സലര്‍മാര്‍ മുദ്രാവാക്യം വിളിച്ചു നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
2016-17 വര്‍ഷത്തെ കരട് പദ്ധതിരേഖ അംഗീകാരം, വികസന സെമിനാര്‍ വിഷയ പരിഗണന, ആയിക്കര ഉപ്പാലവളപ്പിലെ മത്സ്യതൊഴിലാളികളുടെ പുനരധിവാസം എന്നിവയായിരുന്നു അജണ്ട. കോര്‍പറേഷ നില്‍ നടന്ന സാമ്പത്തിക തിരിമറിയില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ജീവനക്കാരന് അനുകൂലമായി സെക്രട്ടറി ഗവണ്‍മെന്റ് സെക്രട്ടറിക്കയച്ച റിപ്പോര്‍ട്ടിന് വിശദീകരണം തേടി പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ ചോദ്യമുന്നയിച്ചതായിരുന്നു പ്രശ്‌നത്തിന് തുടക്കം. ഏകപക്ഷീയമായാണ് മേയറുടെ നിര്‍ദേശപ്രകാരം സെക്രട്ടറി റിപ്പോര്‍ട്ടയച്ചതെന്ന് ടി.ഒ മോഹനന്‍ ആരോപിച്ചു.
ഭരണപക്ഷ കൗണ്‍സലര്‍മാര്‍ യോഗത്തിനു മുമ്പേ ചോദ്യം ഉന്നയിക്കുന്നത് തടസപ്പെടുത്തി. അജണ്ടകള്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം അവതരിപ്പിക്കാന്‍ സമയം അനുവദിക്കാമെന്നു മേയര്‍ ഇ.പി ലത പറഞ്ഞെങ്കിലും മോഹനന്‍ കൊണ്ടുവന്ന കുറിപ്പ് വായിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭരണപക്ഷ കൗണ്‍സലര്‍മാര്‍ ബഹളം വച്ച് യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു. മേയര്‍ ഇറങ്ങിപ്പോയതോടെ പ്രതിപക്ഷം സെക്രട്ടറിയുടെ കാബിനിലും ധര്‍ണ നടത്തി.
ഗവണ്‍മെന്റ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടയക്കാനുള്ള സാഹചര്യം കോര്‍പറേഷന്‍ സെക്രട്ടറി കെ. പി വിനയന്‍ കൗണ്‍സലര്‍മാരെ ധരിപ്പിച്ചു.
2016 ഫെബ്രുവരി 13നായിരുന്നു ഓഫിസില്‍ സാമ്പത്തിക തിരിമറി നടന്നത്. കോര്‍പറേഷനിലേക്ക് വന്ന 48,960 രൂപ കാഷ്യര്‍ ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയിരുന്നു. അഞ്ചുമാസത്തിനു ശേഷമാണ് ഇത് കണ്ടെത്തിയത്.
കാഷ് ബുക്ക് സമ്മറി എഴുതുന്ന ശീലം ഇതുവരെ ഉണ്ടായിരുന്നില്ലെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. സാമ്പത്തിക തിരിമറി കണ്ടെത്തിയതിന് മുമ്പായി കാഷ്യര്‍ അവധിയില്‍ പ്രവേശിച്ചുവെന്നു ബോധ്യമായതിനെ തുടര്‍ന്ന് അയാളെ സസ്‌പെന്റു ചെയതതായും സെക്രട്ടറി പറഞ്ഞു.
എന്നാല്‍ ഗവ. സെക്രട്ടറിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പണം അടക്കാന്‍ മറന്നുപോയതാണെന്നും പുതുതായി വന്ന കാഷ്യര്‍ മേശ വൃത്തിയാക്കുമ്പോള്‍ പണമടങ്ങിയ പൊതി കണ്ടെത്തി ബാങ്കില്‍ അടച്ചെന്നും കാണിച്ചായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.
അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചതോടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."