'പുറത്തു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം പച്ചക്കള്ളം; പാകിസ്താന്‍ വിസ നിഷേധിച്ചിട്ടില്ല' ശിഹാബ് ചോട്ടൂര്‍
പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് പാകിസ്താന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും വ്യക്തമാക്കി ശിഹാബ് ചോട്ടൂര്‍ തന്നെ രംഗത്തു വന്നു. തന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ശിഹാബ് ഇക്കാര്യം പുറത്തു വിട്ടത്.
മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടും ഇല്ല. പുറത്തു പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പറയുകയാണ്. പഞ്ചാബ് ഷാഹി ഇമാമിന്റെ വാക്കുകള്‍ വെച്ചാണ് ഈ പ്രചാരണം. എന്നാല്‍ അദ്ദേഹം പറയുന്നത് മനസ്സിലാക്കുക പോലും ചെയ്യാതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പടച്ചു വിടുന്നവരോട് ബാങ്കു കൊടുക്കുമ്പോള്‍ ഓരിയിടുന്ന കുറുക്കന്‍മാരുടേയും പട്ടികളുടേയും സ്ഥാനമേ അവര്‍ക്ക് എന്റെ മനസ്സില്‍ ഉള്ളൂ. 3200 കിലോമീറ്റര്‍ അതായത് യാത്രയുടെ 35 /40 ശതമാനം ഇതുവരെ പിന്നിട്ടു കഴിഞ്ഞു. തിരക്കു പിടിച്ച് പോവേണ്ട ആവശ്യവുമില്ല- പുറത്തു വിട്ട വീഡിയോയില്‍ ശിഹാബ് പറയുന്നു.
അറിയാത്ത് കാര്യങ്ങള്‍ അല്ലാഹുവെ ഓര്‍ത്ത് പറയരുതെന്നും വീഡിയോകള്‍ ചെയ്യുന്ന യുട്യൂബറിനോട് ശിഹാബ് ആവശ്യപ്പെടുന്നു. പേരെടുത്ത് പറഞ്ഞാണ് ശിഹാബ് ആവശ്യം ഉന്നയിക്കുന്നത്. തന്നെ കുറിച്ച് നല്ലത് പറയേണ്ട ആവശ്യവുമില്ല. ഉള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. തന്നോടൊപ്പം ഒരു യുട്യൂബറും വന്നിട്ടില്ലെന്നും ശിഹാബ് ആവര്‍ത്തിക്കുന്നു. മരണത്തിനല്ലാതെ അല്ലാഹുവിന്റെ തീരുമാനത്തിനല്ലാതെ തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
തന്റെ യാത്ര സംബന്ധിച്ച് ഒഫീഷ്യലായി പുറത്ത് വിടാന്‍ കഴിയുന്ന കാര്യങ്ങളും പുറത്തു വിടാന്‍ കഴിയാത്ത കാര്യങ്ങളും ഉണ്ടെന്ന് ശിഹാബ് വ്യക്തമാക്കുന്നു. പാകിസ്താന്‍ വിസ നിഷേധിച്ചിട്ടില്ല. കാറ്റഗറിയില്‍ വന്ന പ്രശ്‌നമാണ്. സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയാല്‍ വിസ ലഭ്യമാകും. അനുവദിച്ചിട്ടുള്ളത് ടൂറിസ്റ്റ് വിസയാണ്. തനിക്ക് വേണ്ടത് ട്രാന്‍സിറ്റ് വിസയാണ്. വിസ നിഷേധിച്ചതല്ല. ഡോക്യുമെന്റേഷന്‍ വേണമെന്ന് പറഞ്ഞ വിസ ട്രാന്‍സിറ്റ് വിസയാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എം.ഇ.എ മിനിസ്റ്ററുടെ ഒരു പേപ്പര്‍ കിട്ടാനുണ്ട്. അത് കിട്ടിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കും. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് തനിക്ക് നല്ല പിന്തുണ ഉണ്ടെന്നും ശിഹാബ് വ്യക്തമാക്കി.
പാകിസ്താനില്‍ ധാരാളം ആളുകള്‍ തന്നെ കാണാനായി കാത്തു നില്‍ക്കുകയാണ്. ഇറാനും ഇറാഖും മൂന്നുമാസത്തെ വിസ ഒരു വര്‍ഷമാക്കി തന്നിട്ടുണ്ട്. സഊദിയും ഇതു തന്നെ നല്‍കിയിട്ടുണ്ട്. നടന്നു കൊണ്ട് ഹജ്ജിന് പോവാനുള്ള വിസയും സഊദി അനുവദിച്ചിട്ടുണ്ട്.
പാകിസ്താന്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. എന്നാല്‍ തനിക്ക് വേണ്ടത് ട്രാന്‍സിറ്റ് വിസയാണ്. അതിനാണ് കാത്തു നില്‍ക്കുന്നത്. ഇന്ത്യന്‍ അധികാരികളുടെ രേഖ കിട്ടിയാല്‍ അത് ശരിയാവുമെന്നും ശിഹാബ് ആവര്‍ത്തിച്ചു.
[video width="640" height="368" mp4="https://suprabhaatham.com/wp-content/uploads/2022/10/WhatsApp-Video-2022-10-05-at-11.10.55-AM.mp4"][/video]
നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്മാനി വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്‍ വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടത്. ഡല്‍ഹിയിലെ പാക് എംബസി ശിഹാബിനെ ചതിക്കുകയായിരുന്നു. നേരത്തെ വിസ നല്‍കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതാണ്. യാത്ര തുടരാനും അതിര്‍ത്തി എത്തുമ്പോള്‍ വിസ നല്‍കാമെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. നേരത്തെ നല്‍കിയാല്‍ വിസാ കാലാവധി കഴിയാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. മൂവായിരം കിലോ മീറ്റര്‍ നടന്ന് അദ്ദേഹം അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പതിവു പാകിസ്താന്‍ വിസ നിഷേധിച്ചിരിക്കുന്നു ഇമാം ചൂണ്ടിക്കാട്ടി. ചൈന വഴി പോകാനുള്ള സൗകര്യമൊരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം ചൂണ്ടിക്കാട്ട് മെയില്‍ ചെയ്തിട്ടുണ്ടെന്നും ഇമാം പറഞ്ഞു
കഴിഞ്ഞ ജൂണിലാണ് മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് കാല്‍ നടയായി ഹജ്ജിന് പുറപ്പെടുന്നത്. കുട്ടിക്കാലം മുതലുള്ള ശിഹാബിന്റെ ആഗ്രഹമായിരുന്നു നടന്നുപോയി ഹജ്ജ് ചെയ്യുക എന്നത്. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പടച്ചോന്റെ കൃപയുണ്ടെങ്കില്‍ യാത്ര വിജയിക്കുമെന്ന് ശിഹാബ് മറുപടി നല്‍കി. ഉമ്മ സൈനബയും ഭാര്യ ഷബ്‌നയും ശിഹാബിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഒന്‍പത് മാസത്തെ ആലോചനയിലൂടെയാണ് യാത്ര ആസൂത്രണം ചെയ്തത്.
8640 കിലോമീറ്റര്‍ ദൂരമാണ് ശിഹാബിന് താണ്ടേണ്ടത്. ഇതില്‍ മൂവായിരത്തിലേറെ കിലോമീറ്റര്‍ ദൂരം താണ്ടിക്കഴിഞ്ഞു.
വാഗാ അതിര്‍ത്തി വഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സഊദിയിലേക്ക് പ്രവേശിക്കാനാണ് പദ്ധതി. ഒരു വര്‍ഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സൗദിയില്‍ ചെന്നശേഷം 2023ലെ ഹജ്ജിന് അപേക്ഷിക്കും.
പ്ലസ്ടു, അക്കൗണ്ടന്‍സി കോഴ്‌സുകള്‍ കഴിഞ്ഞശേഷം സഊദിയില്‍ ആറു വര്‍ഷം ജോലി ചെയ്ത ശിഹാബ് അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സഊദിയില്‍നിന്ന് വന്നശേഷം നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി.പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ കൂട്ട്. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റുമാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."