പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം: മുസ്‌ലിം സംഘടനാ നേതൃയോഗം
കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി തയാറാക്കിയ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കോഴിക്കോട്ട് സമസ്ത സംവരണ സമിതി വിളിച്ചു ചേര്‍ത്ത വിവിധ മുസ്‌ലിം മത, വിദ്യാഭ്യാസ, സാംസ്‌കാരിക സംഘടനകളുടെ നേതൃയോഗം അഭിപ്രായപ്പെട്ടു. സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമാന മനസ്‌കരായ സംഘടനകളും കൂട്ടായ്മകളുമായി സഹകരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി അവകാശ പത്രിക തയാറാക്കി സര്‍ക്കാരിന് നല്‍കും. അവകാശ പത്രിക തയാറാക്കുന്നതിനും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കണ്‍വിനറായി വിവിധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കി.
സമിതിയുടെ യോഗം 28ന് ബുധനാഴ്ച കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത സംവരണ സമിതി ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. ഫസല്‍ ഗഫൂര്‍, എം.ഐ അബ്ദുല്‍ അസീസ്, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഐ.പി അബ്ദുസ്സലാം, എന്‍ജിനീയര്‍ മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂര്‍, സി.ടി സക്കീര്‍ ഹുസൈന്‍, നാസര്‍ ഫൈസി കൂടത്തായി, മുജീബ് ഒട്ടുമ്മല്‍, ഡോ. പി.ടി സെയ്തുമുഹമ്മദ്, ഇ.പി അശ്‌റഫ് ബാഖവി, ഹാശിം ബാഫഖി തങ്ങള്‍, സി.എം.എ ഗഫാര്‍ മാസ്റ്റര്‍, പി. അബൂബക്കര്‍, കെ.പി അബ്ദുസ്സലാം ബദരി, കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, നസീര്‍ ഹുസൈന്‍, മുഹമ്മദ് നൂറുദ്ദീന്‍, പി. സൈനുല്‍ ആബിദ്, സി. ദാവൂദ്, സി.പി ഇഖ്ബാല്‍, ശഫീഖ് പന്നൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ച ക്രോഡീകരിച്ചു. സമസ്ത സംവരണ സമിതി കണ്‍വിനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."