'കരിപ്പൂരില്‍ വിമാനം തകര്‍ന്നു!'
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാനടപടികളുടെ ഭാഗമായി മോക്ഡ്രില്‍ നടത്തി. വിമാനത്താവളത്തില്‍ അപകടം നടന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാനടപടികള്‍ വിലയിരുത്തുന്നതിനായാണു കരിപ്പൂരില്‍ മോക്ഡ്രില്‍ നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന ഫയര്‍ഫോഴ്‌സും സംയുക്തമായിട്ടായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. റണ്‍വേയില്‍ നിന്നു പുറപ്പെടുന്നതിനിടെ തകര്‍ന്ന വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുന്നതായിരുന്നു മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണു പുറപ്പെടുന്നതിനിടെ അപകടത്തില്‍പ്പെടുന്നത്. 20 പേരാണ് അപകട സമയത്തു വിമാനത്തിലുണ്ടായിരുന്നു. സി.ഐ.എസ്.എഫിലെയും ഖത്തര്‍ എയര്‍വേയ്‌സിലെയും ജീവനക്കാരായിരുന്നു യാത്രക്കാരായി മോക്ഡ്രില്ലിലുണ്ടായിരുന്നത്. ഇവരെ മിനിറ്റുകള്‍ക്കകം എയര്‍പോര്‍്ട്ട് അതോറിറ്റിയുടെ അഗ്‌നിശമനസേനയും മലപ്പുറത്തു നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നു പുറത്തെത്തിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 4.30നു മോക്ഡ്രില്‍ സമാപിച്ചു.സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും മോക്ഡ്രില്‍ നടത്തണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡി.ജി.സി.എ) നിര്‍ദേശത്തെത്തുടര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."