എയ്ൽസ് ബിയലിയത്സ്‌കിക്കും റഷ്യൻ, ഉക്രൈൻ സംഘടനകൾക്കും സമാധാന നൊബേൽ
ഒസ്‌ലോ • ജയിലിലടയ്ക്കപ്പെട്ട ആക്ടിവിസ്റ്റ് എയ്ൽസ് ബിയലിയത്സ്‌കിക്കും റഷ്യൻ സംഘടനയായ മെമ്മോറിയലിനും ഉക്രൈൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർട്ടീസിനും സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം.
ബെലാറസിലെ രാഷ്ട്രീയ തടവുകാരനാണ് എയ്ൽസ് ബിയലിയത്സ്‌കി.
അദ്ദേഹത്തിനുള്ള പുരസ്‌കാരം എല്ലാ രാഷ്ടീയ തടവുകാർക്കും കൂടിയുള്ളതാണെന്ന് ബെലാറസ് പ്രതിപക്ഷ നേതാവ് പവേൽ ലാതുഷ്‌കോ പറഞ്ഞു. നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
അതതു രാജ്യങ്ങളിൽ ഇവർ നടത്തിയ മനുഷ്യാവകാശം, ജനാധിപത്യം, സമാധാനം എന്നീ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.
ബെലാറസ്, റഷ്യ, ഉക്രൈൻ എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തവണ സമാധാനത്തിനുള്ള പുരസ്‌കാരം എത്തിയത്. എയ്ൽസ് ബിയലിയത്സ്‌കിയെ തടവിൽനിന്ന് മോചിപ്പിക്കണമെന്നും പുരസ്‌കാര സമിതി അധ്യക്ഷൻ ബെറിട് റെയ്‌സ് ആൻഡേഴ്‌സൺ പറഞ്ഞു.
കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രചോദനമാണ് പുരസ്‌കാരമെന്ന് മെമ്മോറിയൽ ഇന്റർനാഷനൽ പ്രസ്താവനയിൽ പറഞ്ഞു.
വർഷങ്ങളായി തങ്ങളുടെ പ്രവർത്തനം നിശബ്ദമായി നടക്കുകയായിരുന്നുവെന്നു സെന്റർ ഫോർ സിവിൽ ലിബർട്ടീസ് പ്രതിനിധി വ്‌ളോദ്മിർ യവോഴ്‌സ്‌കി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."