ആത്മധൈര്യത്തിന്റെ പേരാണ് ഷഹാന; അര്‍ബുദം തളര്‍ത്തിയിട്ടും എ പ്ലസ് നിറവില്‍
കെ.എം.എ റഹ്മാന്‍'
കുന്ദമംഗലം: രോഗം തളര്‍ത്തിയിട്ടും ആത്മധൈര്യം വീണ്ടെടുത്ത് പ്ലസ്ടു പരീക്ഷ എഴുതി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഫാത്വിമ ഷഹാന വീണ്ടും ചരിത്രമെഴുതി.
മലപ്പുറം തെന്നല കളത്തിങ്ങല്‍ ഫാത്വിമ ഷഹാനയാണ് പ്ലസ് ടു സയന്‍സ് ഗ്രൂപ്പില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
മലപ്പുറം എടരിക്കോട് പി.കെ.എം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഷഹാന ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിലാണ് മാസങ്ങളായി ചികിത്സ നടത്തുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ മിടുക്കിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഷഹാനക്കായി അണുവിമുക്തമാക്കിയ ലൈബ്രറി റൂമില്‍ പരീക്ഷ എഴുതിയാണ് ഉയര്‍ന്ന വിജയം നേടിയത്.
2018 ഡിസംബര്‍ 25ന് പനി വന്നപ്പോള്‍ വീടിനു തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഷഹാനയെ കാണിക്കുകയായിരുന്നു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ആഴ്ചയില്‍ നാല് കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങിയതോടെ ആകെ ക്ഷീണിച്ച ഷഹാനയുടെ ആരോഗ്യ സ്ഥിതി മനസിലാക്കി രണ്ടുവര്‍ഷം മുമ്പ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍മാരും ബന്ധുക്കളും ഉപദേശിച്ചിരുന്നു. എന്നാല്‍ ഷഹാനയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഇവര്‍ പിന്‍മാറി. സ്‌കൂളിലെ അധ്യാപകര്‍ ഷഹാനയ്ക്ക് പ്രത്യേകമായി ക്ലാസെടുത്തതും പ്രതീക്ഷ വര്‍ധിപ്പിച്ചു. ഫലം വന്നപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഷഹാന മിന്നുംജയം ആവര്‍ത്തിച്ചു.
ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് വിതരണക്കാരനായ പിതാവിനും സദാസമയവും കൂടെയുള്ള മാതാവിനും ഏറെ ആശ്വാസമായി വിജയമെത്തിയെങ്കിലും മകള്‍ക്ക് വേഗത്തില്‍ രോഗമുക്തിയും ഉണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."