'മൂത്ത മകനെ പഠിപ്പിച്ച് അധ്യാപകനാക്കി, ഇളയവനെ എഞ്ചിനീയറാക്കി; ഒരാശ കൂടി ബാക്കിയുണ്ടായിരുന്നു പത്മത്തിന്....
ഇലന്തൂര്‍: എല്ലു മുറിയോളം പണിയെടുത്തു. മക്കളെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥരാക്കി. മൂത്തയാള്‍ അധ്യാപകന്‍. ഇളയവന്‍ എഞ്ചിനീയര്‍. ഇലന്തൂര്‍ നരബലിക്കിരയായ പത്മം എന്ന തമിഴ്‌നാട്ടുകാരിയുടെ കഥയാണിത്. ഇളയ മകന്‍ സെല്‍വരാജിന്റെ കല്യാണം എന്ന ഒരു ആശ കൂടി ബാക്കിയുണ്ടായിരുന്നു അവര്‍ക്ക്.
കാണാതാവുന്നതിന് മുമ്പ് സെല്‍വരാജിനോട് പത്മം ഇതേ പറ്റി സംസാരിച്ചിരുന്നു. ടിസിഎസില്‍ എഞ്ചിനീയറാണ് സെല്‍വരാജ്. ഏഴ് മാസം മുമ്പാണ് സെല്‍വരാജിന് ജോലി ലഭിച്ചത്.
പത്മത്തിന്റെ മൂത്തമകന്‍ സേട്ടു തമിഴ്‌നാട്ടിലെ ധര്‍മപുരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ അധ്യാപകനായി ചേരേണ്ട ദിവസമായിരുന്നു ചൊവ്വാഴ്ച. അതിനുള്ള തയാറെടുപ്പിനിടയിലാണ് അമ്മയുടെ മരണ വാര്‍ത്ത അവരെ തേടിയെത്തിയത്. നേരത്തെ സ്‌കൂള്‍ അധ്യാപകനായിരുന്ന സേട്ടുവിന് പോളിടെക്‌നിക്കല്‍ ഫിസിക്‌സ് അധ്യാപകനായാണ് നിയമനം ലഭിച്ചത്.
പത്മത്തിന്റെ മകന്‍ സെല്‍വരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണന്‍, രാമു, മുനിയപ്പന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാലും പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇഉക്കാര്യം ഉറപ്പിക്കേണ്ടതുണ്ട്. അതിനു ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറൂ.
മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത് കണ്ട് ഇളയ മകന്‍ സെല്‍വരാജ് ബോധരഹിതനായി. ആറ് പവന്‍ സ്വര്‍ണം പത്മത്തിന്റെ കൈവശം ഉണ്ടായിരുന്നു. പത്മത്തിനെ പ്രതികള്‍ ചതിയില്‍പ്പെടുത്തിയതാണെന്ന് സഹോദരി പളനിയമ്മ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലിസില്‍ മകള്‍ പരാതി നല്‍കി. സെപ്തംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിലെക്ക് പൊലിസിനെ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."