പുതിയ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം, യോഗ്യതയില്ലാത്തവരുടെ എം.ടി.ഐ നിയമനം ആഭ്യന്തര സെക്രട്ടറിയും പി.എസ്.സിയും തടഞ്ഞു
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: പൊലിസിലെ സാങ്കേതിക വിഭാഗങ്ങളില്‍ യോഗ്യതയില്ലാത്തവര്‍ക്ക് പുതിയ തസ്തിക നൃഷ്ടിച്ച് അനധികൃത നിയമനം. ആഭ്യന്തര സെക്രട്ടറിയും പി.എസ്.സിയും നിയമന ശുപാര്‍ശ തള്ളിയപ്പോഴാണ് പുതിയ തസ്തിക തന്നെ സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയത്.
പൊലിസിലെ മോട്ടോര്‍ വാഹന വിഭാഗത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ (എം.ടി.ഐ) തസ്തിക നിലനില്‍ക്കേയാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ചത്. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എന്നിവയില്‍ ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമ, അംഗീകൃത വര്‍ക്ക് ഷോപ്പിലെ പ്രവൃത്തി പരിചയം എന്നിവ വേണമെന്നാണ് എം.ടി.ഐ യോഗ്യതാ മാനദണ്ഡം. എന്നാല്‍ കേവലം ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള 11 എസ്.ഐ ഡ്രൈവര്‍മാരെയും എട്ട് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരെയും എം.ടി.ഐമാരാക്കാനുള്ള ശുപാര്‍ശ പി.എസ്.സിയും ആഭ്യന്തര സെക്രട്ടറിയും തള്ളി. ഇത് മറികടക്കാനാണ് പുതിയ തസ്തിക സൃഷ്ടിച്ച് ഇവര്‍ക്ക് നിയമനം നല്‍കിയത്.
പൊലിസ് വകുപ്പില്‍ 45 മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍(എം.ടി.എസ്.ഐ) 19 മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ (എം.ടി.ഐ) തസ്തികകളാണുള്ളത്. ഇവര്‍ക്ക് വാഹനങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയുടെ മേല്‍നോട്ടച്ചുമതലയാണുള്ളത്. എന്നാല്‍ വാഹനം ഓടിച്ചുമാത്രം പരിചയമുള്ള ഡ്രൈവര്‍ എസ്.ഐമാരെ സ്ഥാനക്കയറ്റം നല്‍കി ഈ തസ്തികകളിലേക്ക് നിയമിച്ചത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പൊലിസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇവരില്‍ പലരും നിയമനം ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഡ്രൈവര്‍ തസ്തികയില്‍ സേനയിലെത്തി ഇന്‍സ്‌പെക്ടര്‍ ഗ്രേഡിന് തുല്യമായ ആനുകൂല്യം നേടാന്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകളോടെ നിയമനം തരപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."