മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ
സി.കെ അബ്ദുൽ അസീസ്
ബഹുജൻ സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ ഡാനിഷ് അലിക്കെതിരേ ബി.ജെ.പി അംഗം രമേശ് ബിദൂരി രാഷ്ട്രീയമാന്യതക്ക് നിരക്കാത്ത അധിക്ഷേപങ്ങൾ ചൊരിഞ്ഞത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 'ദ ഹിന്ദു' പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തക്കൊപ്പം ബി.ജെ.പിയുടെ മുതിർന്ന നേതാവ് രവിശങ്കർപ്രസാദ് ഇൗ അധിക്ഷേപങ്ങളിൽ മതിമറന്ന് ആഹ്ലാദിക്കുന്നതിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. ഡാനിഷ് അലിക്കെതിരേ ബി.ജെ.പി അംഗം ഉന്നയിച്ച അധിക്ഷേപം അതിരുകടന്നതാണ്.
മുസ്‌ലിം തീവ്രവാദത്തിന്റെ കൂട്ടിക്കൊടുപ്പുകാരൻ എന്ന പദപ്രയോഗമാണദ്ദേഹം നടത്തിയത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെക്കാൾ നിന്ദ്യമായ അധിക്ഷേപം ബി.ജെ.പി നേതാക്കൾ ഇതിനുമുമ്പും മുസ്‌ലിംകൾക്കെതിരേ ഉന്നയിച്ചിട്ടുണ്ട്. പാർലമെന്റിൽ ഇത്തരമൊരു അധിക്ഷേപം ഉന്നയിക്കുമ്പോൾ ഒപ്പമിരിക്കുന്ന ബി.ജെ.പി നേതാക്കളിൽ ചിലർ പരസ്യമായി തന്നെ ആഹ്ലാദം പ്രകടിപ്പിക്കുകയും മറ്റുള്ളവർ 'മൗനം സമ്മതം' എന്ന മട്ടിൽ അധിക്ഷേപമുന്നയിച്ച അംഗത്തിന് പിന്തുണ നൽകുകയും ചെയ്യുന്നതാണ് കണ്ടത്. പ്രസ്തുത പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാക്കൾ ഇക്കാര്യത്തിൽ ഔപചാരികമായി ഖേദപ്രകടനം നടത്തിയിട്ടുണ്ട് എന്നതൊക്കെ ശരിതന്നെ.
എന്നാൽ, അധിക്ഷേപമുന്നയിച്ച അംഗത്തിനെതിരേ കടുത്ത നടപടിയൊന്നും സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാവില്ല. ഇതിന്റെ പേരിൽ പാർലമെന്റിലോ പുറത്തോ ഒരു ഭൂകമ്പവും ഉണ്ടാവാനുമിടയില്ല.
ബി.ജെ.പി ഭരിക്കുന്ന ഇന്ത്യാ രാജ്യത്ത് ഇതല്ല, ഇതിലപ്പുറവും സംഭവിക്കുമെന്ന ഒരു സാമാന്യത്തിന്റെയുള്ളിൽ ഒതുക്കാവുന്നതല്ല ഈ പ്രശ്‌നം. അതിനേക്കാൾ ഗുരുതരവും ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തെ ആഴത്തിൽ ബാധിച്ചിട്ടുള്ളതുമായ പ്രശ്‌നമാണ് ബി.ജെ.പി നേതാവിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിലും അതിൽ ആനന്ദനിർവൃതിയടയുന്നവരുടെയും അതിനോട് രാജിയാവുന്നവരുടെയു ശരീരഭാഷയും പ്രതിഫലിപ്പിക്കപ്പെടുന്നത്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ സാംസ്‌കാരികാടിത്തറ മതസഹിഷ്ണുതയിലാണ് ഉറപ്പിച്ചു നിർത്തിയിട്ടുള്ളത്.
ഇത് പ്രസംഗപീഠങ്ങളിലും പൊതുസദസുകളിലും നടത്തുന്ന സംസാരങ്ങളിലൂടെയല്ല യഥാർഥത്തിൽ വ്യവഹരിക്കപ്പെടുന്നത്. വ്യത്യസ്ത ജാതി-മതവിഭാഗങ്ങളിലായി സാമൂഹികജീവിതം നയിക്കുന്ന വ്യക്തികൾക്കിടയിൽ അന്യോന്യമുണ്ടാകേണ്ട സഹിഷ്ണുതാ മനോഭാവത്തിലൂടെയാണ്, അഥവാ, ഇൗ സഹിഷ്ണുതാ മനോഭാവവും സാഹോദര്യവിചാരവും ഉൽപാദിപ്പിക്കുന്ന മൂല്യങ്ങളുടെ ആകത്തുകയാണ് മതസഹിഷ്ണുതയെന്ന ആശയത്തിൽ ഉള്ളടങ്ങിയിട്ടുള്ളത്. ഈ മനോഭാവത്തെയാണ് രാഷ്ട്രീയസ്ഥാപനങ്ങൾ വ്യവസ്ഥാപിതമാക്കുന്നത്.
സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ ഇത്തരത്തിലൊരു മനോഭാവത്തെ രാഷ്ട്രീയ മര്യാദയായും മാന്യതയായും വീക്ഷിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം പ്രകടമായിട്ടെങ്കിലും നിലനിന്നുപോന്നിരുന്നു. തീർച്ചയായും, ഈ പ്രകടനപരതയുടെ അടിത്തട്ടിൽ വിവേചനങ്ങളുടെയും വിദ്വേഷത്തിന്റെയും മറ്റൊരു തലം പ്രവർത്തനക്ഷമമായിരുന്നുവെന്നത് യാഥാർഥ്യമാണ്. എന്നിരുന്നാലും രാഷ്ട്രീയമര്യാദ എന്ന ഒന്നുണ്ടെന്ന് രാഷ്ട്രീയ നേതാക്കൾക്കെങ്കിലും ബോധ്യമുണ്ടായിരുന്ന സ്ഥിതിവിശേഷം ഇന്ത്യാ രാജ്യത്ത് നിലനിന്നിരുന്നു. അതുകൊണ്ടാണ് വർഗീയ കലാപങ്ങളുണ്ടാക്കുന്നവർക്കും അവരുടെ ഭാഷാപ്രയോഗങ്ങൾക്കും ഇന്ത്യൻ ജനത മാന്യത നൽകാതിരുന്നത്. കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ ഈ അവസ്ഥയിലുണ്ടായ പരിണാമത്തിന്റെ വിധ്വംസക സ്വഭാവം എത്ര ഭയാനകമാണെന്ന് കഴിഞ്ഞവർഷം ഹരിദ്വാറിൽനിന്ന് മുഴങ്ങിയ കൊലവിളികളിലൂടെ രാജ്യത്തിന് ബോധ്യപ്പെട്ടതാണ്. ഈ കൊലവിളിയുടെ പ്രതിധ്വനി തന്നെയാണ് പാർലമെന്റിൽ ഇന്നലെ മുഴങ്ങിക്കേട്ടത്.
മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല. ഭൂരിപക്ഷ വോട്ടുകൾക്കുവേണ്ടി രാഷ്ട്രീയപാർട്ടികൾക്കിടയിൽ ഉണ്ടാവുന്ന കിടമത്സരങ്ങളിൽ ഭൂരിപക്ഷസാമുദായിക പ്രീണനത്തിന്റെ ഭാഗമായി, പ്രാദേശികതലത്തിലും ദേശീയതലത്തിൽ തന്നെയും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ മൃദുലവും തീവ്രവുമായ പതിപ്പുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിൽനിന്ന് വ്യത്യസ്തമാണ് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട മുസ്‌ലിംവിരുദ്ധ രാഷ്ട്രീയം.
നവലിബറൽ കാലഘട്ടത്തിൽ ആഗോളതലത്തിൽ ഉയർന്നുവന്ന വലതുപക്ഷ പോപ്പുലിസത്തിന്റെ ഇന്ത്യൻ പതിപ്പാണിത്. ഇന്ത്യൻ രാഷ്ട്രീയാധികാരത്തിൽ മുസ്‌ലിംകൾക്ക് ഒരു അവകാശവുമില്ലെന്നും മുസ്‌ലിംകൾ വെറുക്കപ്പെടേണ്ടവരും തിരസ്‌ക്കരിക്കപ്പെടേണ്ടവരുമാണെന്ന രാഷ്ട്രീയപ്രത്യേയത്തെ സാധാരണ ഹിന്ദുക്കളുടെ ബോധമണ്ഡലത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് വളരെ വിദഗ്ധമായി ആ പാർട്ടി നടപ്പാക്കാൻ ശ്രമിക്കുന്നത്.
മുസ്‌ലിം വിരോധത്തെ രാഷ്ട്രീയ സദാചാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന്റെ പ്രത്യക്ഷ രൂപം മാത്രമാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ കണ്ടത്. അതിന്റെ കാണാപ്പുറങ്ങളെക്കുറിച്ചാണ് നാം കൂടുതൽ ജാഗ്രത്താവേണ്ടത്.
Content Highlights:Manifestations of anti-Muslim politics
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."