HOME
DETAILS

ഇടതും വലതുംകോൺഗ്രസ് വിരോധവും

  
backup
September 26 2023 | 17:09 PM

both-left-and-right-are-anti-congress

എ.പി.കുഞ്ഞാമു

ഇന്ത്യക്കാരെക്കുറിച്ച് ഒട്ടും മതിപ്പില്ലായിരുന്നു ബ്രിട്ടിഷ്‌ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്. അതുകൊണ്ടുതന്നെയായിരിക്കണം ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിന് തീർത്തും എതിരായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടി മുപ്പത് കൊല്ലത്തിനുള്ളിൽ ഇന്ത്യ വൈക്കോൽ മനുഷ്യരുടെ കൈകളിൽ എത്തിച്ചേരുമെന്നായിരുന്നു ചർച്ചിലിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ ചില രാഷ്ട്രീയകക്ഷികളുടെ നിലപാടുകളും അവ പൊതുമണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ആഘാത-പ്രത്യാഘാതങ്ങളും കണ്ടുനിൽക്കുമ്പോൾ ചർച്ചിൽ എത്ര ശരി എന്ന് ബോധ്യപ്പെടുകതന്നെ ചെയ്യും.


കേരളത്തിൽ ഇടതുമുന്നണി രണ്ടുപാർട്ടികളുടെ നിലപാടുകൾകൊണ്ട് ഏറ്റവുമധികം പ്രയാസങ്ങൾ നേരിടുകയാണ്. രണ്ടും ദേശീയപ്പാർട്ടികൾ, രണ്ടും ഇടതുമുന്നണിയുടെ പ്രത്യയശാസ്ത്ര ധാരകളോട് ചേർന്നുനിൽക്കുന്നവർ. ദീർഘകാലമായി മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നു എന്ന് അഭിമാനിക്കുന്നവർ. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇടതു പ്രതിച്ഛായ നിലനിർത്തുന്ന കാര്യത്തിൽ ഒട്ടും പ്രയാസമില്ലാത്ത ജനതാദൾ-എസും എൻ.സി.പിയുമാണ് ദേശീയതലത്തിൽ പാർട്ടി നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടങ്ങൾ വഴി ഊരാക്കുടുക്കിലകപ്പെട്ടിരിക്കുന്നത്. ഇടതുമുന്നണിക്കാണെങ്കിൽ രണ്ടുപാർട്ടികളെയും കയ്ച്ചിട്ടിറക്കാൻ വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ.


ജനതാദൾ എസ്സിന്റെ കാര്യം നോക്കുക. ഇടതുമുന്നണിയിലെ ഘടകകക്ഷി. കലർപ്പറ്റ മതേതരവാദികൾ. എസ് എന്ന അക്ഷരം വികസിപ്പിച്ചാൽ കിട്ടുന്ന സെക്കുലർ എന്ന പൂർണരൂപത്തിൽ തന്നെയുണ്ട് പാർട്ടിയുടെ 916 പരിശുദ്ധി. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തോട് മാത്രമല്ല കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തോടുപോലും രാജിയാവാൻ തയാറല്ല ഈ പാർട്ടി. ഇടതുപക്ഷത്തിന് ഒരിക്കലും ഒരു ബാധ്യതയുമുണ്ടാക്കുന്നില്ല ജനതാദൾ - എസ്. അതുകൊണ്ട് സഖാക്കൾ കഷ്ടപ്പെട്ട് അധ്വാനിച്ച് ഈ മതേതര സോഷ്യലിസ്റ്റ് ഗ്രൂപ്പിനെ ജയിപ്പിക്കുന്നു. അവർക്ക് എം.എൽ.എമാരെയും മന്ത്രിമാരെയും ഉണ്ടാക്കിക്കൊടുക്കുന്നു. എന്നിട്ടോ, ഈ പാർട്ടിയാണ് ഇപ്പോൾ ബി.ജെ.പി മുന്നണിയിലേക്ക് ചേക്കേറുന്നത്.

ജനതാദൾ - എസ് എൻ.ഡി.എയിൽ ചേരുന്നതിന് ഒന്നേയുള്ളു കാരണം. പാർട്ടിക്ക് അൽപമെങ്കിലും ജനകീയാടിത്തറയുള്ളത് കർണാടകയിലാണ്. അവിടെ തഞ്ചവും തരവും പോലെ മാറി മാറിക്കളിച്ചാണ് ദേവഗൗഡയും കുടുംബവും ജനതാരാഷ്ട്രീയം കൊണ്ടുനടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ കർണാടക സംസ്ഥാനം നേരിട്ടത് വ്യത്യസ്തമായ രാഷ്ട്രീയ തിരിച്ചറിവോടെയാണ്. ആ തിരിച്ചറിവ് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുകയും ജനതാദളിനെ അപ്രസക്തമാക്കുകയും ചെയ്തു. ഈ അവസ്ഥയിൽ പിടിച്ചുനിൽക്കാനുള്ള ഒരേയൊരു വഴി എന്ന നിലയിലാണ് കുമാരസ്വാമി എൻ.ഡി.എയിൽ അഭയം തേടുന്നത്.

കേരളത്തിലെ പാർട്ടിഘടകത്തെയും ഇടതുമുന്നണിയെയും ഇത് അങ്കലാപ്പിലാക്കുന്നു.
ആഴത്തിലാലോചിച്ചാൽ ഇതേ പ്രശ്നം തന്നെയാണ് ഇടതുമുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ എൻ.സി.പിയും അഭിമുഖീകരിക്കുന്നത്. ദേശീയപ്പാർട്ടിയെന്നൊക്കെ പറയുമെങ്കിലും മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക കക്ഷിയാണ് ഫലത്തിൽ എൻ.സി.പി. ശരത് പവാറിൻ്റെ രാഷ്ട്രീയ- സാമ്പത്തികലക്ഷ്യങ്ങളിൽ കേന്ദ്രീകരിച്ചു നിൽക്കുന്നു ഈ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നിലപാടുകളുമെല്ലാം.

കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ചില ട്രപ്പീസഭ്യാസങ്ങളിൽ ഒരിടത്തുനിന്ന് പിടിവിട്ടുപോയ ചിലർ മുൻപിൻ നോക്കാതെ കയറിപ്പിടിച്ച അഭയസ്ഥാനം എന്ന നിലയിൽ മാത്രമേ കേരളത്തിൽ ഈ പാർട്ടിക്ക് നിലനിൽപ്പുള്ളു. എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനമുറപ്പിക്കാൻ പാടുപെടുന്നതും തോമസ് കെ. തോമസ് മന്ത്രിസ്ഥാനത്തെത്താൻ ശ്രമിക്കുന്നതും ഈ നിലനിൽപ്പിനെ ന്യായീകരിക്കുന്ന രണ്ട് അവസ്ഥകളാണ്. ഇതും ഒരു ഇടതുകക്ഷി എന്നു പറയാമെന്നു മാത്രം.
ഈ സ്ഥിതിവിശേഷത്തിലേക്കാണ് മഹാരാഷ്ട്രയിലെ എൻ.സി.പിയിലുണ്ടായ ഭൂകമ്പങ്ങൾ വന്നുപതിക്കുന്നത്. അജിത് പവാർ എൻ.ഡി.എയിലേക്ക് ചേക്കേറിയത് എൻ.സി.പിയെ എങ്ങനെയാണ് ബാധിക്കുക?

ഇപ്പോഴും ശരത് പവാർ ആർക്കൊപ്പമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർക്ക് ഉറപ്പില്ല. നായയോടൊപ്പം വേട്ടയാടുകയും മുയലിനോടൊപ്പം ഓടുകയും ചെയ്തേക്കാം അധികാരമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ പ്രയാസമനുഭവിക്കുന്ന ശരത് പവാർ. 'ഇൻഡ്യ'യോടൊപ്പമോ എൻ.ഡി.എയോടൊപ്പമോ എൻ.സി.പി എന്ന് അതിനാൽ ഉറപ്പിച്ചുകൂടാ. ഒന്നായ എൻ.സി.പിയെ രണ്ടെന്നു കണ്ട ഇണ്ടൽ മാത്രമായേക്കാം ഒരുപക്ഷേ ഭാവിയിൽ ഇടതുമുന്നണിക്ക് ബാക്കി.


ജനതാദളിൻ്റെയും എൻ.സി.പിയുടെയും അവസ്ഥാന്തരങ്ങൾ ചർച്ചിലിന്റെ മുൻവിധികൾ ശരിവയ്ക്കുക മാത്രമല്ല ചെയ്യുന്നത്. ഇത്തരം രാഷ്ട്രീയ ഭാഗ്യാന്വേഷികളുമായുള്ള കൂട്ടുകെട്ട് ഇന്ത്യയിലെ ഇടതുപക്ഷത്തെ എത്രമാത്രം ജീർണിപ്പിക്കുന്നു എന്ന ആലോചനയിലേക്കുകൂടി അത് നമ്മെ നയിക്കുന്നു.
കേരളത്തിലെ ജനതാദൾ-എസും എൻ.സി.പിയും ഇപ്പോൾ ആലോചിക്കുന്നത് പരമാവധി സ്ഥാനമാനങ്ങൾ സംരക്ഷിച്ചുകൊണ്ട് എങ്ങനെ ഈ രാഷ്ട്രീയപ്രതിസന്ധിയെ മറികടക്കാം എന്നാണ്. ദേശീയനേതൃത്വത്തിൽനിന്ന് വിഘടിച്ച്‌ പുതിയ പാർട്ടിയാവുക, വേറെയേതെങ്കിലും പാർട്ടിയിൽ ലയിക്കുക തുടങ്ങിയ പല ഓപ്ഷനുകളും അവർ ആലോചിക്കുന്നു. ഇപ്പോഴില്ലെങ്കിലും എൻ.സി.പിയുടെയും വിധി ഇതുതന്നെയാവാം.


എം.പി വീരേന്ദ്രകുമാറിന്റെ പാർട്ടിയാണ് ഇടതുമുന്നണിയിലെ മറ്റൊരു ജനതാദൾ. അവർ ഇത്തരം പരിണാമദശകളിലൂടെയും കടന്നുപോയ, ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ്. ഈ പാർട്ടികൾക്കൊക്കെ ഒരേ പൊതുസ്വഭാവമാണുള്ളത്. എല്ലാ പാർട്ടികളും വ്യക്തികേന്ദ്രീകൃതമാണ്. കുടുംബ പിന്തുടർച്ചയിലധിഷ്ഠിതമാണ്. ദേവഗൗഡ, ശരത് പവാർ, വീരേന്ദ്രകുമാർ തുടങ്ങിയ മഹാവൃക്ഷങ്ങളുടെ തണലിൽ മുളക്കുന്ന വൃക്ഷങ്ങളിലൊതുങ്ങുന്നു ഈ കക്ഷികളുടെ രാഷ്ട്രീയം. ഇവയെല്ലാം തികഞ്ഞ പ്രാദേശിക കക്ഷികളുമാണ്. ഈ പാർട്ടികളെയെല്ലാം യോജിപ്പിച്ചു നിർത്തുന്ന ഒരു പൊതുഘടകവും സൂക്ഷ്മവിശകലനത്തിൽ കാണാൻ കഴിയും.

യുക്തിരഹിതമെന്നുതന്നെ പറയാവുന്ന കോൺഗ്രസ് വിരോധമാണത്. ഹൈന്ദവ ഫാസിസത്തിന്റെ അപായകരമായ ചെകുത്താൻ കൈകൾ രാജ്യത്തിന്റെ മതേതര, ജനാധിപത്യഘടനയ്ക്ക് നേരെ നീണ്ടുവരുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന സിദ്ധാന്തവൽക്കരണത്തിന്റെ ബലത്തിൽ രണ്ടിനോടും സമദൂരം പുലർത്തുന്ന നിലപാടിൽ ഇതേ യുക്തിരാഹിത്യമാണുള്ളത് എന്നുകാണാം. പല പ്രതിസന്ധി ഘട്ടങ്ങളിലും ഈ നിലപാട് ഫാസിസ്റ്റ്‌ ശക്തികൾക്ക് ഗുണകരമായാണ് ഭവിച്ചിട്ടുള്ളത്. ഇടതുമുന്നണിയുടെ പ്രഖ്യാപിതമായ പ്രത്യയശാസ്ത്ര പ്രതിബദ്ധതയോട് ഇത് എത്രത്തോളം പൊരുത്തപ്പെട്ടുപോവും?

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാതെ ജനതാദൾ - എസിനോടൊപ്പം നിന്ന സി.പി.എമ്മിന്റെ നിലപാടിനെ ഇതിനോടൊപ്പം ചേർത്തുവായിക്കണം. ബി.ജെ.പി ചായ്‌വ് മറച്ചുവച്ചിരുന്നില്ല കുമാരസ്വാമിയും കൂട്ടരും. എന്നിട്ടും അവർക്കൊപ്പം ചേരാൻ ഒരു മനപ്രയാസവുമുണ്ടായില്ല സി.പി.എമ്മിന്. സൂക്ഷ്മവിശകലനത്തിൽ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ അന്ന് സി.പി.എം ചെയ്തത് ഇന്ന് ജനതാദൾ എസ് ചെയ്യുന്നതിന് സമാന മാതൃകതന്നെ. രാജ്യ താൽപര്യമല്ല ആർക്കുമുള്ളത്. അതിന്റെ അപകടങ്ങൾ ഈ കക്ഷികൾ തിരിച്ചറിയുന്നില്ലെന്ന് മാത്രം. സോണിയാ ഗാന്ധിയുടെ വിദേശവേരുകൾ ചികഞ്ഞ് പണ്ട് പവാർ ഉയർത്തിയ കലാപങ്ങൾ പിൽക്കാലത്ത് ആർക്കാണ് ഗുണം ചെയ്തത് എന്ന് കൂടി ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും.


എൻ.സി.പി ഒരു പ്രാദേശിക പാർട്ടിയാണ്. കുടുംബകേന്ദ്രീകൃത രാഷ്ട്രീയമാണ് അതിന്റേത്. മഹാരാഷ്ട്രക്കപ്പുറത്ത് ഒരു ലോകമില്ല അതിന്. അതുകൊണ്ട് ശരത് പവാർ/അജിത് പവാർ ദ്വന്ദങ്ങൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് രാജ്യത്തിന്റെ വിശാലതാൽപര്യങ്ങൾ വലിയ വിഷയമാവാനിടയില്ല. ജനതാദൾ എസിനോ? അതും കർണാടകക്കപ്പുറത്തേക്ക് വേരില്ലാത്ത പ്രാദേശികപ്പാർട്ടി. ഈ പാർട്ടിക്കും ഹൈന്ദവഫാസിസം വലിയ വിഷയമല്ല. കേരളത്തിലെ ഇടതുമുന്നണിയിലെ രണ്ടു പ്രബല പാർട്ടികൾക്ക് ഹൈന്ദവ ഫാസിസത്തെക്കുറിച്ചുള്ള സമീപനം ഇതാവുമ്പോൾ മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ തൽക്ഷണ പ്രതികരണം എന്തായിരിക്കണം?

തങ്ങളുടെ ദേശീയ നേതൃത്വങ്ങളെ ഇടതിൽ ഉറച്ചുനിൽക്കുമ്പോഴും രണ്ടുകക്ഷികളും പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. എന്നിട്ടും സി.പി.എം ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന നിലപാടിലാണ്. ഈ നിലപാട് നൽകുന്ന സൂചനകൾ എന്താണെന്ന് കൂടി ആലോചിക്കുന്നതുനന്ന്.
ഈ സന്ദർഭത്തിൽ കോൺഗ്രസ് വിരോധം ബി.ജെ.പിക്കെതിരായുള്ള സി.പി.എമ്മിന്റെ പോരാട്ടത്തിന്റെ മൂർച്ച കുറക്കുന്നുണ്ടോ എന്ന സംശയമുണരുന്നത് ന്യായം. സി.പി.എം കേരളത്തിൽ മാത്രം സ്വാധീനമുള്ള ഒരു പ്രാദേശിക കക്ഷിയാണ് ഇപ്പോൾ. കോൺഗ്രസാണ് പാർട്ടിയുടെ മുഖ്യശത്രു. ആവനാഴിയിലെ എല്ലാ അമ്പുകളും മുഖ്യശത്രുവിനെ ലക്ഷ്യംവച്ചാവുമ്പോൾ അത് ബി.ജെ.പിക്ക് ഗുണകരമാവാനിടയുണ്ട്.

ഇത് പാർട്ടി ശരിയായി ഉൾക്കൊണ്ടുവോ എന്ന് സംശയമാണ്. ജനതാദൾ-എസിൽ നിന്നും എൻ.സി.പിയിൽ നിന്നും സി.പി.എമ്മിന് അപ്പോൾ എന്തുവ്യത്യാസം? സൂക്ഷ്മതലത്തിൽ ചിന്തിക്കുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ഒരേപോലെ എന്ന ചിന്ത പ്രാദേശികതലത്തിൽ മാത്രം പ്രസക്തിയുള്ള ഒരാശയമാണ് ഇപ്പോഴത്തെ ഇന്ത്യൻ അവസ്ഥയിൽ. അത് ഹിമാലയൻ ബ്ലണ്ടറിനോടടുത്തു നിൽക്കുന്ന മറ്റൊരു നയവൈകല്യമായിരിക്കില്ലേ?

Content Highlights:Both Left and Right are anti-Congress



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago