വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു? ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍; കരാറുമായി ബന്ധപ്പെട്ട ഹമാസിന്റെ ഉപാധികള്‍ തള്ളി
ഗസ്സ: ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടുന്നതായി സൂചന. പാരീസ്, കൈറോ ചര്‍ച്ചകള്‍ക്ക് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയില്‍ തുടര്‍ന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയും പൂര്‍ണ പരാജയത്തിലേക്കെന്നാണ് സൂചന. ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന് ഇസ്‌റാഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തങ്ങള്‍ മുന്നോട്ടു വെച്ച ഉപാധികള്‍ തള്ളിയതായി ഹമാസ് പ്രതിനിധി പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണം നിര്‍ത്തി ഗസ്സ വിടാന്‍ ഒരുക്കമല്ലെന്നും ഉപാധികളുടെ പുറത്തല്ലാതെ വടക്കന്‍ ഗസ്സയിലേക്ക് ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും മധ്യസ്ഥ രാജ്യങ്ങളെ ഇസ്‌റാഈല്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം പൂര്‍ണമായി നിര്‍ത്തുക, സൈന്യം ഗസ്സ വിടുക, പുറന്തള്ളിയ ഫലസ്തീനികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍. ഇതില്‍ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കും എന്നുമാണ് ഇസ്‌റാഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. റഫക്കു നേരെയുള്ള ആക്രമണത്തില്‍നിന്ന് പിറകോട്ടില്ലെന്നും ഇസ്‌റാഈല്‍ നേതൃത്വം വീണ്ടും വ്യക്തമാക്കിരിക്കുകയാണ്.
ഗസ്സയില്‍ സ്ഥിതിഗതികള്‍ അത്യന്തം സങ്കീര്‍ണമായിരിക്കെ, അടിയന്തര വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്ന് ലോകരാജ്യങ്ങളോട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് തടസ്സം കൂടാതെ സഹായം എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വലിയ മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഗസ്സ സിറ്റിയില്‍ ഭക്ഷണത്തിന് കാത്തിരുന്ന ആയിരങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇന്നലെ 19 പേര്‍ കൊല്ലപ്പെടുകയും എഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ശിഫ ആശുപത്രിക്കു നേരെയുള്ള ആക്രമണം ഇസ്‌റാഈല്‍ ഇന്നലെയും തുടര്‍ന്നു. ആശുപത്രി സമുച്ചയത്തിന്റെ സമീപ കെട്ടിടങ്ങളില്‍ കഴിയുന്ന ആയിരങ്ങളും ഭീതിയിലാണ്.
കൂടുതല്‍ സൈനിക സഹായം തേടാനായുള്ള ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കന്‍ പര്യടനം ഇന്നാരംഭിക്കുന്നുണ്ട്. റഫക്കു നേരെ കരയാക്രമണം കൂടാതെ ഹമാസിനെ അമര്‍ച്ച ചെയ്യാനുള്ള വഴികള്‍ നിര്‍ദേശിക്കാമെന്ന് യു.എസ് നേതൃത്വം ഇസ്‌റാഈലിന് ഉറപ്പുനല്‍കിയിരുന്നു.
അതിനിടെ, ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളില്‍ ഒരാള്‍ മരണപ്പെട്ടതായി അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു. 34 വയസുള്ള യെവ്ജന്‍ ബുച്താഫ് ആണ് മരണപ്പെട്ടത്. സഹായം നിഷേധിക്കുന്നതിലൂടെ ഫലസ്തീനികള്‍ മാത്രമല്ല ബന്ദികളും മരണപ്പെടുമെന്ന് തങ്ങള്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ് യാഥാര്‍ഥ്യമായി മാറുകയാണെന്നും അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു. ചെങ്കടലില്‍ ഒരു കപ്പലിനു നേരെ ഹൂതികള്‍ ഇന്നലെയും ആക്രമണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."