മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മറവിരോഗം,മനപ്പൂര്‍വ്വമായ നരഹത്യാക്കുറ്റം ഒഴിവാക്കി കോടതി; കെ. എം ബഷീറിന്റെ കൊലപാതകം നാളിതുവരെ,
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം- വെള്ളയമ്പലം റോഡില്‍ വെച്ച് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. കാര്‍ ഓടിച്ചിരുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നു. അപകടസമയത്ത് ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. വാഹനത്തില്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും ഉണ്ടായിരുന്നു. അപകടത്തില്‍പെട്ട ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമിതമായി മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം, അന്വേഷണത്തില്‍ കാര്‍ ഓടിച്ചിരുന്നത് സുഹൃത്ത് വഫയാണെന്ന് പൊലിസിനെ തെറ്റിദ്ധരിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള രക്ത പരിശോധന നടത്തുന്നതിന് സമ്മതിച്ചില്ല എന്നും അന്നേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയ ശേഷമാണ് രക്തം പരിശോധനയ്ക്കായി എടുത്തത്. ഇതിനിടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലായിരുന്ന ശ്രീറാമിനെ അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ശ്രീറാമിനെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശ്രീറാമിന് മറവി രോഗമുണ്ടെന്ന തരത്തില്‍ പിന്നീട് വന്ന റിപ്പോര്‍ട്ടും വിവാദമായി. തുടര്‍ന്ന് ശ്രീറാം സസ്‌പെന്‍ഷനിലുമായി.
മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോലീസ് പ്രതികളുമായി ഒത്തുകളിച്ചുവെന്ന ആരോപണം വന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു. അപകട സമയത്ത് വണ്ടിയോടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു കെമിക്കല്‍ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസം പിന്നിട്ട് 2020 ഫെബ്രുവരി ഒന്നിനാണ് ശ്രീറാമിനെ ഒന്നാംപ്രതിയും വഫയെ രണ്ടാംപ്രതിയുമാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയും വഫയ്‌ക്കെതിരേ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 (രണ്ട്), 201 വകുപ്പുകളും മോട്ടോര്‍വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്. കാറിന്റെ അതിവേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അപകടദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇത് നല്‍കി. പിന്നീട് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2020 ജൂലായ് 27-ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ നേരിട്ട് ഹാജരായി. കേസ് നടക്കുന്നതിനിടെ ഒക്ടോബറില്‍ ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് സസ്‌പെന്‍ഷനിലായ ശ്രീറാം 2020 മാര്‍ച്ചില്‍ തിരികെ സര്‍വീസിലെത്തി. 2022 ഓഗസ്തില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത ഉണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. 2022 സെപ്തംബറില്‍ തനിക്കെതിരേയുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് ശ്രീറാം കോടതിയെ സമീപിച്ചു.കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നും കാണിച്ച് വിടുതല്‍ ഹര്‍ജിയാണ് നല്‍കിയത്. മറ്റൊരു പ്രതിയായ വഫ ഫിറോസ് അതിന് മുന്‍പേ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു.മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുത്താന്‍ അനുവദിക്കാതെ പത്ത് മണിക്കൂറിന് ശേഷമാണ് സാമ്പിള്‍ എടുത്തതെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ 2022 ഒക്ടോബര്‍ 19ന് പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി.മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരേ നിലനില്‍ക്കുമെന്നും രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."