പോരുവഴി സഹ. ബാങ്കില്‍ തട്ടിപ്പിന് പിന്നാലെ പെന്‍ഷന്‍ വിതരണവും വിവാദത്തില്‍
ശാസ്താംകോട്ട (കൊല്ലം): ജീവനക്കാരുടെ തട്ടിപ്പുമൂലം വിവാദത്തിലായ പോരുവഴി അമ്പലത്തുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് വീണ്ടും വിവാദത്തില്‍. ക്ഷേമ പെന്‍ഷന്‍ വിതരണം ജീവനക്കാര്‍ക്കു പകരം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ ഏല്‍പ്പിക്കാനുള്ള തീരുമാനമാണ് വിവാദമായത്. കഴിഞ്ഞ ദിവസം ബാങ്കിന്റെ ഭരണകാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.
ഓണത്തിന്റെ പെന്‍ഷന്‍ വിതരണമാണ് ഇടതു യുവജന സംഘടനകള്‍ കൈയാളുക. ഭരണസമിതി അംഗങ്ങളെ വിതരണമേല്‍പ്പിക്കാമെന്ന ബാങ്ക് സെക്രട്ടറിയുടെ അഭിപ്രായം ഇടതു നേതൃത്വം തള്ളി.
ശൂരനാട് ഏരിയയിലെ പ്രമുഖ നേതാക്കളടക്കമുള്ളവരുടെ യോഗമാണ് തീരുമാനമെടുത്തത്. ബാങ്കിന്റെ പേരുദോഷം പരിഹരിക്കാന്‍ ജനകീയ ഇടപെടല്‍ മൂലം സാധിക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
ജീവനക്കാര്‍ നടത്തിയ 14.5 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണ്.
സഹകരണ വകുപ്പ് സെക്ഷന്‍ 65 പ്രകാരം അന്വേഷണത്തിന് നടപടിയായിട്ടുമുണ്ട്. ഡൊമസ്റ്റിക് എന്‍ക്വയറിക്ക് ബാങ്ക് അഭിഭാഷകനെ ചുതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ ബാങ്കിനു മുന്നില്‍ സമരം നടത്തിയിരുന്നു. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കൂട്ടംകൂട്ടമായി എത്തുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഉറപ്പുനല്‍കി തിരികെ വിടുകയാണ്. അതിനിടയിലാണ് പുതിയ പരിഷ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."