'യു.കെ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ'; ജോലിയാണ് ലക്ഷ്യമെങ്കില്‍ ഇവയിലേത് തെരഞ്ഞെടുക്കണം; കാരണമെന്ത്?
'യു.കെ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ'; ജോലിയാണ് ലക്ഷ്യമെങ്കില്‍ ഇവയിലേത് തെരഞ്ഞെടുക്കണം; കാരണമെന്ത്?
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പല വിദേശ രാജ്യങ്ങളിലും തൊഴിലാളികള്‍ക്ക് ഉയര്‍ന്ന തുകയാണ് ശമ്പളയിനത്തില്‍ നല്‍കുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം പല അറബ്- യൂറോപ്യന്‍ രാജ്യങ്ങളുടെ കറന്‍സിയേക്കാളും കുറവാണെന്നതാണ് ഇതിനൊരു പ്രധാന കാരണം. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം വിദേശത്ത് നിന്ന് നേടാനാവുമെന്നതാണ് പല മലയാളികളെയും വിമാനം കയറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
യു.കെ, യു.എസ്.എ, യൂറോപ്യന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം തന്നെ വലിയ രീതിയിലുള്ള കുടിയേറ്റമാണ് ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. കൂടാതെ കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവയും ഇന്ത്യക്കാരുടെ ഹോട്ട് പിക്കുകളാണ്.
കൂടുതല്‍ തൊഴിലവസരങ്ങളും, ഉയര്‍ന്ന ശമ്പളവും, ഈ രണ്ട് ഘടകങ്ങള്‍ പരിഗണിച്ചാണ് ഏത് രാജ്യത്തേക്ക് കുടിയേറണമെന്ന് നമ്മള്‍ തീരുമാനിക്കേണ്ടത്. കാനഡ, യു.കെ തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് കുറച്ച് കാലമായി ആശാവഹമായ വാര്‍ത്തയല്ല പുറത്തേക്ക് വരുന്നത്. ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ നിയമങ്ങളും, കാനഡയുമായുള്ള നയതന്ത്ര പ്രതിസന്ധിയും മലയാളികളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈയവസരത്തിലാണ് പലരും ആസ്‌ട്രേലിയ, ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. യു.കെ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങള്‍ താരതമ്യേന ഒരേ പോലുള്ള തൊഴില്‍ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. പക്ഷെ ശമ്പളക്കണക്കില്‍ മൂവരും തമ്മില്‍ വ്യാത്യാസങ്ങളുണ്ട്. പ്രത്യേകിച്ച് ബിരുദ പൂര്‍ത്തിയാക്കി തൊഴില്‍ അന്വേഷിക്കുന്ന ഒരാളെ സംബന്ധിച്ച് ഈ കണക്കുകളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും.
പഠനം പൂര്‍ത്തിയാക്കി ജോലിക്കിറങ്ങുന്ന യുവാക്കളെ സംബന്ധിച്ച് ഓരോ രാജ്യത്തും ഓരോ നിലവാരത്തിലാണ് ശമ്പളം ലഭിക്കുക. യു.കെ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്ന ശമ്പളക്കണക്കുകളാണ് ചുവടെ താരതമ്യം ചെയ്യുന്നത്.
യു.കെ
ലോകോത്തര സര്‍വ്വകലാശാലകളും സമ്പന്നമായ സാംസ്‌കാരിക പശ്ചാത്തലവും കാരണം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായിരുന്നു എല്ലാ കാലത്തും യു.കെ. എഞ്ചിനീയറിങ്, ഫിനാന്‍സ്, മെഡിസിന്‍ എന്നീ മേഖലകളാണ് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഏതെങ്കിലും തൊഴില്‍ മേഖലയില്‍ വൈദഗ്ദ്യമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതിവര്‍ഷം ശരാശരി 20,000 മുതല്‍ 30,000 യൂറോ വരെ ശമ്പളമായി നേടാനാവും. അതായത് 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത്.
ന്യൂസിലാന്റ്
വൈദഗ്ദ തൊഴിലാളികള്‍ക്ക് യു.കെയേക്കാള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ന്യൂസിലാന്റ്. ഓരോ തൊഴിലിന്റെയും അടിസ്ഥാനത്തില്‍ ശമ്പളക്കണക്കുകള്‍ വ്യത്യാസപ്പെടുമെങ്കിലും പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറുന്ന തുടക്കക്കാര്‍ക്ക് 45000 മുതല്‍ 60000 വരെ ന്യൂസിലാന്റ് ഡോളര്‍ സമ്പാദിക്കാനാവും. (22 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ). ശരാശരി കണക്കാണിത്. മറ്റ് തൊഴില്‍ മേഖലകളില്‍ ഇത് കൂടിയും കുറഞ്ഞുമിരിക്കും. എങ്കിലും താരതമ്യേന ചെറുതും സുശക്തവുമായ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമായതുകൊണ്ട് തന്നെ ഒരു മിനിമം സമ്പാദ്യം നേടാന്‍ എന്തുകൊണ്ടും പ്രാപ്തമാണ് ന്യൂസിലാന്റ്.
ആസ്‌ട്രേലിയ
പഠനങ്ങള്‍ പറയുന്നത് അഭ്യസ്ത വിദ്യരായ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ യു.കെയേക്കാളും, ന്യൂസിലാന്റിനേക്കാളും മുന്നില്‍ നില്‍ക്കുന്ന രാജ്യം ആസ്‌ട്രേലിയയാണെന്നാണ്. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനും തൊഴില്‍ സാധ്യതകള്‍ക്കും പേരുകേട്ട നാടാണ് ആസ്‌ട്രേലിയ. കേരളത്തില്‍ നിന്നടക്കം നിരവധിയാളുകള്‍ ഇതിനോടകം ആസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നുമുണ്ട്. ബിരുദം പൂര്‍ത്തിയാക്കി ജോലിക്കിറങ്ങുന്ന തൊഴിലാളിയെ സംബന്ധിച്ച് പ്രതിവര്‍ഷം 50,000 മുതല്‍ 70,000 ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ ശമ്പളയിനത്തില്‍ നേടാനാവും. 28 ലക്ഷം മുതല്‍ 40 ലക്ഷം രൂപക്കടുത്ത് വരെ ലഭിക്കുമെന്ന് സാരം. ഇതുതന്നെ ഓരോ തൊഴില്‍ മേഖലക്കനുസരിച്ച് മാറാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."