പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ ചരിത്ര ദൗത്യവുമായി സഊദി അറേബ്യ: മദീന മുതൽ ബദ്ർ വരെയുള്ള പ്രവാചക ചരിത്ര കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പദ്ധതി
മദീന: മദീനയിൽ ഇസ്ലാമിക ചരിത്ര സ്ഥലങ്ങളുടെ പുനരുദ്ധാരണ പദ്ധതികൾക്ക് തുടക്കമിട്ട് സഊദി അറേബ്യ. പ്രവാചക ചരിത്രവുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധപ്പെട്ട 100 ലേറെ സ്ഥലങ്ങളുടെയും കേന്ദ്രങ്ങളുടെയും പുനരുദ്ധാരണമാണ് നടത്തുന്നത്. മദീനയിൽ നിന്ന് ബദ്ർ വരെയുള്ള ചരിത്ര കേന്ദ്രങ്ങളുടെ സംരക്ഷണമാണ് ഇതിൽ എടുത്തു പറയേണ്ടത്. 2025 ഓടെ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മദീനയിൽ നിന്ന് ബദ്ർ വരെ അൽഅരീശ് മസ്ജിദ്, അൽറൗഹാ പ്രദേശം, അൽഉദ്വത്തുദ്ദുൻയാ, അൽഉദ്വത്തുൽഖുസ്വാ, പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ നടന്ന ഏതാനും പ്രദേശങ്ങൾ എന്നിവ അടക്കം 175 കിലോമീറ്റർ ദൂരത്തിൽ 40 ലേറെ ചരിത്ര കേന്ദ്രങ്ങളുടെ വികസനമാണ് ബദ്ർ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മദീന മേയർ അറിയിച്ചു. മദീന വികസന അതോറിറ്റിയിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് ഓഫീസ് പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
മദീന ഗവർണറും മദീന വികസന അതോറിറ്റി ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് പദ്ധതികൾക്ക് സമാരംഭം കുറിച്ചത്. ഹജ്, ഉംറ മന്ത്രിയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാം പ്രസിഡന്റുമായ ഡോ. തൗഫീഖ് അൽറബീഅയും ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫായിസും ചടങ്ങിൽ സന്നിഹിതരായിരുന്നു. വികസന പദ്ധതികൾ പൂർത്തിയാക്കിയ എട്ടു കേന്ദ്രങ്ങൾ ചടങ്ങിൽ വെച്ച് മദീന ഗവർണർ ഉദ്ഘാടനം ചെയ്തു.
അൽഗമാമ മസ്ജിദ്, അൽസുഖ്യാ മസ്ജിദ്, അൽറായ മസ്ജിദ്, അബൂബക്കർ സിദ്ദീഖ് മസ്ജിദ്, ഉമർ ബിൻ അൽഖത്താബ് മസ്ജിദ്, ബനീഅനീഫ് മസ്ജിദ്, പ്രവാചകൻ ഉപയോഗിച്ച കിണറുകളിൽ ഒന്നായ ഗർസ് കിണർ, ഉർവതു ബിൻ സുബൈർ കൊട്ടാരം എന്നിവിടങ്ങളിലാണ് പുനരുദ്ധാരണ, വികസന ജോലികൾ പൂർത്തിയാക്കിയത്. കൂടാതെ, ചരിത്ര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഏതാനും കരാറുകളും ധാരണാപത്രങ്ങളും ചടങ്ങിൽ വെച്ച് ഒപ്പുവെച്ചു.
ഉഹദിലെ സയ്യിദുശ്ശുഹദാ ചത്വരം, മസ്ജിദുന്നബവിക്ക് പടിഞ്ഞാറുള്ള സഖീഫതു ബനീ സാഇദ, ഖന്ദഖ്, ഖിബ്ലത്തൈൻ മസ്ജിദിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം, വാദി അൽഅഖീഖ് കരയിലുള്ള ഉസ്മാൻ ബിൻ അഫാൻ കിണർ, മദീന ആലിയയിലെ അൽഫഖീർ കിണർ എന്നിവയുടെ വികസന, പുനരുദ്ധാരണ പദ്ധതികൾക്ക് മദീന വികസന അതോറിറ്റിയും സർക്കാർ, സ്വകാര്യ വകുപ്പുകളും നോൺ-പ്രോഫിറ്റ് സെക്ടറുമാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ബദ്ർ അടക്കം സംരക്ഷിച്ചു നില നിർത്താൻ സഊദി അറേബ്യ ഇപ്പോൾ നടത്തുന്ന ശ്രമം ഏറെ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."