തട്ടം ചീന്തുന്ന പുരോഗമനത്തോട്, പ്രതിരോധത്തിന്റെ ബദലാവുകളാവാം
തട്ടം ചീന്തുന്ന പുരോഗമനത്തോട്, പ്രതിരോധത്തിന്റെ ബദലാവുകളാവാം
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറത്തെ മുസ്‌ലിം സ്ത്രീയുടെ തലയിലെ തട്ടം വലിച്ചു ചീന്തുന്നതാണ് പാര്‍ട്ടിയുടെ പുരോഗമെന്നാണ് സി.പി.എം നേതാവിന്റെ ഭാഷ്യം. അടിസ്ഥാന പരമായി കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യവും കര്‍മവും പാര്‍ട്ടി നേതാവ് ലളിതമായി അവതരിപ്പിച്ചുവെന്ന് മാത്രം. മത തത്വങ്ങളെ അംഗീകരിക്കാത്ത നിരീശ്വര നിര്‍മിത ചിന്താഗതിക്കാര്‍; മത ബോധവും ധാര്‍മിക അച്ചടക്കവും നഷ്ടപ്പെടുന്നതിനു വിളിക്കുന്ന പേരാണ് പുരോഗമനം. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് തലയില്‍ കടം വാങ്ങിയെങ്കിലും തട്ടം ചുറ്റിക്കെട്ടി ഫ്‌ളാഷ് മോബ് നടത്താനും, നടുറോട്ടില്‍ ചങ്ങല തീര്‍ക്കാനും ആവത് പണിയെടുക്കാറുമുണ്ടീ പാര്‍ട്ടി.
തട്ടം അഴിച്ചിട്ട വരേയും തട്ടമിട്ടവരേയും വെച്ച് ഒരേ സമയം പുരോഗമനത്തിന്റെ ഉദാഹരണം പറയുന്ന വൈരുദ്ധ്യം നിറഞ്ഞ പ്രത്യയശാസ്ത്ര വിപണി. പ്രത്യക്ഷ്യത്തില്‍ രാഷ്ട്രീയവും ആന്തരികമായി മത വിരുദ്ധതയും പാര്‍ട്ടി അജണ്ടയാണ്. തട്ടം വലിക്കുന്ന ഈ ഏര്‍പ്പാട് പാര്‍ട്ടി പരിപാടിയില്‍ മാത്രമല്ല, ലോക്കല്‍ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും കല്യാണ മണ്ഡപമാക്കിയും മെംബര്‍ഷിപ്പ് കാംപയിന്‍ നടത്തുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ മിടുക്ക് കാണിക്കാറുണ്ട്. തെരുവിലെ സമരങ്ങള്‍ തൊട്ട് കലാലയ പരിസരങ്ങളിലെ ചുമരുകള്‍ വരെ പൊളിച്ചൊടുക്കാന്‍ വഴി തേടുന്ന നിരന്തരമായ സംഭവ വികാസങ്ങള്‍ അടുത്തിടെ കേരളം ഒരു പാട് കണ്ടു. തട്ടം വിവാദത്തിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രസ്താവിച്ച പോലെ അതൊക്കെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ വരവെഴുതി മാറി നില്‍ക്കലാണ് പരുക്ക് പറ്റുമ്പോള്‍ ചെയ്തു വരാറ്.
നയമെന്തെന്ന് തുറന്നു പറഞ്ഞതാണ് തട്ടത്തിന്റെ മറവില്‍ പാര്‍ട്ടി നേതാവിന്റെ പുതിയ (പഴയ) പ്രസ്താവന. ഉള്ളത് തുറന്നു പറയുന്നത് നാലാം ലോകവും ദാസ് കാപ്പിറ്റലും പഠിക്കാതെ സാധാരണക്കാര്‍ക്കും തിരിയാനും ജാഗ്രത ഉള്‍ക്കൊള്ളാനും സൗകര്യമാണ്. എന്നാല്‍ മലപ്പുറത്തെ മതബോധമുള്ള ഒരു തലമുറയെ പരിഹസിക്കുന്ന ധിക്കാരത്തോടും ഉള്ളിലിരിപ്പിനോടും അവജ്ഞയും പ്രതിഷേധമറിയിക്കുന്നു. പ്രബുദ്ധമായ ഒരു സമൂഹത്തില്‍ അത് വെറും പരിപ്പ് മാത്രം; പരിപ്പുവടയായി കിട്ടുമെന്നത് സഖാവിന്റേയും പാര്‍ട്ടിയുടേയും വ്യാമോഹം മാത്രമാണ്.
മേപ്പടി 'പുരോഗമന 'ത്തിന്റെ ഹോള്‍സൈല്‍ ഏജന്‍സിയാണ് കാംപസുകളില്‍ എസ്.എഫ്.ഐ. നീരീശ്വര,യുക്തിവാദ,ലിബറല്‍ വൈറസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് സ്‌പെയ്‌സ് തേടുന്നത് കമ്മ്യൂണിസ്റ്റ് നാസ്തിക സംഘങ്ങളിലൂടെയും സോഷ്യല്‍ മീഡിയ അതിപ്രസരത്തിലൂടെയുമാണ്. ഇത് തിരിച്ചറിയുകയും അകലം പാലിക്കുകയുമാണ് പരിഹാര മാര്‍ഗം. മതബോധവും അതിലധിഷ്ഠിതമായ വിജ്ഞാനവുമാണ് ഈ പ്രതിരോധത്തിന്റെ കാതല്‍.
പ്രത്യയശാസ്ത്ര പരവും രാഷ്ട്രീയപരവുമായ അകല്‍ച്ചയില്‍ സാധ്യമാവാതെ വരുന്നിടത്തേക്ക് സാംസ്‌കാരിക അധിനിവേശത്തിലൂടെ കയറിക്കൊത്തുന്ന രീതിയാണ് ലിബറല്‍ ചിന്തകള്‍ക്ക് . പേരിട്ടു വന്ന വൈറസുകളോട് സാമൂഹ്യ അകലം പാലിക്കാനും ജാഗ്രത ഉള്‍ക്കൊള്ളാനുമുള്ള പൊതുബോധം നമുക്കുണ്ട്. എന്നാല്‍ വിരോധങ്ങളുടെ ഒന്നിന്റേയും പേരിലല്ലാതെ തന്നെ തലയില്‍ കയറി കൊത്താനുള്ള ഗൂഢശ്രമങ്ങള്‍ വ്യാപകമാണ്. യൂട്യുബോ, ഇന്ററ്റിഗ്രാമോ ,എഫ്.ബി യോ ഇതിനൊരു മാധ്യമമായി മാറുന്നു. ഇപ്പോഴത്തെ കാലമെന്ന ഒരു നിസാരവല്‍ക്കരണവും പഴഞ്ചനെന്ന് പഴി കേള്‍ക്കേണ്ടി വരുമെന്ന കുറച്ചിലും ഈ ദുരന്തങ്ങള്‍ക്ക് നടുകെ ഓടുന്ന പ്രവണതകളായി വര്‍ദ്ധിക്കുന്നുണ്ട്.
ഡി.ജെ ഡാന്‍സിനും ഫ്‌ളാഷ് മോബിനും, ഭൗതിക കലാലയ അപചയങ്ങള്‍ക്കും തലവെച്ചു കൊടുക്കുന്ന അജ്ഞതയിലുടെ ഈ അധിനിവേശം ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകയാണ്. ആരും പറയാതെ തല തുറന്നിടുന്നിടത്ത് അവരവരുടെ സ്വാതന്ത്ര്യമായി കാണുന്ന തേ അപകടമാണ്. മതപരമായ ജീവിത ശൈലിയെ പ്രായോഗവല്‍ക്കരിക്കുന്നത് പുരോഗമനമായി കാണാനും പകര്‍ന്നു നല്‍കാനുമുള്ള ബോധ്യവും ഇടപെടലുകളുമാണ് അതിനുള്ള വഴി. മതം പഠിച്ച ധാര്‍മിക അച്ചടക്കത്തിന്റെ പരിസരത്തിന് നിന്ന് വഴിമാറാതിരിക്കാനുള്ള ജാഗ്രത.
മുസ്ലിം സ്ത്രീയുടെ വേഷവിധാനവും ഇടപെടലുകളും ആ ചട്ടക്കൂട്ടിനകത്താറുമ്പോള്‍ ഒരു പുരോഗമനക്കാരും തട്ടമഴിപ്പിക്കാന്‍ ക്യൂ നില്‍ക്കില്ല. നാടോടുമ്പോള്‍ നടുവേ ഓടുന്ന കാംപസിനകത്തേയും പുറത്തേയും ആര്‍പ്പുവിളികളില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ആത്മ ധൈര്യമാണ് വിശ്വാസിയുടേത്. ബോധവും ജ്ഞാനവും അച്ചടക്ക ബോധമുള്ള വീട്ടകങ്ങളും വഴി കാണിക്കുന്ന വിദ്യാസമ്പന്നരുടെ ഒരു നിര കാംപുകളിലുമുണ്ട്. പഠിച്ച് ഉയര്‍ന്ന സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കുന്നവര്‍. ഒച്ചപ്പാടുകള്‍ക്ക് ചെവികൊടുക്കാതെ, ലക്ഷ്യത്തിലൂന്നി മുന്നോട്ടു പോവുന്നവര്‍. ധാര്‍മികതക്കെതിരേയുള്ള ഏത് പുരോഗമനത്തേയും പടിക്ക് പുറത്തു നിര്‍ത്താനുളള ഈ സാഹസികത കൂടിയാണ് ഈ കാലത്ത് നമ്മളേറ്റടുക്കേണ്ട ദൗത്യം.
അപ്പോള്‍ ആയിരം വട്ടം യാഥാസ്ഥികനെന്ന വിളികേള്‍ക്കാം. അംഗീകാരത്തിന്റെ മുദ്രയായി അത് സ്വീകരിക്കുക.തട്ടം ഒരു പ്രതീകം മാത്രം കാണാം; മതപരമായ ഓരോ അടുക്കും ചിട്ടയും അഴിപ്പിക്കുന്നതിന്റെ ക്രഡിറ്റ് കൂടിയാണ് സഖാവ് ഏറ്റെടുക്കുന്നത്. അവിടെ വിശ്വാസത്തിന്റെ ഉള്‍ക്കരുത്തുള്ള ധാര്‍മിക ബോധത്തിന്റെ ഏറ്റെടുക്കലായി മാറ്റാം നമ്മുടെ ഓരോ ഉദ്യമങ്ങളും. 'തിന്‍മയെ നന്‍മ കൊണ്ട് നേരിടണ'മെന്നാണ് വിശ്വാസികളോടുള്ള ഉദ്‌ബോധനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."