സര്‍ക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ സമാന്തര അന്വേഷണം നിലവിലെ അന്വേഷണത്തെ ബാധിക്കും
ഇ.ഡി അധികാരമുള്ള ഏജന്‍സി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റി(ഇ.ഡി)നെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ ഹരജിയിലാണ് സ്റ്റേ ഉത്തരവ്.
ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്ത് ഹരജി നല്‍കാന്‍ ഇ.ഡിക്ക് സര്‍വ അവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി. അധികാരമുള്ള കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ ഹരജിയെ കോടതിക്ക് സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കാനായി മാറ്റി. മുഖ്യമന്ത്രിയെ ഹരജിയില്‍ എതിര്‍കക്ഷിയാക്കിയിട്ടുണ്ടെങ്കിലും നോട്ടിസയയ്ക്കാന്‍ കോടതി ഉത്തരവിട്ടില്ല. എന്നാല്‍ മറ്റു കക്ഷികള്‍ക്ക് നോട്ടിസയയ്ക്കാന്‍ കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഗൂഢാലോചന നടന്നോ എന്ന് പരിശോധിക്കാനുള്ള അവകാശം കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള കോടതിക്ക് മാത്രമാണെന്നും എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം പോലുള്ള സമാന്തര അന്വേഷണം നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം നടപടികള്‍ കേസിലെ പ്രതികള്‍ക്ക് അനുകൂലമാകുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഇ.ഡി കോടതിയില്‍ വാദിച്ചു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണ്. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണം നടത്താനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മിഷന്‍ നിയമന ഉത്തരവിറക്കിയത്. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണിതെന്നും ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചു. മുഖ്യമന്ത്രിയെ മൂന്നാം എതിര്‍കക്ഷിയാക്കിയാണ് ഇ.ഡി ഹരജി നല്‍കിയത്.
ജൂഡിഷ്യല്‍ കമ്മിഷനെതിരായ ഇ.ഡി ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇ.ഡി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിനെതിരേ ഹരജി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."