കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും
തിരുവനന്തപുരം: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്നു ആവശ്യപ്പെട്ട് ഡിസിസി കോൺഗ്രസ് നേതൃത്വത്തിനു കത്തു നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് കെപിസിസി പ്രസിണ്ടന്റ് കെ സുധാകരൻ. കത്ത് പുറത്തു പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.
പാലക്കാട് രാഹുലിനെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലാണ്. ആ സ്ഥാനാർഥിക്ക് എന്താണ് ദോഷം. കെപിസിസി കമ്മിറ്റിയാണ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള അതോറിറ്റി. വിജയ സാധ്യതയും സ്വീകാര്യതയും പരിശോധിച്ച് ചർച്ച ചെയ്ത് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. രണ്ടോ, മൂന്നോ ആളുകളുടെ പേര് പറഞ്ഞതിനാൽ സ്ഥാനാർഥികളാവില്ല. ജനാധിപത്യ സംവിധാനമുള്ള പാർട്ടിയിൽ പ്രിയങ്ങളും അപ്രിയങ്ങളുമുണ്ടാകും. അതു സ്വാഭാവികമാണ്.
കോൺഗ്രസ് പോലൊരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുമുണ്ടാകും. അവ വിലയിരുത്തി ഗുണവും ദോഷവും വിലയിരുത്തി തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസിന്റെ മെറിറ്റ്. വളരെ അധികം ജനാധിപത്യവുമുള്ള പാർട്ടിയാണ് കോൺഗ്രസ്. ജനാധിപത്യത്തിന്റെ ഏറ്റവും നിറമുള്ള ഭാഗമാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചത്.
ആരുടെ പേരാണ് ചർച്ചയിൽ വന്നത് എന്നതു പുറത്തു പറയേണ്ട കാര്യമില്ല. സ്ഥാനാർഥി നിർണയം നടക്കുമ്പോൾ എഴുത്തിലൂടെ അഭിപ്രായം അറിയിക്കുന്നത് സ്വഭാവികമാണ്. നല്ല ഓജസുള്ള ചെറുപ്പക്കാരനാണ് രാഹുൽ. സമര രംഗത്ത് കത്തി ജ്വലിക്കുന്ന ഒരുത്തൻ. മൂന്നാം തലമുറയിലെ ആള്. ഇതെല്ലാം സ്ഥാനാർഥിയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ പ്ലസ് പോയിന്റുകളാണ്. ആദ്യം വിമർശിച്ച ആളുകളും സ്വീകരിച്ചു. അദ്ദേഹം നല്ല കുതിരയപ്പോലെ മുന്നോട്ടു പോകുന്നില്ലേയെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."