വിദേശ സംഭാവന സ്വീകരിക്കാനാവില്ല; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും ട്രസ്റ്റിന്റെയും ലൈസൻസ് റദ്ദാക്കി നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെത്
ന്യൂഡൽഹി • വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം (എഫ്.സി.ആർ.എ) ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ലൈസൻസ് റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട എൻ.ജി.ഒയായ ഇവ രണ്ടും 1991ലാണ് പ്രവർത്തനം തുടങ്ങിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡോ. മൻമോഹൻ സിങ്, പി.ചിദംബരം എന്നിവർ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളാണ്.
ട്രസ്റ്റ് ചൈനീസ് സഹായം സ്വീകരിച്ചെന്ന് ബി.ജെ.പി നേതാക്കൾ ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നൽകിയെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും മുൻ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടെയുള്ള നേതാക്കളാണ് ആരോപിച്ചത്. സ്ഥാപനങ്ങൾക്ക് നേരെ സംഘ്പരിവാർ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാനായി 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് നൽകുകയുണ്ടായി. ഈ റിപ്പോർട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് സൂചന.
രണ്ടു സ്ഥാപനങ്ങളും വിദേശ സംഭാവനകൾ സ്വീകരിച്ചത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."