'പ്ലസ് വണ്‍' വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; മെറിറ്റ് കം മീന്‍സ് (ബി.പി.എല്‍) സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
'പ്ലസ് വണ്‍' വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; മെറിറ്റ് കം മീന്‍സ് (ബി.പി.എല്‍) സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. ഗവണ്‍മെന്റ്/ എയ്ഡഡ് കോളജുകളില്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ പ്രവേശനം നേടിയ ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. പത്താം ക്ലാസില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. പ്രതിവര്‍ഷം 5000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. പ്ലസ് വണ്ണില്‍ സ്‌കോളര്‍ഷിപ്പ് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പ്ലസ് ടുവിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമുണ്ട്.
മെറിറ്റ് കം മീന്‍സ് (ബി.പി.എല്‍) സ്‌കോളര്‍ഷിപ്പ്
ഹയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 2007-2008 അധ്യായന വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. പ്ലസ് വണ്ണില്‍ അഡ്മിഷനെടുത്ത സ്‌കൂള്‍ മുഖാന്തിരമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥികളില്‍ നിന്ന് നേരിട്ട് അധ്യാപകര്‍ അപേക്ഷ സ്വീകരിക്കുകയും സ്‌കൂള്‍ തല കമ്മിറ്റി അത് പരിശോധിക്കുകയും തുടര്‍ന്ന് മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് യോഗ്യരായ വിദ്യാര്‍ഥികളെ ആനുകൂല്യത്തിന് പരിഗണിക്കുക. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റ്, ഹൈസ്‌കൂള്‍ ഹെഡ്, സ്റ്റാഫ് സെക്രട്ടറി, സ്റ്റാഫ് കൗണ്‍സില്‍ തെരഞ്ഞെടുത്ത അധ്യാപകരുടെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി.
ജനറല്‍ വിഭാഗം, പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗം, ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ്/ ഭിന്ന ശേഷി വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്.
ജനറല്‍ വിഭാഗം
ബി.പി.എല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളില്‍ നിന്ന് സ്‌കൂള്‍ തലത്തില്‍ ഡാറ്റ എന്‍ട്രി നടത്തി ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നു.
പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗം
ജനറല്‍ കാറ്റഗറി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ബാക്കിയുള്ള അപേക്ഷകളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്‌മെന്റ് ആയി, അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭ്യമാക്കുന്നു.
ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ്/ ഭിന്നശേഷി വിഭാഗം
ദേശീയ-സംസ്ഥാന തലങ്ങൡലെ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും, ഭിന്ന ശേഷി വിഭാഗക്കാരില്‍ നിന്നും സംസ്ഥാന തല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത്, പ്രിന്‍സിപ്പല്‍ മുഖാന്തിരം വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക കൈമാറുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍
ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ്/ ഭിന്ന ശേഷി വിഭാഗക്കാരുടെ മെറിറ്റ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി 25-10-2023 നകം പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ പരിശോധനക്കായി അയക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഓണ്‍ലൈനായി ലഭിച്ച സ്‌കോളര്‍ഷിപ്പ് അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
വിദ്യാര്‍ഥികള്‍ ബി.പി.എല്‍ ആണെന്ന് തെളിയിക്കുന്ന രേഖ, ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ് / IED സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷിക്കാരാണെങ്കില്‍ അംഗീകൃത മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.dhsekerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."