'തെറ്റുകള്‍ തിരുത്താനാണ് നിയോഗിക്കപ്പെട്ടത്' ; ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു
ലണ്ടന്‍: ഇന്ത്യന്‍ വംശജന് ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി. ചാള്‍സ് മൂന്നാമന് രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബക്കിങാം കൊട്ടാരത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പുതിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
' നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പുടിന്- ഉക്രൈന് യുദ്ധം ലോകത്തെ സാമ്പത്തിക വിപണികളെ അസ്ഥിരപ്പെടുത്തി.മോശം ഉദ്ദേശത്തോടെയല്ലെങ്കിലും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നെ തെരഞ്ഞെടുത്തത് അത് തിരുത്താന്‍ വേണ്ടിയാണ്. വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തിക്കൊണ്ട് ഞാന്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കും. അതിനായി രാവും പകലും അധ്വാനിക്കും. '- ഋഷി സുനക് പറഞ്ഞു.
നേരത്തെ ലിസ് ട്രസ്സിനോട് പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട ശേഷമുള്ള ഗംഭീര തിരിച്ചുവരവാണ് ഋഷി നടത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്.
ബോറിസ് ജോണ്സണ്, തെരേസ മേ മന്ത്രിസഭകളില്‍ അംഗമായിരുന്ന റിഷി സുനക് 42ാം വയസിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. 200 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."