യുഎഇ ദേശീയദിനം: 10 ദിവസത്തെ അതിഗംഭീര ആഘോഷങ്ങൾക്കൊരുങ്ങി ഷാർജ
യുഎഇ ദേശീയദിനം: 10 ദിവസത്തെ അതിഗംഭീര ആഘോഷങ്ങൾക്കൊരുങ്ങി ഷാർജ
ഷാർജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഷാർജ. 10 ദിവസത്തെ ആഘോഷം സംഘടിപ്പിക്കാനുള്ള നിർദ്ദേശം ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അവലോകനം ചെയ്തു. ചൊവ്വാഴ്ച നടന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷനായിരുന്നു.
10 ദിവസങ്ങളിലായി ഷാർജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷങ്ങൾ നടക്കും. ആഘോഷത്തിന്റെ ഭാഗമായി യുഎഇയുടെ പൈതൃകം വെളിവാക്കുന്ന ഘോഷയാത്രകളും മാർച്ചുകളും സംഘടിപ്പിക്കും. സംഗീതം, നാടൻകലകൾ, വിനോദ പരിപാടികൾ എന്നിവയും നടക്കലും. ആകാശ കാഴ്ചകളും വെടിക്കെട്ടും അരങ്ങേറും. സമൂഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ജനപങ്കാളിത്തമുള്ള വൈവിധ്യമാർന്ന പരിപാടികൾ, ശിൽപശാലകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
കഴിഞ്ഞ വർഷം നവംബർ 24 മുതൽ ഡിസംബർ 3 വരെയായിരുന്നു ഷാർജ ദേശീയ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഈ വർഷവും സമാനരീതിയിലാകും ആഘോഷം നടക്കുക.
1971-ലെ എമിറേറ്റ്സിന്റെ ഏകീകരണത്തിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഓരോ എമിറേറ്റും ദേശീയദിനത്തിന്റെ ഭാഗമാവുക. ആഘോഷത്തിന്റെ ഭാഗമായി സ്വകാര്യ, പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടുകൂടിയ അവധി ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."