മാനന്തവാടി ബീവറേജസ് ഔട്ട്‌ലെറ്റ്; കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കമെന്ന്
മാനന്തവാടി: ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പുതുതായി തുടങ്ങുമെന്ന് പറയപ്പെടുന്ന മദ്യശാലയുടെ പേരില്‍ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ സമരം നടത്തുന്ന ആദിവാസി സ്ത്രീകളെ അപമാനിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും നീക്കം. ഔട്ട്‌ലറ്റ് പൂട്ടാന്‍ ആവശ്യപ്പെട്ട് ജില്ലാകലക്ടര്‍ പുറത്തിറക്കിയ ഉത്തരവിന് ഹൈക്കോടതി നല്‍കിയ താല്‍കാലിക സ്റ്റേ നീക്കി ഉത്തരവ് റദ്ദാക്കാന്‍ വേണ്ടി ഈ പ്രചാരണം ഉപയോഗിക്കാനാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നീക്കം നടത്തുന്നത്.
മാനന്തവാടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയാല്‍ തൊട്ടടുത്ത് കര്‍ണാടകയിലെ ബൈരക്കുപ്പ, ബാവലി പ്രദേശങ്ങളില്‍ കൂടുതല്‍ വിദേശമദ്യ ഷാപ്പുകള്‍ തുറക്കുമെന്നും ആദിവാസികള്‍ ഗുണനിലവാരം കുറഞ്ഞ മദ്യത്തെ ആശ്രയിക്കുമെന്നുമാണ് ബീവറേജസ് സമരത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്നവരുടെ ഇപ്പോഴത്തെ വാദം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ദണ്ഡാബൈരന്‍ക്കുപ്പ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വെങ്കിട്ടാമ പറയുന്നു. നിലവില്‍ പഞ്ചായത്തിന് മുന്‍പില്‍ മദ്യശാലക്കായി ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ല. നേരത്തെ ബാവലിയലെ റിസോര്‍ട്ടില്‍ അനധികൃത മദ്യ വില്‍പന വ്യാപകമായപ്പോള്‍ പ്രദേശ വാസികള്‍ പ്രക്ഷോപം നടത്തുകയും പഞ്ചായത്ത് ഇടപെട്ട് മദ്യ വില്‍പന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം മച്ചൂര്‍ ബൈരക്കുപ്പ, ഗൂളൂര്‍ ഭാഗങ്ങളില്‍ വ്യാജവാറ്റും പാക്കറ്റ് മദ്യ വില്‍പനയും വ്യാപകമാവുകയുണ്ടായി. ഇതേ തുടര്‍ന്ന് ഗൂളൂര്‍ ഗ്രാമസഭാ ചേര്‍ന്നാണ് മദ്യവി#െല്‍പനശാല ഗൂളൂരില്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഇത് പ്രകാരമാണ് ഏതാനും ദിവസം മുന്‍പ് കബനി തീരത്ത് മദ്യവില്‍പനശാല തുടങ്ങിയത്.
കൂടുതലായി മദ്യശാലകള്‍ തുറക്കാന്‍ നിലവില്‍ പഞ്ചായത്തിന് ആലോചനയില്ലെന്നും വെങ്കിട്ടാമ്മ പറഞ്ഞു. വസ്തുത ഇതായിരിക്കെയാണ് മാനന്തവാടി ബീവറേജസ് ഔട്ടലെറ്റ് പൂട്ടിയാല്‍ ബാവലിയില്‍ മദ്യ ഷാപ്പുകള്‍ തുറക്കുമെന്ന് പ്രചാരണം നടത്തുന്നത്.
ഇപ്പോള്‍ പുതുതായി തുറന്ന മദ്യശാലയിലെത്താന്‍ ബാവലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. പുല്‍പള്ളി, മരക്കടവ്, പെരിക്കല്ലൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് കബനി പുഴ കടന്നാല്‍ മതിയാവുമെങ്കിലും മാനന്തവാടിയില്‍ നിന്നെത്തുന്നവര്‍ക്ക് യാതൊരു വിധത്തിലും ഈ മദ്യശാല ഉപകാരപ്രദമല്ല.
ഗൂളൂരില്‍ തുടങ്ങിയ മദ്യശാലയിലെത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ നേരത്തെ തന്നെ നിരവധി മദ്യഷാപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്ന കുട്ടയിലെത്തുന്നതാണ് എളുപ്പം. കഴിഞ്ഞദിവസം ബീവറേജസിലെ സംയുക്ത തൊഴിലാളി സംഘടന പുറത്തിറക്കിയ ഫളക്‌സ് ബോര്‍ഡില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പുതുതായിതുറക്കുമെന്ന് പറയപ്പെടുന്ന മദ്യഷാപ്പുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബീവറേജസ് സമരത്തെ പരാജയപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഈ മാസം 30ന് ഹൈക്കോടതി കലക്ടരുടെ പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അതിര്‍ത്തിയിലെ മദ്യഷാപ്പുകള്‍ ഉയര്‍ത്തിക്കാട്ടാനും ബീവറേജസിന് നീക്കമുള്ളതായി പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."