സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം
സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കര്‍മാര്‍ ഇപ്പോള്‍ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായവരുടെ പേജുകളാണ് ഹാക്കര്‍മാരുടെ ലക്ഷ്യം.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യല്‍മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷന്‍ നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാര്‍ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്.
സമൂഹ മാധ്യമ കമ്പനികളില്‍ നിന്നുമള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കള്‍ അതില്‍ ക്ലിക്ക് ചെയ്യുന്നു. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതോടെ, യൂസര്‍നെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. അതുവഴി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും.
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ തിരികെകിട്ടുന്നതിന് വന്‍ തുകയായിരിക്കും ഹാക്കര്‍മാര്‍ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകള്‍ വിട്ടുകിട്ടുന്നതിന് പണം, അവര്‍ അയച്ചു നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സി വെബ്‌സൈറ്റുകളില്‍ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.
സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗതമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ അവരുടെ സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ക്കും അതിനോട് ബന്ധപ്പെടുത്തിയ ഇമെയില്‍ അക്കൌണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റുക. പാസ് വേഡുകള്‍ എപ്പോഴും ഓര്‍മ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.
- മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ നഷ്ടപ്പെടുമ്പോള്‍ ബാങ്ക് അക്കൌണ്ടുകള്‍ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.
- സമൂഹ മാധ്യമ അക്കൌണ്ടുകള്‍ക്ക് ദ്വിതല സുരക്ഷ (Two Step Verification) ഉറപ്പുവരുത്തുന്നതിന് Google Authenticator പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായം തേടുക.
- സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇമെയില്‍, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയില്‍ വരുന്ന സന്ദേശങ്ങളോടും മൊബൈല്‍ഫോണില്‍ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. അനാവശ്യ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്.
- സോഷ്യല്‍മീഡിയ അക്കൌണ്ടുകളില്‍ വരുന്ന സന്ദേശങ്ങള്‍, ലിങ്കുകള്‍ എന്നിവയുടെ വെബ്‌സൈറ്റ് വിലാസം (URL) പ്രത്യേകം നിരീക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."