മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ജീവനൊടുക്കി, പരാതി
കോഴിക്കോട്: മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി. ഉള്ളിയേരി നോര്‍ത്ത് കന്നൂര്‍ സ്വദേശി തണ്ണീരി വീട്ടില്‍ പ്രഭാകരന്റെ മകന്‍ പ്രശാന്തിനെയാണ് കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെങ്കിലും പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം പറയുന്നു.
മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നും കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു.
കുറിപ്പില്‍ പറയുന്ന പ്രകാരം 2014 മുതല്‍ കോഴിക്കോട് ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടര്‍ മരുന്നും ഗുളികയും നല്‍കി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെയും ദേഹത്തെയും രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി.വീണ്ടും മരുന്നു തുടര്‍ന്നെങ്കിലും ഒരുഫലവും കണ്ടില്ല. 2020 വരെ ചികിത്സയിലായിരുന്നു.
അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരെയായിരുന്നു പരാതി. പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി പൊലീസ് പറഞ്ഞു. അതേസമയം കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണു ഡോക്ടര്‍ പറയുന്നത്. പേരാമ്പ്ര എഎസ്പിക്ക് കുടുംബം നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."