പി.വി അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസ് ; അന്വേഷണത്തിന് തടസം കര്‍ണാടകയിലെ കൊവിഡ് നിയന്ത്രണമെന്ന് ക്രൈംബ്രാഞ്ച്
മഞ്ചേരി: പി.വി.അന്‍വര്‍ എം.എല്‍.എ പ്രതിയായ മംഗലാപുരം ക്രഷര്‍ തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് തടസമാകുന്നത് കര്‍ണാടകയിലെ കൊവിഡ് നിയന്ത്രണങ്ങളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പുകേസ് അട്ടിമറിച്ചെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഓഗസ്റ്റ് മൂന്നിന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് പി.വിക്രമന്‍ റിപ്പോര്‍ട്ട് സര്‍പ്പിച്ചത്.
കേസിന് ആധാരമായ ക്രഷറും അനുബന്ധ മുതലുകളും സംബന്ധിച്ച് മംഗലാപുരത്തെ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ഇതിന് തടസമാവുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്ന ശേഷം മംഗലാപുരത്തെത്തി അന്വേഷണം നടത്തും. ഇതിനു ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രഷറും അനുബന്ധ മുതലുകളും അന്‍വറിന് കൈമാറിയ കാസര്‍കോട് സ്വദേശിയോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അന്‍വര്‍ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി രണ്ടരവര്‍ഷം പിന്നിട്ടിട്ടും പുരോഗതിയില്ലെന്നും വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മലപ്പുറം നടുത്തൊടി സ്വദേശി സലീം ആണ് കോടതിയെ സമീപിച്ചത്. ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ കെ.ഇ സ്റ്റോണ്‍സ് ആന്‍ഡ് ക്രഷര്‍ എന്ന സ്ഥാപനം വിലയ്ക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞ് അന്‍വര്‍ സലീമില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."