HOME
DETAILS
MAL
തലയെടുപ്പോടെ... സ്വാഭിമാനം... ഐ.എന്‍.എസ് വിക്രാന്ത്
backup
August 29 2021 | 03:08 AM
എം. ഷഹീര്‍
ഫോട്ടോ: ഷമ്മി സരസ്
ഇന്ത്യന്‍ നാവികസേനയുടെ കുന്തമുനയാകാന്‍ പോകുന്ന ഐ.എന്‍.എസ് വിക്രാന്ത് എന്ന തദ്ദേശീയ നിര്‍മിത വിമാന വാഹിനിക്കപ്പല്‍ രാജ്യത്തിന് സമ്മാനിക്കുന്നത് അഭിമാനത്തിന്റെ സുവര്‍ണചരിതം. വിമാന വാഹിനിക്കപ്പല്‍ നിര്‍മാണത്തില്‍ ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചുവെന്നതാണ് വിക്രാന്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിലൂടെയുണ്ടായ പ്രധാന നേട്ടം. രൂപകല്‍പന മുതല്‍ നിര്‍മാണ പൂര്‍ത്തീകരണം വരെയും കടല്‍ പരിശീലനവുമുള്‍പ്പെടെ വിവിധ ഘട്ടങ്ങള്‍ വിക്രാന്ത് പൂര്‍ത്തീകരിച്ചു. നാവിക സേനയോടൊപ്പം കൊച്ചി കപ്പല്‍ശാലയെന്ന പൊതുമേഖനാ സ്ഥാപനത്തിനും കീര്‍ത്തിമുദ്ര ചാര്‍ത്തുകയാണ് കപ്പലിന്റെ നിര്‍മാണം. നിര്‍മാണത്തിനായി മുതല്‍ മുടക്കിയ 20,000 കോടിയില്‍ നല്ലൊരു പങ്കും ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരിലേക്ക് എത്തിയെന്ന പ്രത്യേകതയും വിക്രാന്തിനുണ്ട്. ഇതോടെ കപ്പലിനായി ചെലവിട്ട തുക രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തി. ആയിരങ്ങള്‍ക്ക് തൊഴിലവസരവും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. നിര്‍മാണത്തിനായി ഉപയോഗിച്ച 76 ശതമാനം വസ്തുക്കളും ഇന്ത്യന്‍ നിര്‍മിതമാണെന്ന പ്രത്യേകതയുമുണ്ട്.
പൂര്‍വജന്മം ബ്രിട്ടീഷ്
റോയല്‍ നേവിക്കായി
ബ്രിട്ടീഷ് റോയല്‍ നേവിക്ക് വേണ്ടിയാണ് ഐ.എന്‍.എസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പല്‍ ആദ്യമായി ജന്മമെടുക്കുന്നത്. 1945ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 10 വര്‍ഷത്തിന് ശേഷം 1957ലാണ് ഇന്ത്യന്‍ നാവികസേനക്കായി വാങ്ങുന്നത്. 1961ല്‍ കമ്മീഷന്‍ ചെയ്ത കപ്പല്‍ 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ കിഴക്കന്‍ പാകിസ്താനെ (ഇന്നത്തെ ബംഗ്ലാദേശ്) പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1997ല്‍ ഡീകമ്മീഷന്‍ ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലെന്ന ആശയത്തിലേക്ക് നാവികസേന കടക്കുന്നത്.
ഐ.എന്‍.എസ് വിക്രാന്തിന്റെ
പുനര്‍ജന്മം
ആഭ്യന്തരമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലെന്ന അഭിമാനകരമായ നേട്ടത്തിലേക്കുള്ള ആദ്യകാല്‍വയ്പ് 2004ല്‍ കൊച്ചി കപ്പല്‍ശാലക്ക് നാവികസേന ഓര്‍ഡര്‍ നല്‍കിയതോടെയാണ് സംഭവിച്ചത്. 2009 ഫെബ്രുവരിയിലാണ് നിര്‍മാണമാരംഭിച്ചത്. 2021 ഓഗസ്റ്റ് ആദ്യവാരത്തോടെ കപ്പല്‍ കടല്‍ പരിശീലനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു. കടലിലെ ആദ്യ പരീക്ഷണയോട്ടത്തില്‍ തന്നെ മുഴുവന്‍ സാങ്കേതിക സംവിധാനങ്ങളും വിജയകരമായി പ്രവര്‍ത്തിപ്പിക്കുകയെന്ന അപൂര്‍വനേട്ടവും വിക്രാന്തിന് സ്വന്തം. അടുത്തഘട്ട പരീക്ഷണയോട്ടത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 20,000 കോടി മുതല്‍ മുടക്കി നിര്‍മിച്ച കപ്പല്‍ 2022ഓടെ ഇന്ത്യന്‍ സാവികസേനയുടെ ഭാഗമാകുമെന്ന് ഡിഫന്‍സ് പി.ആര്‍.ഒ കൊച്ചി കമാന്‍ഡര്‍ അതുല്‍ പിള്ള പറഞ്ഞു.
വിക്രാന്തിന്റെ വിശേഷങ്ങള്‍
നാവികസേനയുടെ പ്രാഥമിക രൂപരേഖ പ്രകാരം അന്തിമരൂപകല്‍പ്പനയും നിര്‍മാണവും ഒരേസമയമാണ് നടത്തിയത്. അതിനാല്‍ നവീന സാങ്കേതിതവിദ്യകള്‍ കപ്പലിന് സ്വീകരിക്കാന്‍ കഴിഞ്ഞു. 40,000 ടണ്‍ കേവു ഭാരമുണ്ട് വിക്രാന്തിന്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ പരമാവധി വീതിയുമുണ്ട്. പുറംചട്ടക്ക് മാത്രം 21,000 ടണ്‍ ഭാരമുണ്ട്. 30 യുദ്ധ വിമാനങ്ങളും പത്തോളം ഹെലികോപ്റ്ററുകളും ഒരേസമയം കപ്പലില്‍ ഉള്‍ക്കൊള്ളാനാവും. അമേരിക്കന്‍ എം.എച്ച് 60 ആര്‍, കമോവ് കെ 31, സീ കിങ് എന്നിവ ഉള്‍പ്പെടുന്ന പത്തോളം റോട്ടറി വിങ് വിമാനങ്ങള്‍ക്കും ഇതില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കും. നാവികസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവിനും കപ്പലില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയും. നാല് ദിക്കിലേക്കും ആക്രമണം നടത്താന്‍ വിക്രാന്തിന് കഴിയും. 14 ഡെക്കുകളുള്ള കപ്പലിന് 2,300 കമ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. 1700 നാവികരെയും കപ്പലിന് വഹിക്കാനാവും.
സ്വന്തം ഉരുക്കുള്ളപ്പോള്‍
എന്തിന് റഷ്യ?
കപ്പലിന്റെ ചട്ടക്കൂട് തയ്യാറാക്കാന്‍ ആവശ്യമായ പ്രത്യേകയിനം ഉരുക്ക് റഷ്യയില്‍നിന്ന് വാങ്ങാനായിരുന്നു ആദ്യ തീരുമാനമെങ്കിലും റഷ്യ പിന്മാറുകയായിരുന്നു. അതോടെ തദ്ദേശീയമായ ഒരു സാങ്കേതിക വിദ്യയുടെ പിറവി കൂടി സംഭവിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നേവല്‍ മെറ്റീരിയല്‍ റിസര്‍ച്ച് ലബോറട്ടറീസ് ശക്തിയേറിയ ഉരുക്ക് നിര്‍മാണ സാങ്കേതികവിദ്യ വികസിപ്പിച്ചപ്പോള്‍ 'ആവശ്യം സൃഷ്ടിയുടെ മാതാവെ'ന്ന ആപ്തവാക്യം യാഥാര്‍ഥ്യമായി. സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യയാണ് സാങ്കേതികവിദ്യ പ്രകാരം ഉരുക്ക് നിര്‍മിച്ചത്. 24,000 ടണ്‍ ഉരുക്ക് കപ്പലിന്റെ ചട്ടക്കൂടിന് ഉപയോഗിച്ചു. മൂന്ന് ഈഫല്‍ ഗോപുരം നിര്‍മിക്കാനാവശ്യമായ ഉരുക്കാണിത്.
കൊച്ചി നഗരത്തിന്
വേണ്ടതിന്റെ പാതി വൈദ്യുതി
വിക്രാന്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൊച്ചി നഗരത്തിന്റെ പകുതി ആവശ്യം നിറവേറ്റാനാകുന്നത്രയും വരും. ടൗണ്‍ഷിപ്പിന് തുല്യമായി 12 നിലകളാണ് വിക്രാന്തിനുള്ളത്. ഡീസല്‍ ജനറേറ്ററുകളിലൂടെയാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി വിതരണത്തിന് ഉപയോഗിച്ച കേബിളിന്റെ ആകെ നീളം 2600 കിലോമീറ്ററാണ്. ഏതാണ്ട് കൊച്ചിയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്താനുള്ള ദൂരം. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സാണ് വൈദ്യുത സാമഗ്രികള്‍ നല്‍കിയതെന്ന് ഇലക്ട്രിക്കല്‍ സീനിയര്‍ ഓവര്‍സീയര്‍ കമാന്‍ഡര്‍ ശ്രീജിത്ത് പിള്ള പറഞ്ഞു.
ഉരുക്കിന് ആശ്രയിക്കേണ്ടി വന്നില്ലെങ്കിലും കപ്പലിലെ വിമാനങ്ങള്‍ക്ക് പറക്കാനും ഇറങ്ങാനും റഷ്യന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മേല്‍ത്തട്ടിലാണ് വിമാനങ്ങള്‍ ഇറങ്ങുന്നതും പറക്കുന്നതും. ഇതിനാവശ്യമായ ആശയവിനിമയ സംവിധാനങ്ങളാണ് റഷ്യന്‍ സങ്കേതികവിദ്യ ഉപയോഗിച്ചുള്ളത്. കടല്‍യാത്രയ്ക്ക് ആവശ്യമായ ഉപകരണങ്ങളും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.
ആയിരങ്ങളുടെ അധ്വാനം;
പെണ്‍കരുത്തും
വിവിധ വിഭാഗങ്ങളിലായി മൂവായിരം മുതല്‍ ആറായിരം വരെ ജീവനക്കാര്‍ കപ്പല്‍ നിര്‍മാണത്തില്‍ പങ്കാളികളായതായി പെരുമ്പാവൂര്‍ തെക്കേ വാഴക്കുളം സ്വദേശിയായ കമാന്റര്‍ അനൂപ് ഹമീദ് പറഞ്ഞു. അതില്‍ ഇരുപത്തഞ്ചോളം വനിതകളും പങ്കാളികളായിരുന്നു. ഐ.എന്‍.എസ് വിക്രാന്തിന്റെ നിര്‍മാണത്തിലും അതിന്റെ ആദ്യ കടല്‍ പരീക്ഷണത്തിലും പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ലെഫ്റ്റ്‌നന്റ കമാണ്ടര്‍ ജാനറ്റ് മേരി ഫിലിപ്പ് പറഞ്ഞു. കപ്പലിന്റെ പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികളൊഴിച്ച് മറ്റെല്ലാ ജോലികളിലും ഭാഗഭാക്കാകാന്‍ കഴിഞ്ഞതായി തലശേരി സ്വദേശിനിയായ ജാനറ്റ് പറഞ്ഞു. വിക്രാന്തിന്റെ ആദ്യ കടല്‍യാത്രയില്‍ നാവികസേന ഉദ്യോഗസ്ഥരും കപ്പല്‍ശാല ജീവനക്കാരുമടക്കം 1200 ഓളം പേരില്‍ ആറു വനിതകളുമുണ്ടായിരുന്നു. ജാനറ്റിനു പുറമേ ലഫ്റ്റനന്റ് കമാന്റര്‍ ദര്‍ഷിദ ബാബുവും കപ്പല്‍ ശാലാ ഉദ്യോഗസ്ഥരായ രേവതി എസ്. സനല്‍, സ്മൃതി ബി, അഞ്ചു സി.എസ്, രോഹിണി ചന്ദ്രന്‍ എന്നിവരുമാണുണ്ടായത്.
മുന്നില്‍ നിന്ന് നയിച്ചവര്‍
രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ വിക്രാന്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന് സാഹചര്യം ഒരുക്കുന്നതില്‍ ദക്ഷിണ നാവിക സേന കമാന്റ് മേധാവി വൈസ് അഡ്മിറല്‍ എ.കെ ചൗളയും കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ കൊമോഡോര്‍ മധു എസ്. നായരും മികച്ച നേതൃത്വം നല്‍കി. 2009ല്‍ കപ്പല്‍ നിര്‍മാണം ആരംഭിച്ച കാലയളവ് മുതല്‍ ഈ പദവികളില്‍ ഇരുവരും ഉണ്ടായിരുന്നില്ലെങ്കിലും നിര്‍ണായകമായ നിര്‍മാണ പൂര്‍ത്തീകരണ വേളയില്‍ ഈ ചരിത്ര നിയോഗം ഇവരിലേക്ക് എത്തിച്ചേരുകയായിരുന്നു. കപ്പലിന്റെ രൂപകല്‍പന മുതല്‍ പരീക്ഷണ യാത്ര വരെയുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുക എന്ന വെല്ലുവിളിനിറഞ്ഞ ദൗത്യം എ.കെ ചൗളയുടെതായിരുന്നു. സാങ്കേതികത്തികവോടെയുള്ള നിര്‍മാണ പൂര്‍ത്തീകരണത്തിന് മധു എസ്. നായര്‍ കപ്പല്‍ശാലയിലെ സംവിധാനങ്ങളെ മികവോടെ ചേര്‍ത്തുനിര്‍ത്തി. ഏകോപനം വേണ്ട കാര്യങ്ങളില്‍ ഇരുവരും ഒരേ മനസോടെ സംവിധാനങ്ങള്‍ കോര്‍ത്തിണക്കി.
വിക്രാന്തിന് പിന്‍ഗാമി
ഐ.എ.സി2
തദ്ദേശീയമായി രാജ്യം ആദ്യമായി നിര്‍മിച്ച ഐ.എന്‍.എസ് വിക്രാന്തിന് പിന്നാലെ മറ്റൊരു വിമാനവാഹിനി കപ്പല്‍ കൂടി നിര്‍മിക്കാനുള്ള കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയും കൊച്ചി കപ്പല്‍ശാലയും. ഇത് സംബന്ധിച്ച പദ്ധതി രൂപരേഖ ദക്ഷിണ നാവിക കമാന്‍ഡും കൊച്ചി കപ്പല്‍ശാലയും സംയുക്തമായി പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി നേവല്‍ ആര്‍ക്കിടെക്ട് കമാന്റര്‍ മനോജ് കുമാര്‍ പറഞ്ഞു. വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 65,000 ടണ്‍ കേവുഭാരമുണ്ടാകുന്ന കപ്പല്‍ നിര്‍മിക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും കൊച്ചി കപ്പല്‍ശാലക്കുണ്ട്. ഐ.എന്‍.എസ് വിക്രാന്തിനേക്കാള്‍ കൂടുതല്‍ അത്യാധുനിക സാങ്കേതികവിദ്യകളും പുതിയ കപ്പലിന്റെ പ്രത്യേകതകളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."