ADVERTISEMENT
HOME
DETAILS

'നസീഫുല്‍ ഹജര്‍': മരുഭൂമിയുടെ വിലാപം

ADVERTISEMENT
  
backup
August 29 2021 | 04:08 AM

56356354
ഡോ. എന്‍. ഷംനാദ്
 
മരുഭൂമിയിലെ വലിയ ഉരുളന്‍ പാറപ്പുറത്ത് ബന്ധിതനായി കിടക്കുകയാണ് അസൂഫ്. ശിരസ് നെഞ്ചിലേക്ക് കുനിഞ്ഞ് വീണിരിക്കുന്നു. മുഖമാകെ വാടി. വിളറിയ ചുണ്ടുകള്‍. പാറപ്പുറത്തെ വദ്ദാനിന്റെ രൂപത്തിന് മുകളിലാണ് അസൂഫ് കിടക്കുന്നത്. അതിന്റെ കൊമ്പുകള്‍ സര്‍പ്പം കണക്കെ അയാളുടെ കഴുത്തിനരികെ വളഞ്ഞുനില്‍ക്കുന്നത് കാണാം. തൊട്ടരികിലുള്ള മുഖംമറച്ച മഹാമാന്ത്രികന്റെ രൂപം അനുഗ്രഹിക്കാനെന്നവണ്ണം അസൂഫിന്റെ ചുമലുകളില്‍ സ്പര്‍ശിക്കുന്നതുപോലെ തോന്നുന്നു.
 
പടിഞ്ഞാറുവശത്തുകൂടി പാറപ്പുറത്തേക്ക് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഖാബീലിനെ തടയാന്‍ നോക്കി കൂട്ടാളിയായ മസ്ഊദ്. 'ഈ പാവത്തിനെ ഒന്നും ചെയ്യല്ലേ'. എന്നാല്‍ ഖാബീല്‍ കൈയിലിരുന്ന കഠാര വീശിയതും മസ്ഊദിന് മാറിനില്‍ക്കേണ്ടി വന്നു. പാറപ്പുറത്തേക്ക് കയറി നട്ടുച്ചനേരത്തെ സൂര്യന് നേര്‍ക്ക് നോക്കി ഖാബീല്‍ ആര്‍ത്തട്ടഹസിച്ചു. ശേഷം പാറപ്പുറത്ത് കെട്ടിയിട്ടിരിക്കുന്ന ആട്ടിടയന്റെ ശിരസിനരികിലേക്ക് കുനിഞ്ഞ് ചെന്നു. താടിയില്‍ പിടിച്ചുയര്‍ത്തിയശേഷം അയാള്‍ കൈയിലിരുന്ന കഠാര അസൂഫിന്റെ കഴുത്തില്‍ കുത്തിയിറക്കാന്‍ തുടങ്ങി. ഹമ്മാദ മരുഭൂമിയിലെ കലമാന്‍ കൂട്ടങ്ങളെയാകെ കൊന്നൊടുക്കിയ ഘാതകന്റെ വൈദഗ്ധ്യമായിരുന്നു ഖാബീലിന് അന്നേരം. അസൂഫാകട്ടെ നിലവിളിച്ചതേയില്ല. ചെറുത്തുനിന്നതുമില്ല. പകരം ഇതൊക്കെ കണ്ടുനിന്ന മസ്ഊദായിരുന്നു നിലവിളിച്ചു പോയത്. അടുത്തുള്ള കുന്നിന്‍പുറങ്ങളില്‍  നിന്ന് ആ അലര്‍ച്ച പ്രതിധ്വനിക്കാന്‍ തുടങ്ങി. മരുഭൂമിയാകെ പ്രകമ്പനം കൊണ്ടു. പാറമടകളില്‍നിന്ന് ജിന്നുകള്‍ അലറിക്കരയുന്നതുപോലെ തോന്നി. സൂര്യന്റെ മുഖമാകെ കറുത്തുപോയി.
അസൂഫിന്റെ അറുത്തെടുത്ത ശിരസ് പാറപ്പുറത്തേക്ക് ഖാബീല്‍ വലിച്ചെറിഞ്ഞു. അപ്പോഴതാ കഴുത്തില്‍നിന്ന് വേര്‍പ്പെട്ട ആ ശിരസിലെ ചുണ്ടുകള്‍ മന്ത്രിക്കാന്‍ തുടങ്ങി: 'ആദമിന്റെ മകന്റെ ആര്‍ത്തി തീരണമെങ്കില്‍ പച്ചമണ്ണ് തിന്നേ തീരൂ!' രക്തം ഒലിച്ചിറങ്ങിയതും പാറപ്പുറത്ത് കൊത്തിവച്ചിരുന്ന ആ പുരാതന ലിഖിതം തെളിഞ്ഞുവന്നു: 'മഹാമാന്ത്രികനായ മദ്ഖന്തൂഷിന്റെ പ്രവചനമിതാ. വരുംതലമുറകള്‍ക്ക് മോക്ഷം ലഭിക്കണമെങ്കില്‍ വിശുദ്ധ വദ്ദാനിന്റെ രക്തം പാറപ്പുറത്തേക്ക് ഒലിച്ചിറങ്ങിയേതീരൂ. അതോടെ നിങ്ങളുടെ മേലുള്ള ശാപം കഴുകിക്കളയുന്ന മഹാത്ഭുതം സംഭവിക്കും. ഭൂമി പരിശുദ്ധയാകും. മരുഭൂമി പ്രളയത്തില്‍ മുങ്ങിത്താഴും!'.
 
പാറപ്പുറത്തെ ശിലാചിത്രങ്ങള്‍ക്ക് മുകളിലൂടെ ഒലിച്ചിറങ്ങുന്ന രക്തം മണലിലേക്ക് ഇറ്റുവീഴുന്നതിനിടയില്‍ ആകാശം കറുത്തിരുണ്ടതും മേഘങ്ങള്‍ സൂര്യനെ മൂടിയതുമൊന്നും ഖാബീല്‍ അറിയുന്നുണ്ടായിരുന്നില്ല. മസ്ഊദാകട്ടെ ലാന്റ് റോവറിലേക്ക് ചാടിക്കയറി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കി. അപ്പോഴേക്കും മഴ പേമാരിയായി പെയ്തിറങ്ങാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു!'
 
ലിബിയന്‍ എഴുത്തുകാരനായ ഇബ്‌റാഹീം അല്‍കോനിയുടെ വിഖ്യാത അറബി നോവലായ 'നസീഫുല്‍ ഹജര്‍' (1990) അവസാനിക്കുന്നത് ഇങ്ങനെയാണ്. വംശനാശഭീഷണി നേരിടുന്ന 'വദ്ദാന്‍' എന്ന മലയാടിനെ കാട്ടിക്കൊടുക്കാത്തതിനാല്‍ വേട്ടക്കാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ആട്ടിടയനായ അസൂഫിന്റെ കഥ. ഉപഭോഗ സംസ്‌കാരത്തിന്റെ മാംസക്കൊതി തീരാത്ത മനുഷ്യര്‍ മരുഭൂമിയിലെ സാധുമൃഗങ്ങളെയാകെ വേട്ടയാടുന്ന ഭീകരകാഴ്ച പങ്കുവയ്ക്കുകയാണ് അല്‍കോനി. ഒപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം രക്തബന്ധത്തിലേതുപോലെ പവിത്രമാണെന്ന വിസ്മയകരമായ ചിന്തയും മാജിക്കല്‍ റിയലിസം ശാഖയില്‍ പെടുത്താവുന്ന ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. മരുഭൂമിയുടെ നൈതികത നാഗരികതയെക്കാള്‍ മഹത്തരവും ഉദാത്തവുമാണെന്ന് തന്റെ മറ്റ് നോവലുകളിലേതുപോലെ അല്‍കോനി ഈ കൃതിയിലും അടിവരയിട്ടു പറയുന്നത് കാണാം. യാഥാര്‍ഥ്യവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന നോണ്‍ലീനിയര്‍ നരേഷനില്‍ ഇസ്‌ലാം, ക്രൈസ്തവത, മഗ്‌രിബ് സൂഫിസം, ബെര്‍ബര്‍ ഫോക്‌ലോര്‍ മിത്തുകളും വിശ്വാസങ്ങളും ചരിത്രവും ഇഴുകിച്ചേരുന്നത് വായിച്ചറിയാം.
 
അസൂഫിന്റെ കഥ
 
തെക്കന്‍ ലിബിയയിലെ സഹാറാ മരുഭൂമിയില്‍ കഴിയുന്ന ബെര്‍ബര്‍ വംശജരായ 'ത്വവാരിഖ്' വിഭാഗത്തില്‍ പെട്ടയാളാണ് അസൂഫ്. നീലക്കണ്ണുകളുള്ള മുഖം മറച്ചുനടക്കുന്ന പുരുഷന്മാരുള്ള ബദവി വിഭാഗമാണ് ത്വവാരിഖുകള്‍. ഉമ്മയ്ക്കും വാപ്പയ്ക്കും മകനായി അസൂഫ് മാത്രമേയുള്ളൂ. മരുപ്പച്ചയില്‍ നിന്നകലെ ഉള്‍മരുഭൂമിയിലെ പാറമടയിലാണവര്‍ താമസിക്കുന്നത്. 'മരുഭൂമിയാണ് മോനേ യഥാര്‍ഥ നിധി. മനുഷ്യരുടെ തിന്മകളില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്നവര്‍ക്ക് മരുഭൂമി അഭയം നല്‍കും. യഥാര്‍ഥ സംതൃപ്തി നമുക്കിവിടെ ലഭിക്കും'. വാപ്പയുടെ ഈ വാക്കുകള്‍ കേട്ടാണ് അസൂഫ് വളര്‍ന്നത്. അവര്‍ക്ക് വേട്ടയാടല്‍ മറ്റ് മനുഷ്യരെപ്പോലെ ഒരു വിനോദമല്ല, പട്ടിണി കിടന്ന് മരിക്കാതിരിക്കാനുള്ള അതിജീവനമാര്‍ഗം മാത്രമാണത്. മരുഭൂമിയുടെ സൗന്ദര്യത്തെ ആദരിച്ചിരുന്ന മനുഷ്യനായിരുന്നു അസൂഫിന്റെ പിതാവ്. സൂഫിയുടെ മനസുള്ളൊരു അന്തര്‍മുഖന്‍.
 
മലയുടെ ആത്മാവ്
 
പണ്ട് മണല്‍മരുഭൂമിയും മലമരുഭൂമിയും വലിയ ശത്രുതയിലായിരുന്നുവത്രെ. പേമാരി വര്‍ഷിച്ചാണ് ദൈവം അവരെ ശിക്ഷിച്ചത്. അങ്ങനെ രണ്ടുപേരെയും തമ്മിലകറ്റി നിര്‍ത്തി. എന്നിട്ടും അവരുടെ കൊടിയ പക തീര്‍ന്നതേയില്ല. അവസാനം അവര്‍ക്കൊരു പുതിയ ശത്രുവിനെ സൃഷ്ടിക്കാന്‍ തന്നെ ദൈവം തീരുമാനിച്ചു, മനുഷ്യന്‍! ഒപ്പം മണല്‍മരുഭൂമിയുടെ ആത്മാവ് കലമാനിലും മലയുടെ ആത്മാവ് വദ്ദാനിലും പ്രവേശിച്ചു. മരുഭൂമിയിലെ ഏറ്റവും പുരാതനമൃഗമായിരുന്നുവത്രെ വദ്ദാന്‍. പതിനേഴാം നൂറ്റാണ്ടില്‍ തന്നെ യൂറോപ്പില്‍ വംശനാശം വന്നൊരു മലയാടാണിത്. പോരാട്ടതൃഷ്ണയുടെ പേരില്‍ വിഖ്യാതമായ വദ്ദാന്റെ മാംസത്തിന് അപാരരുചിയാണെന്നാണ് പഴയവേട്ടക്കാര്‍ പറയുന്നത്. എന്നാല്‍ ഏത് മൃഗങ്ങളെ വേട്ടയാടിയാലും വദ്ദാനെ പിടികൂടാന്‍ പാടില്ലെന്നാണ് അസൂഫിനോട് വാപ്പ പറഞ്ഞിട്ടുള്ളത്.
 
പക്ഷേ, തന്റെ കുടുംബം പട്ടിണികിടന്നു മരിക്കാതിരിക്കാന്‍ ഒരുനാള്‍ ആ പിതാവിന് സ്വന്തം പ്രതിജ്ഞ ലംഘിക്കേണ്ടിവന്നു. വദ്ദാനുമായി അയാളൊരു മല്ലയുദ്ധം തന്നെ നടത്തി. എന്നാലവസാനം അയാള്‍ തോക്ക് കൈയിലെടുത്തതോടെ അഭിമാനിയായ വദ്ദാന്‍ കുന്നിന്‍പുറത്തുനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. തുല്യതയില്ലാത്ത പോരാട്ടത്തിലൂടെ തന്നെ കീഴടക്കാന്‍ ശ്രമിക്കുന്ന എതിരാളിയായ മനുഷ്യന് കീഴടങ്ങുന്നതിനെക്കാള്‍ ഭേദം മരണമാണെന്ന് അഭിമാനിയായ വദ്ദാന്‍ തീരുമാനിച്ചു. ഈ സംഭവം അസൂഫിന്റെ പിതാവിനെ ആകെ ഉലച്ചുകളഞ്ഞു. ഒരു ദിവസം വേട്ടയ്ക്ക് പോയ ആ മനുഷ്യന്‍ കുന്നിന്‍പുറത്തുനിന്ന് താഴേക്ക് വീണു മരിച്ചു. അങ്ങനെ വദ്ദാനെ വേട്ടയാടില്ലെന്ന പ്രതിജ്ഞാലംഘനത്തിന് സ്വന്തം ജീവിതം തന്നെ പകരം നല്‍കേണ്ടി വന്നു അസൂഫിന്റെ പിതാവിന്.
 
പുതിയ ജന്മം
 
പിതാവിന്റെ അന്ത്യം പക്ഷേ, അസൂഫിന്റെ കണ്ണ് തുറപ്പിച്ചില്ല. ഏതോ ശക്തിയുടെ ചരടുവലികള്‍ യുവാവായ അസൂഫിനെയും വദ്ദാനിന്റെ അരികിലെത്തിച്ചു. മലയടിവാരത്തില്‍വച്ച് കണ്ണില്‍പെട്ട വദ്ദാനിന്റെ കഴുത്തു ലക്ഷ്യമാക്കി കുരുക്കെറിഞ്ഞു. എന്നാല്‍ വാശിക്കാരനായ മലയാട് അവനെയും വലിച്ചുകൊണ്ട് കുന്നിന്‍മുകളിലേക്ക് കുതിച്ചു. കൂര്‍ത്ത പാറക്കല്ലുകളില്‍ ഇടിച്ച് ദേഹം മുഴുവന്‍ മുറിഞ്ഞിട്ടും അസൂഫ് പിടിവിട്ടില്ല. കുന്നിന്‍മുകളിലെത്തിയതും കയറില്‍നിന്ന് പിടിവിട്ട് പാറപ്പുറത്തുനിന്ന് തെന്നിവീണു. താഴേക്ക് പതിക്കുന്നതിനിടയില്‍ ഏതോ പാറയിടുക്കില്‍ അള്ളിപ്പിടിച്ചില്ലായിരുന്നെങ്കില്‍ കഥ അതോടെ കഴിയുമായിരുന്നു. സഹായിക്കണേയെന്ന് അലറിക്കരഞ്ഞെങ്കിലും ആ നിലവിളി ആരും കേട്ടില്ല. വാപ്പ പറഞ്ഞുകേട്ട കഥകളിലെ ജിന്നുകളിലാരെങ്കിലും സഹായത്തിനെത്തിയെങ്കിലെന്ന് മനസ് കേണു. പാറമടയ്ക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയുന്ന ഉമ്മയുടെ കാര്യമോര്‍ത്തപ്പോള്‍ എങ്ങനെയും രക്ഷപ്പെട്ടേതീരൂവെന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു.
 
നേരം പുലരാറായതും ഒരു കയര്‍ താഴേക്ക് നീണ്ടുവരുന്നത് സ്വപ്‌നത്തിലെന്നതുപോലെ കണ്ടു. അതില്‍ പിടിച്ചുതൂങ്ങി മുകളിലെത്തിയപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അതാ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ വദ്ദാന്‍. ഏതൊരു മലയാടിനെയാണോ വേട്ടയാടിപ്പിടിക്കാന്‍ നോക്കിയത് അതേ വദ്ദാന്‍ താന്‍ കുടുക്കിയ കയര്‍ താഴേക്കിട്ട് തന്നെ രക്ഷിച്ചിരിക്കുന്നു. വദ്ദാന്റെ കണ്ണുകളിലേക്ക് നോക്കിയ അസൂഫ് കണ്ടത് തന്റെ പിതാവിന്റെ നേത്രങ്ങള്‍ തന്നെയായിരുന്നു. ബോധം കെടുന്നതിന് മുമ്പ് അവന്‍ പറഞ്ഞുപോയി: 'നീ എന്റെ വാപ്പ തന്നെയാണ്. ഞാന്‍ നിന്നെ തിരിച്ചറിയുന്നു വദ്ദാന്‍.' പിറ്റേന്ന് ബോധം തിരിച്ചുകിട്ടുമ്പോള്‍ പുതിയൊരു അസൂഫ് ജനിക്കുകയായിരുന്നു. വദ്ദാനെ വേട്ടയാടില്ലെന്ന് പ്രതിജ്ഞ ചെയ്ത ആ ആട്ടിടയന്‍ മാംസം കഴിക്കില്ലെന്നും തീരുമാനിച്ചു.
 
മരുപ്പച്ചയിലേക്ക്
 
ആടുകളെ മേച്ച് ജീവിക്കുന്ന അസൂഫിന് മാസത്തിലൊരിക്കലോ മറ്റോ സമീപത്തുകൂടി കടന്നുപോകുന്ന കാരവന്‍ ഒട്ടകസംഘങ്ങളെ കാണാന്‍ അവസരം കിട്ടും. അവര്‍ക്ക് തന്റെ ആടുകളെ കൊടുക്കുമ്പോള്‍ പകരം ലഭിക്കുന്ന ധാന്യങ്ങള്‍ വിശപ്പടക്കാന്‍ മതിയാകും. അങ്ങനെയിരിക്കെ മരുഭൂമിയില്‍ വലിയൊരു പ്രളയമുണ്ടായി. പാറമടയില്‍ കഴിഞ്ഞ ഉമ്മയേയും കൊണ്ടാണ് ആ പേമാരി പോയത്. ഉമ്മയുടെ വികൃതമായ ശവശരീരം കിട്ടിയത് തന്നെ അകലെയുള്ള താഴ്‌വരയില്‍നിന്നാണ്. അതോടെ അസൂഫ് തീര്‍ത്തും അനാഥനായി. പ്രളയത്തിന് പിന്നാലെ കടുത്ത ക്ഷാമം വന്നു. മൂന്ന് വര്‍ഷം നീണ്ടുനിന്ന ക്ഷാമത്തിനിടയ്ക്ക് ആടുകളെല്ലാം ചത്തുമലച്ചു.
ഗത്യന്തരമില്ലാതെ ഉള്‍മരുഭൂമിയില്‍നിന്ന് ഗാതിലെ മരുപ്പച്ചയിലേക്ക് ചെന്ന അസൂഫിനെ ആദ്യദിവസം തന്നെ ഇറ്റാലിയന്‍ പട്ടാളക്കാര്‍ പിടികൂടി. അക്കാലത്ത് ലിബിയ ഇറ്റലിയുടെ കോളനിയായിരുന്നു. എത്യോപ്യയിലേക്ക് കൂലിപ്പട്ടാളക്കാരായി ലിബിയന്‍ നാടോടികളെ അടിമകളാക്കി കൊണ്ടുപോകുകയായിരുന്നു ഇറ്റലിക്കാര്‍. എന്നാല്‍ തടവുകാരെ വരിവരിയായി കൊണ്ടുപോകുന്നതിനിടയില്‍ അതിവിചിത്രമായൊരു സംഭവം നടന്നു. തടവുകാരിലൊരാള്‍ അതാ രക്ഷപ്പെട്ടോടുന്നു. പതിയെ ഒരു മലയാടിന്റെ രൂപം പൂണ്ട ആ മനുഷ്യന്‍ കുന്നിന്‍പുറം ലക്ഷ്യമാക്കി ഓടുകയാണ്. പട്ടാളക്കാര്‍ തുരുതുരെ വെടിവച്ചിട്ടും ഒന്നുപോലും അയാളുടെ ദേഹത്ത് കൊണ്ടില്ല. അയാള്‍ വല്ല 'വലിയ്യു'മായിരിക്കുമെന്നാണ് ഈ അതിശയവാര്‍ത്ത അറിഞ്ഞ ഗാതിലെ സൂഫികള്‍ പറഞ്ഞത്.
 
മദ്ഖന്തൂഷിന്റെ സംരക്ഷകന്‍
 
വര്‍ഷങ്ങള്‍ മുപ്പത് പിന്നിട്ടിരിക്കുന്നു. അസൂഫ് മദ്ഖന്തൂഷ് താഴ്‌വരയിലെ ഗുഹാചിത്രങ്ങളുടെ സംരക്ഷകനാണിപ്പോള്‍. പുരാവസ്തു വകുപ്പ് അയാളെ ഈ ഗുഹകളുടെയും ശിലാലിഖിതങ്ങളുടെയും സംരക്ഷകനായി നിയമിച്ചു. ഇടയ്ക്കിടയ്ക്ക് ഈ പുരാവസ്തു കാഴ്ചകള്‍ കാണാനായി യൂറോപ്യന്‍ സഞ്ചാരികള്‍ വരും. വലിയ പാറപ്പുറത്ത് വദ്ദാനിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന മഹാമാന്ത്രികനായ മദ്ഖന്തൂഷിന്റെ ചിത്രം കാണുമ്പോള്‍ സഞ്ചാരികളില്‍ പലരും മുട്ടുകുത്തിനിന്ന് പ്രാര്‍ഥിക്കും. അവര്‍ നല്‍കുന്ന ബിസ്‌കറ്റും ടിന്നിലടച്ച ഭക്ഷണവുമൊക്കെയാണ് അസൂഫിന് ആകെ വേണ്ടത്. പണത്തിന്റെ വിലയെന്താണെന്ന് അയാള്‍ക്കറിയില്ല.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതും ഒരു ലാന്റ്‌റോവര്‍ കാര്‍ പൊടിപറത്തി താഴ്‌വരയിലെത്തി. പതിവില്‍നിന്നു വിരുദ്ധമായി ഇത്തവണ വന്നത് രണ്ട് ലിബിയക്കാര്‍ തന്നെയായിരുന്നു. ഖാബീല്‍ ആദമും മസ്ഊദ് ദബ്ബാശിയും. അവര്‍ക്ക് പക്ഷേ, ശിലാചിത്രങ്ങളൊന്നുമല്ല കാണേണ്ടിയിരുന്നത്. വിശിഷ്ടമായ രുചിയുണ്ടെന്ന് കേള്‍വികേട്ട വദ്ദാന്റെ മാംസം തേടിയാണവര്‍ വന്നിരിക്കുന്നത്.
 
ഖാബീലിന്റെ കഥ
 
ജനിച്ചുവീണത് മുതലേ രക്തപങ്കിലമാണ് ഖാബീലിന്റെ ജീവിതം. ഗര്‍ഭത്തിലിരിക്കെതന്നെ പിതാവിനെ ആരോ കുത്തിക്കൊന്നു. ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാതാവ് പാമ്പ് കടിയേറ്റ് മരിച്ചു. എടുത്തുവളര്‍ത്തിയ ഉമ്മയുടെ സഹോദരിയും ഭര്‍ത്താവും മരുഭൂമിയില്‍ വെള്ളംകിട്ടാതെ ദാഹിച്ചുമരിച്ചു. അതുവഴി വന്ന ഒട്ടകസംഘത്തിലെ ആദം കണ്ടകാഴ്ച കലമാനിന്റെ വയറ് പിളര്‍ന്ന് രക്തം കുടിക്കുന്ന കുഞ്ഞായ ഖാബീലിനെയാണ്. അയാള്‍ ആ കുഞ്ഞിനെ എടുത്തുവളര്‍ത്തി. പിന്നീട് മരുഭൂമിയിലെ നരഭോജികളായ 'യംയം' ഗോത്രക്കാര്‍ ആദമിനെ കൊന്നുതിന്നുകയായിരുന്നു.
യുവാവായ ഖാബീല്‍ ഹമ്മാദ മരുഭൂമിയിലെ പേരുകേട്ട വേട്ടക്കാരനായി മാറി. കലമാനുകളെ ഒന്നൊന്നായി അയാള്‍ കൊന്നുതിന്നാന്‍ തുടങ്ങി. അടങ്ങാത്ത മാംസക്കൊതി ഖാബീലിനെ അമേരിക്കന്‍ പട്ടാളക്കാരനായ ജോണ്‍ പാര്‍ക്കറിന്റെ അരികിലെത്തിച്ചു. അയാള്‍ നല്‍കിയ പഴയ ലാന്റ് റോവര്‍ കാറും, ഷോട്ട് ഗണ്ണും ഉപയോഗിച്ച് ഖാബീല്‍ വടക്കന്‍ ലിബിയയിലെ കലമാന്‍ കൂട്ടങ്ങളെയാകെ കൊന്നൊടുക്കി. അവശേഷിച്ച ഏതാനും മാനുകള്‍ തെക്കോട്ട് ഓടിപ്പോയപ്പോള്‍ ജോണ്‍ പാര്‍ക്കറിനൊപ്പം ഹെലികോപ്റ്ററില്‍ വേട്ടയ്ക്കിറങ്ങി ഖാബീല്‍. അപ്പോഴാണ് വദ്ദാനെക്കുറിച്ച് അയാള്‍ കേള്‍ക്കുന്നത്. അതോടെ സുഹൃത്തായ മസ്ഊദിനെയും കൂട്ടി ഖാബീല്‍ അസൂഫിനെ തിരക്കിയിറങ്ങി.
 
രക്തം ചിന്തിയ പാറക്കല്ല്
 
തനിക്ക് വദ്ദാനുകള്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും അവയൊക്കെ എന്നോ നശിച്ചുപോയെന്നും അസൂഫ് കള്ളം പറഞ്ഞുനോക്കിയിട്ടും ഖാബീല്‍ പിന്തിരിഞ്ഞില്ല. അസൂഫിനെയും വാഹനത്തില്‍ കയറ്റി അവര്‍ വേട്ടയ്ക്കിറങ്ങി. വദ്ദാന്‍ തങ്ങളുടെ മുന്നില്‍വന്ന് പെടരുതെന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു ആ ആട്ടിടയന്‍ യാത്രയിലുടനീളം. ക്രുദ്ധനായ ഖാബീല്‍ വൃദ്ധനായ അസൂഫിനെ മദ്ഖന്തൂഷിന്റെ പാറക്കല്ലില്‍ കെട്ടിയിട്ടു. അന്ന് രാത്രി വദ്ദാനെ സ്വപ്‌നം കാണുന്ന ഖാബീല്‍ പിറ്റേന്ന് പകല്‍ പകയോടെ അസൂഫിന്റെയരികിലെത്തി. വദ്ദാനെ കാണിച്ചുകൊടുക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴെല്ലാം അസൂഫ് പറഞ്ഞത് പണ്ട് വാപ്പയില്‍നിന്ന് കേട്ട വാക്കുകള്‍ മാത്രമായിരുന്നു: 'ആദമിന്റെ മകന്റെ ആര്‍ത്തിതീരണമെങ്കില്‍ പച്ചമണ്ണ് തിന്നേതീരൂ'. ഖാബീലിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കൈയിലുണ്ടായിരുന്ന കഠാരികൊണ്ട് അയാള്‍ അസൂഫിന്റെ ശിരസ് അറുത്തെടുത്തു. തന്റെ ജീവന്‍ രക്ഷിച്ച വദ്ദാന് വേണ്ടി ആ ആട്ടിടയന്‍ ജീവന്‍ ബലിയര്‍പ്പിക്കുകയായിരുന്നു. കുറ്റബോധമില്ലാതെയാണ് അസൂഫ് മരണത്തെ സ്വീകരിച്ചത്. അയാളുടെ രക്തം പാറപ്പുറത്തെ വദ്ദാനിന്റെ രൂപത്തിന് മുകളിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍ മഹാമാന്ത്രികന്റെ പ്രവചനം യാഥാര്‍ഥ്യമായി. വദ്ദാനിന്റെ രക്തം പാറമേല്‍ ചിന്തിയാല്‍ മാനംപൊട്ടി പേമാരി പെയ്തിറങ്ങുമെന്നും അങ്ങനെ മരുഭൂമി പരിശുദ്ധമാകുമെന്ന പ്രവചനം!
 
ആദിപാപത്തിന്റെ 
പുനരാവിഷ്‌കാരം
 
ബൈബിള്‍ പഴയ നിയമത്തിലെ ഉല്‍പ്പത്തി പുസ്തകത്തിലുള്ള ആദിപാപത്തിന്റെ വിവരണത്തോടെയാണ് അല്‍കോനി 'നസീഫുല്‍ ഹജര്‍' ആരംഭിക്കുന്നത്. ആദിമനുഷ്യനായ ആദമിന്റെ പുത്രനായ ഖാബീല്‍ (കായേന്‍) തന്റെ സഹോദരനായ ഹാബീലി (ആബേല്‍)നെ കൊല്ലുന്ന കഥയോടെ. നോവലില്‍ ഖാബീലിന്റെ വളര്‍ത്തച്ഛന്‍ ആദമാകുന്നത് യാദൃച്ഛികമല്ല. രക്തബന്ധമാണ് ഏറ്റവും പരിപാവനമായ ബന്ധമെന്ന ബദവി വിശ്വാസത്തില്‍ അധിഷ്ഠിതമാണ് നോവല്‍ പങ്കുവയ്ക്കുന്ന ചിത്രം. എന്നാല്‍ ആ രക്തബന്ധം മനുഷ്യര്‍ തമ്മില്‍ മാത്രമല്ല, മനുഷ്യനും മൃഗവും തമ്മിലും സാധ്യമാണെന്നതാണ് നോവലിന്റെ രാഷ്ട്രീയം.
 
പണ്ട് മരുഭൂമിയില്‍ വിശന്നു മരിക്കാന്‍ പോയ ശിശുവായ ഖാബീലിന് സ്വന്തം രക്തം നല്‍കിയ മാന്‍പേട തന്റെ പിന്‍തലമുറയെ മനുഷ്യന്റെ രക്തദാഹത്തില്‍നിന്ന് രക്ഷിക്കാനാണ് സ്വയം കുരുതികൊടുത്തത്. എന്നാല്‍ ഹമ്മാദയിലെ മുഴുവന്‍ മാനുകളെയും കൊന്നുതിന്നുകയായിരുന്നു ഖാബീല്‍. അതേസമയം മലമുകളില്‍നിന്ന് താഴെ വീണ് മരിക്കാതെ രക്ഷിച്ച വദ്ദാനെ തന്റെ സ്വന്തം പിതാവായി കാണുകയാണ് അസൂഫ്. മനുഷ്യന്റെ പാപപരിഹാരത്തിനായി യേശുക്രിസ്തു കുരിശില്‍ മരിച്ചെന്ന ക്രിസ്തീയ വിശ്വാസത്തിന്റെ പുനരാവിഷ്‌കരണമാണ് അല്‍കോനി അസൂഫിന്റെ ബലിയിലൂടെ ചിത്രീകരിക്കുന്നത്. സ്വന്തം ജീവന്‍ ബലികൊടുത്ത് അയാള്‍ വദ്ദാന്റെ ജീവന്‍ രക്ഷിക്കുന്നിടത്ത് മരുഭൂമിയുടെ മഹത്തായ നൈതികതയാണ് നോവല്‍ ഉയര്‍ത്തിക്കാട്ടുന്നത്.
 
മരുഭൂമിയുടെ കഥാകാരന്‍
 
മുപ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവലിസ്റ്റാണ് ഇബ്‌റാഹീം അല്‍കോനി. 2015 ല്‍ മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കടന്നുകൂടിയ അദ്ദേഹം സാഹിത്യനൊബേലിനും പലതവണ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനശൈലി സ്വീകരിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നതിനാല്‍ 'അറബിയിലെ മാര്‍ക്കേസ്' എന്നാണ് എണ്‍പതിലധികം കൃതികള്‍ രചിച്ച അല്‍കോനി അറിയപ്പെടുന്നത് തന്നെ. അത്ഭുതങ്ങളുടെ കലവറയാണ് അദ്ദേഹത്തിന് മരുഭൂമി. നൈതികതയുടെയും അതിജീവനത്തിന്റെയും അക്ഷയപാത്രം. കേവലമൊരു മെറ്റഫര്‍ എന്നതിലുപരി മരുഭൂമി തന്നെ മുഖ്യകഥാപാത്രമാവുന്ന വിസ്മയകാഴ്ചയാണ് 'നസീഫുല്‍ ഹജര്‍' അടക്കമുള്ള കൃതികള്‍ സൃഷ്ടിക്കുന്നത്. മരുഭൂമിയെ കേന്ദ്രീകരിച്ച് അറബിയില്‍ രചിക്കപ്പെട്ട ഏറ്റവും ഹൃദ്യമായ നോവലാണ് അല്‍കോനിയുടെ 'നസീഫുല്‍ ഹജര്‍' എന്ന് നിസംശയം പറയാം.
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  12 minutes ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  26 minutes ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  40 minutes ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 hours ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 hours ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  9 hours ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  10 hours ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  10 hours ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  10 hours ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  11 hours ago