ബി.എച്ച് രജിസ്‌ട്രേഷന്‍: കേരളത്തില്‍ വാഹനവില കുറയും
സി.പി സുബൈര്‍
മലപ്പുറം: ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍ വരുന്നതോടെ കേരളത്തില്‍ വാഹനവില കുറയും. ഈ സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലയുടെ 12 ശതമാനമാണ് പരമാവധി നികുതിയായി ഈടാക്കുക. സംസ്ഥാനത്താകട്ടെ നിലവില്‍ വാഹനവിലയുടെ 21 ശതമാനംവരെ നികുതിയായി ഈടാക്കുന്നുണ്ട്. ബി.എച്ച് സീരീസിലേക്ക് മാറുന്നതോടെ വലിയ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നിലവിലെ നികുതിയുടെ പകുതിയോളം കുറയും. എട്ടുശതമാനം നികുതിയാണ് പത്തുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് ഈടാക്കുക. പത്ത് മുതല്‍ 20 ലക്ഷം രൂപ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനവുമാണ് നികുതി. അതേസമയം ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി അധികവും ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കുറച്ചുമാണ് ഈടാക്കുക. വാഹനത്തിന് ജി.എസ്.ടി ഒഴിവാക്കിയുള്ള വിലയ്ക്കാണ് നികുതി നിശ്ചയിക്കുക. ഇതുകൊണ്ടുതന്നെ പുതിയ തീരുമാനം ഉടമകള്‍ക്ക് ഏറെ അനുഗ്രഹമാകും.
സംസ്ഥാനത്ത് അഞ്ചുലക്ഷം രൂപവരെ വിലയുളള വാഹനങ്ങള്‍ക്ക് വിലയുടെ ഒന്‍പത് ശതമാനവും പത്തുലക്ഷംവരെ 11 ശതമാനവും പതിനഞ്ചുലക്ഷംവരെ 13ശതമാനവും ഇരുപതു ലക്ഷംവരെ 16 ശതമാനവും അതിനുമുകളില്‍ 21 ശതമാനവുമാണ് നിലവിലെ നികുതി നിരക്ക്. പതിനഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കുകയും വേണം. എന്നാല്‍ പുതിയ സംവിധാനത്തില്‍ രണ്ട് വര്‍ഷ തവണകളായി നികുതി അടയ്ക്കാനും സൗകര്യമുണ്ടാകും. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റാതെ കൊണ്ടുപോകാനുളള അനുമതിയും ലഭിക്കും. അടുത്ത മാസം 15ന് നിയമം പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."