അഫ്ഗാന്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക്
കാബൂള്‍: അഫ്ഗാന്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടാന്‍ പോവുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസത്തോടെ രാജ്യത്തെ കരുതല്‍ ഭക്ഷ്യശേഖരം തീരുമെന്ന് യു.എന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കി. ഇതോടെ ജനങ്ങള്‍ പട്ടിണിയിലേക്കു നീങ്ങും.
3.8 കോടിയുള്ള ജനസംഖ്യയില്‍ മൂന്നിലൊന്നും നിലവില്‍ ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് യു.എന്‍ മാനവിക കോ-ഓഡിനേറ്റര്‍ റമീസ് അല്‍ അക്ബറോവ് പറഞ്ഞു. രാജ്യം കടുത്ത വരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. തണുപ്പുകാലം വരാനിരിക്കുകയുമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കൂടുതല്‍ പണം ആവശ്യമാണ്.
കഴിഞ്ഞയാഴ്ചകളില്‍ യു.എന്‍ ഭക്ഷ്യവിഭാഗം ആയിരക്കണക്കിനു പേര്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇതിലേക്ക് 130 കോടി ഡോളര്‍ വേണ്ട സ്ഥാനത്ത് 39 ശതമാനം സാമ്പത്തികസഹായം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
വിദേശസഹായം ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. വിദേശത്തുള്ള രാജ്യത്തിന്റെ കരുതല്‍ ധനത്തിലധികവും മരവിപ്പിച്ചിരിക്കുകയാണ്.
പുതിയ സര്‍ക്കാര്‍ സ്ത്രീ വിദ്യാഭ്യാസവും സ്ത്രീകളുടെ സ്വാതന്ത്ര്യവും അനുവദിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. സര്‍ക്കാരില്‍ താലിബാനു പുറത്തുള്ളവരും ഉണ്ടെങ്കില്‍ മാത്രമേ വിദേശ സഹായം ലഭിക്കുകയുള്ളൂ. പുതിയ സര്‍ക്കാരിന്റെ സ്വഭാവം വ്യക്തമാകുന്നതുവരെ ഐ.എ.എഫും അഫ്ഗാനുള്ള സഹായം തടഞ്ഞുവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."