വിക്ടർ മഞ്ഞില തടുത്തിട്ട ഗോളുകൾ, സ്വന്തമാക്കിയ സ്‌നേഹജീവിതം
പുസ്തകപ്പാത
വി. മുസഫര് അഹമ്മദ്
മറ്റുള്ള കളിക്കാർക്ക് കൈ നിഷേധിക്കപ്പെട്ട ഒരവയവമാണ്. എന്നാൽ അതേ കൈകളാണ് ഗോളിയുടെ ആയുധം. കൈകൾ വഞ്ചിക്കുന്ന നിമിഷങ്ങളിൽ അയാൾ കളിക്കാരുടെയും കാണികളുടെയും നിന്ദ ഏറ്റുവാങ്ങുന്നു: എം.പി സുരേന്ദ്രൻ/ മഞ്ഞിലയിലെ 'വിക്ടർ' എന്ന അന്തർധാര. വിക്ടർ മഞ്ഞിലയുടെ 'ഒരു ഗോളിയുടെ ആത്മകഥ'യ്ക്ക് (പ്രസാധനം: മാതൃഭൂമി ബുക്ക്‌സ്) എഴുതിയ പിൻകുറിപ്പിൽ എം.പി സുരേന്ദ്രൻ കുറിച്ചിട്ടിരിക്കുന്ന ഈ രണ്ടു വാചകങ്ങൾ എല്ലാ ഗോളികളുടെയും ജീവിതത്തെക്കുറിച്ചുള്ളതാണ്. ഏതു ഗോളിയുടെയും ആത്മകഥ സത്യത്തിൽ ഇതുതന്നെയാണ്. ഗോളികളെ കാണികൾ തടുത്തിട്ട ഗോളുകളുടെ പേരിൽ മാത്രമല്ല, അവരുടെ കൈയിൽനിന്ന് വഴുതിയ പന്തുകളുടെ പേരിലും ഓർക്കുന്നു, മിക്കപ്പോഴും ശപിക്കുന്നു. അത്തരം അനുഭവങ്ങളെ പലതരത്തിൽ ഓർമിപ്പിക്കുന്ന സുതാര്യവും നിർമലവുമായ കൃതിയാണിത്. ഈ ഫുട്‌ബോൾ ഭ്രാന്തിന്റെ ദിനങ്ങളിൽ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. ഇതു സ്‌നേഹത്തിൽ നിന്നാരംഭിക്കുകയും മനുഷ്യനന്മകളെ ആവർത്തിച്ച് ആഘോഷിക്കുകയും കൂടി ചെയ്യുന്നു. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ഗോൾ കീപ്പറുടെ ആത്മകഥ അതുകൊണ്ടുതന്നെ ഒരു കാലഘട്ടത്തിലെ മനുഷ്യാഖ്യാനങ്ങളുടെ ഭാഗം കൂടിയായി പരിവർത്തിപ്പിക്കപ്പെട്ടിരിക്കുന്നു.
വിക്ടർ മഞ്ഞില ഇങ്ങനെ എഴുതുന്നു: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരിക്കൽ കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിലൂടെ ധൃതിപിടിച്ച് നടന്നുപോകുമ്പോൾ പ്രായമായ, ലുങ്കിയും പഴയ ഷർട്ടുമിട്ട ഒരു മനുഷ്യൻ മുന്നിൽവന്ന് എനിക്കുനേരെ ഹസ്തദാനത്തിനായി കൈനീട്ടി. ആളുമാറിയിട്ടാണോ എന്ന് ഒരുവേള ഞാൻ സംശയിച്ചു. അദ്ദേഹം പുഞ്ചിരിയോടെ, ഏറെ ആദരവോടെ ചോദിച്ചു: 'നിങ്ങൾ വിക്ടർ മഞ്ഞിലയല്ലേ?' ഇദ്ദേഹത്തിന് എന്നെ എങ്ങനെയറിയാം എന്ന അത്ഭുതത്തോടെ നിൽക്കുമ്പോൾ, 'ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല. 1974ലെ നാഗ്ജി ടൂർണമെന്റിൽ ശ്യാം ഥാപ്പ അടിച്ച ഷോട്ട് തടുത്തത് എങ്ങനെ മറക്കും? ഒരു മനുഷ്യനെക്കൊണ്ടും അത് തടുക്കാനാവില്ല, നിങ്ങൾക്കല്ലാതെ,' അദ്ദേഹം പറഞ്ഞു.
വിക്ടർ മഞ്ഞില എന്ന ഗോളി എങ്ങനെ മനുഷ്യ മനസുകളിൽ ജീവിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആ സാധാരണ മനുഷ്യന്റെ അസാധാരണമായ അഭിപ്രായ പ്രകടനം. തന്റെ കരിയറിലെ മികച്ച സേവുകളെക്കുറിച്ചു പറയുമ്പോൾ മഞ്ഞില ആദ്യമായി ഓർത്തെടുക്കുന്ന സന്ദർഭവും ഥാപ്പയുടെ ഷോട്ട് തടുത്തിട്ടതാണ്. ആ കളി കണ്ടുനിന്ന രണ്ടു കാണികൾ ഗോളിയോട് ഇങ്ങനെ വിളിച്ചു പറഞ്ഞു, 'ഡാ മഞ്ഞിലേ, നീ ഇവിടെവച്ച് കളി നിർത്തിക്കോ! ഇതിലും മികച്ച ഒരു സേവും ഒരാളെക്കൊണ്ട് ഇനി ചെയ്യാനാവില്ല! തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം അതായിരുന്നുവെന്ന് വിക്ടർ അഭിമാനപൂർവം ഈ താളുകളിൽ ഓർക്കുന്നു.
ഈ ഗോളിയുടെ മികവ് പന്ത് കുത്തിയകറ്റുന്നതിലായിരുന്നില്ല. മാറോടു ചേർത്ത് പന്തു പിടിച്ച് തന്റെ വരുതിയിൽ നിർത്തുന്നതിലായിരുന്നു. വിക്ടറിന്റെ കളിയെക്കുറിച്ചെഴുതിയ പലരും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ഗോളിയെ പന്ത് നെഞ്ചോടു ചേർത്ത കളിക്കാരൻ എന്ന് അക്ഷരാർഥത്തിൽ തന്നെ വിളിക്കാം.
തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനത്തെക്കുറിച്ച് പറയാനും അദ്ദേഹം മടിക്കുന്നില്ല: എന്റെ മികച്ച സേവുകളെ ഞാൻ ഓർക്കുന്നതുപോലെ കരിയറിലെ മോശം ഗോളും ഞാൻ ഓർത്തുവയ്ക്കുന്നുണ്ട്. 1976ൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ചുവന്നതിനുശേഷം പട്‌നയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കർണാടകയ്‌ക്കെതിരേ ഞാൻ വിട്ട ഒരു ഗോളാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി ഓർത്തുവയ്ക്കുന്ന ഗോൾ. എന്നിൽ എല്ലാവർക്കും വലിയ പ്രതീക്ഷയുള്ള സമയമായിരുന്നു. ഇന്ത്യൻ ടീമിനുവേണ്ടി ഗ്ലൗസ് അണിഞ്ഞശേഷം കളിച്ച ഒരു മത്സരത്തിലാണ് ഈ ഗോൾ പിണഞ്ഞത്. കർണാടക കളിക്കാരനായ മൂർത്തിയായിരുന്നു ആ ഗോളടിച്ചത്. സേവ് ചെയ്യാൻ ശ്രമിച്ചില്ലെങ്കിലും ഔട്ടിലേക്ക് പോകുമായിരുന്ന പന്തായിരുന്നു അത്. വളരെ നിസാരമായി ഒഴിവാക്കാമായിരുന്ന ആ ബോൾ ഞാൻ കൈകൊണ്ട് തടുത്തിട്ട് കാലിലൊതുക്കി. പന്തിനെ അലസമായി മുന്നോട്ടുതട്ടി നിയന്ത്രിക്കുന്ന സമയത്ത് ഓടിവന്ന മൂർത്തി എന്നിൽനിന്ന് തട്ടിയെടുത്ത് ഗോളിലേക്ക് തിരിച്ചുവിട്ടു. അടുത്തൊന്നും എതിർടീമിലെ ആരുമില്ലെന്ന അലസതയിലാണ് ഞാൻ പന്ത് കൈകാര്യം ചെയ്തത്. ശൂന്യതയിൽനിന്നെന്നപോലെ കുതിച്ചുവന്ന മൂർത്തി എന്നെ കബളിപ്പിച്ച് അത് വലയിലേക്ക് തട്ടിയിട്ടു: കളിയിലും ജീവിതത്തിലും അലസത എങ്ങനെ പ്രവർത്തിക്കുമെന്നതിന് ഇതിനും വലിയ ഉദാഹരണം ആവശ്യമില്ല.
പത്രങ്ങളിൽ വന്ന രണ്ടു തലക്കെട്ടുകൾ മഞ്ഞില എന്ന കളിക്കാരനെ വെളിപ്പെടുത്തുന്നു. ഒന്നിതാണ്. 1976ലെ കൊറിയയിലെ സിയോളിൽ നടന്ന പ്രസിഡന്റ്‌സ് കപ്പിനെക്കുറിച്ചുള്ള റോയിട്ടേഴ്്‌സ് വാർത്തയുടെ തലക്കെട്ട് 'ഈസി ഫോർ ബ്രസീൽ, മഞ്ഞില ബ്രില്ല്യൻ്റ്'. മറ്റൊന്ന് 'മഞ്ഞില സേവ്‌സ് ഇന്ത്യ ഫ്രം ഹുമിലിയേഷൻ (ഇന്ത്യയെ മഞ്ഞില അപമാനത്തിൽനിന്ന് രക്ഷപ്പെടുത്തി). ഇങ്ങനെ അദ്ദേഹം തീർത്ത തലക്കെട്ടുകൾ പലതുണ്ട്.
നിരവധി സംഭവങ്ങൾ കടന്നുവരുന്ന പുസ്തകത്തിൽ ജി.വി രാജയെക്കുറിച്ചുള്ള പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. 1971ൽ ചെന്നൈയിൽ സന്തോഷ് ട്രോഫി മത്സരം. ബംഗാളും കേരളവും കളത്തിൽ. കേരള ടീമിനടുത്തു വന്ന ജി.വി രാജ ബംഗാൾ വലിയ ടീമാണെന്ന് കരുതരുത്, കേരളം പൊരുതി നേടണമെന്ന് പ്രചോദിപ്പിക്കുന്നു. ഒരു ഗോളിന് കേരളം തോറ്റു. ജി.വി രാജ വീണ്ടും വന്ന് കേരള ടീമിന്റെ പെർഫോമൻസിനെ അഭിനന്ദിച്ചു. രാത്രി ടീമിന് തന്റെ വക ഭക്ഷണം ഒരു ഹോട്ടലിൽ അദ്ദേഹം ഒരുക്കി. പിന്നീട് വിക്ടർ പറയുന്നു: ഞങ്ങൾ അന്ന് രാത്രിയിൽ അദ്ദേഹം ഏർപ്പാടാക്കിയ ഭക്ഷണം കഴിച്ചു. രണ്ടാം ദിവസം നാട്ടിലേക്ക് തിരിച്ചു. ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പത്രങ്ങളിലുള്ള പ്രധാനവാർത്ത കണ്ട് ഞങ്ങൾ തകർന്നുപോയി. 'ജി.വി രാജ പ്ലെയിൻ ആക്‌സിഡന്റിൽ മരണപ്പെട്ടു'.
ഇതേപോലെ തന്നെയാണ് വി.പി സത്യന്റെ മരണവും മഞ്ഞില രേഖപ്പെടുത്തുന്നത്: പിന്നീട് ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്തയായിട്ടാണ് സത്യൻ എന്റെ ജീവിതത്തിലേക്ക് കയറിവരുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ കോച്ചിങ് ക്യാംപ് നടത്തുമ്പോൾ തുടർച്ചയായി നിർത്താതെ ഫോൺ റിങ് ചെയ്യുന്നതു കേട്ടാണ് പരിശീലനത്തിന് ഇടയിൽനിന്ന് പോയി ഞാൻ ഫോൺ എടുക്കുന്നത്. മറുതലയ്ക്കൽ പത്രങ്ങളിലെ കളിയെഴുത്തുകാരനായ സുഹൃത്തായിരുന്നു: 'സത്യന്റെ വിവരം അറിഞ്ഞില്ലേ?'
ഞാൻ ഞെട്ടലോടെ 'എന്ത് വിവരം' എന്ന് ചോദിച്ചു. 'സത്യൻ നമ്മെ വിട്ടുപോയി. അപകടമരണമായിരുന്നു. കൂടുതൽ വിവരങ്ങളൊന്നും അറിയില്ല' എന്നു പറഞ്ഞ് ഫോൺ വച്ചു. കളിയും കളിക്കാരും കാലംകൊണ്ട് എങ്ങനെ മാറ്റപ്പെടുന്നു എന്നതിനുള്ള ഉദാഹരണം ഇങ്ങനെയാണ്: 1966ൽ കോഴിക്കോട്ട് നടന്ന ജൂനിയർ നാഷൻസ് കപ്പിൽ ബംഗാളിനുവേണ്ടി കളിക്കാൻ വന്നിരുന്നു ഈ ഭൗമിക്. പ്രതാപശാലിയായ റഹ്മാൻ എന്ന കളിക്കാരന്റെ കാലിൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് ഭൗമിക് അന്ന് കളിക്കാൻ ഇറങ്ങിയത്. അതേ ആളാണ് കളിക്കുന്ന ഷൂ ഊരി എവിടെ റഹ്മാൻ എന്നലറിവിളിച്ചുകൊണ്ട് വരുന്നത്. കൈയിൽ പന്തവും കത്തിച്ചുപിടിച്ച് ആളെക്കൂട്ടി കളിക്കാർ വിശ്രമിക്കുന്ന ഇടത്തേക്കുപോലും തിരഞ്ഞുവരുന്നത്! അതൊന്നും ഓർക്കാൻ നന്നല്ല. ഏതു വാശിയുടെ പേരിലായാലും ടീമിനോടുള്ള കൂറിന്റെ പേരിലെന്ന് ന്യായീകരിച്ചാലും ഒരു കളിക്കാരനിൽനിന്ന് ഇത്രയൊക്കെ ഉണ്ടാവുന്നത് ഒട്ടും നന്നല്ല.
കൊൽക്കത്തയിൽ കളി നടക്കുമ്പോൾ ഒളിംപ്യൻ റഹ്മാൻ (അദ്ദേഹത്തിന്റെ ക്ഷോഭിക്കുന്ന സ്വഭാവം അതി പ്രശസ്തമാണല്ലോ) ഇടപെട്ട ഒരു പ്രശ്‌നമാണ് ഈ സംഘർഷത്തിലേക്കു നയിച്ചത്. അതിനെക്കുറിച്ച് ഇങ്ങനെ: ബാനർജി സാറിനെ ചോദ്യം ചെയ്യാനാണ് റഹ്മാൻ സാർ പോയത് എന്ന് പിന്നീടാണ് അറിഞ്ഞത്. അതിനു മുമ്പ് ഇന്ത്യൻ ടീം ഒരു വിദേശ പര്യടനത്തിനു പോയ സമയത്ത് വലിയ മാർജിനിൽ തോറ്റു തിരികെവരുമ്പോൾ കളിയെക്കുറിച്ച് പത്രക്കാർ ചോദിച്ച സമയത്ത് അന്നത്തെ ഗോൾകീപ്പറായിരുന്ന സേതുമാധവന്റെ പിഴവായിരുന്നു തോൽവിയുടെ കാരണം എന്ന് പരിശീലകനായിരുന്ന പി.കെ ബാനർജി പറഞ്ഞതായിരുന്നു റഹ്മാൻ സാറിനെ അരിശംപിടിപ്പിച്ചത്. അത് ചോദിക്കാൻ പോയതിന്റെ പേരിലായിരുന്നു കശപിശയുണ്ടായത്: ബംഗാൾ ടൈഗർ എന്ന അപരനാമമുള്ള ഒളിംപ്യൻ റഹ്മാനെയാണ് സുഭാഷ് ഭൗമിക്ക് ഇത്തരത്തിൽ നേരിട്ടത് എന്നുകൂടി ഓർക്കണം. കളിയിൽ കുരുത്തവും കുരുത്തക്കേടും ഒന്നിച്ചുണ്ട്, ജീവിതത്തിലെന്ന പോലെ തന്നെ. മധുരയിൽ കളിക്കാൻ പോയതിനെക്കുറിച്ചെഴുതുമ്പോൾ മഞ്ഞിലയുടെ ടീം പ്രീമിയർ ടയേഴ്‌സിനെ തമിഴർ ഇങ്ങനെ വരവേറ്റു: വരുകിരാർ വരുകിരാർ മഞ്ഞ സട്ടൈ പോട്ടിയ കളമശ്ശേരി ചിങ്കങ്ങൾ വരുകിരാർ...' ഒരു പ്രണയകഥയും അദ്ദേഹം പങ്കുവയ്ക്കുന്നു. സോളിൽ കളിക്കാൻ പോയപ്പോൾ കണ്ട നക്ഷത്രക്കണ്ണുള്ള കൊറിയൻ സുന്ദരിയെക്കുറിച്ച്. ആ പെൺകുട്ടിയുടെ ഫോട്ടോ പുസ്തകത്തിലുണ്ട്. പ്രണയത്തിന്റെ നനവ് തീർച്ചയായും ആ ഫോട്ടോഗ്രാഫ് ഇന്നും സൂക്ഷിക്കുന്ന മഞ്ഞിലയുടെ മനസിലുണ്ടെന്നർഥം. അത് മഞ്ഞുവീണ നനഞ്ഞ ഒരില തന്നെ.
കളി എഴുത്തുകാരനെ തിരിച്ചറിയുന്നതും വിമർശിക്കുന്നതുമായ (പ്രത്യേകിച്ചും വിംസിയെക്കുറിച്ച്) കളിക്കാരനെയും ഇവിടെ കാണാം. കായികമേഖലയിലെ അഴിമതിയെ ചോദ്യം ചെയ്യുന്ന കോച്ചും മറയില്ലാതെ ഈ താളുകളിൽ വെളിപ്പെടുന്നു.
കളിക്കാരൻ എന്നപോലെ പരിശീലകൻ എന്ന നിലയിലുള്ള (പ്രക്യേതിച്ചും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോച്ച്) ജീവിതത്തെക്കുറിച്ചും അതിലെ പല സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ക്യാംപിൽ വൈകി എത്തുകയും പിന്നീട് വലിയ കളിക്കാരനായി മാറുകയും ചെയ്ത സി.വി പാപ്പച്ചനെ കണ്ടെത്തുന്നത് മഞ്ഞിലയിലെ കോച്ചാണ്. ക്യാംപിൽവച്ച് രക്തം ഛർദ്ദിച്ച സി.സി അബൂബക്കറിനെയുമായി ആശുപത്രിയിലേക്കോടുന്ന വിക്ടർ കോച്ച് എങ്ങനെ കളിക്കാരുടെ രക്ഷാകർത്താവ് കൂടിയാണെന്ന് തെളിയിച്ചു. പിൽക്കാലത്ത് സഊദി അറേബ്യയിൽ പരിശീലകനായ കാലത്ത് പ്രവാസി മലയാളികൾ തന്ന സ്‌നേഹവും അദ്ദേഹം ഓർത്തെടുക്കുന്നു.
തന്റെ ഗുരുക്കൻമാരെ മഞ്ഞില ഇങ്ങനെ ഓർക്കുന്നു: എന്നിലെ ഗോളിയെ രൂപപ്പെടുത്തിയ വ്യക്തികളെക്കുറിച്ച് ആലോചിക്കുമ്പോൾ മനസിൽ ഉയർന്നുവരുന്ന ചില പേരുകളുണ്ട്. എന്നിൽ ഗോൾകീപ്പർ ഉണ്ടെന്ന് ആദ്യം കണ്ടെത്തിയ ജോസ് പറമ്പൻ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.പി.എം ഉസ്മാൻകോയ, കോച്ച് ആർ. ബാലകൃഷ്ണൻ, കേരള ടീം കോച്ച് ഒളിംപ്യൻ സൈമൺ സുന്ദർരാജ്, ഇന്ത്യൻ ടീമിനോടൊപ്പമുണ്ടായിരുന്ന കോച്ച് കർണാടകക്കാരനായ ജി.എം.എച്ച് പാഷ, പ്രീമിയർ ടയേഴ്‌സിൽ കളിക്കുമ്പോൾ അതിന്റെ പരിശീലകനായിരുന്ന ഒളിംപ്യൻ റഹ്മാൻ: ആ നിലയിൽ ഗുരു വന്ദനം കൂടിയാണ് ഈ പുസ്തകം.
കളിക്കളത്തിൽ നിന്നാരംഭിച്ച സ്‌നേഹ ജീവിതത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. കഴിയുന്ന സഹായം എല്ലാവർക്കും ചെയ്യുക. ഔദാര്യം എന്ന നിലയില്ല, ബന്ധപ്പെട്ടവരുടെ അവകാശം എന്ന തിരിച്ചറിവിൽ. കളിക്കളത്തിൽനിന്ന് പോന്ന് പിൽക്കാല ജീവിതം കഷ്ടപ്പാട് നിറഞ്ഞവരെ സഹായിക്കുന്ന സംഘടനയിൽ സജീവമായി അദ്ദേഹം പ്രവർത്തിക്കുന്നു. തന്റെ ഈശ്വരവിശ്വാസത്തെക്കുറിച്ചു പറയുകയും ഏറ്റവും പ്രിയപ്പെട്ട പ്രാർഥന രേഖപ്പെടുത്തുകയും ചെയ്യുന്നു. ഫുട്‌ബോൾ എന്ന ലഹരിയുള്ളതിനാൽ മറ്റൊരു ലഹരിയും താൻ ഉപയോഗിക്കാറില്ലെന്നു മഞ്ഞിലയുടെ സത്യവാങ്മൂലവും ഇവിടെയുണ്ട്.
ഇങ്ങനെയൊരു ജീവിതം സാക്ഷാത്കരിക്കാൻ ഒപ്പംനിന്ന ഭാര്യ റോസിലിന്റിന്റെ സഹനത്തെ അദ്ദേഹം ഉയർത്തിക്കാണിക്കുന്നു. തനിക്ക് സ്‌നേഹജീവിതം ലഭിച്ചതിനും അത് തന്നാലാവുംവിധം പങ്കുവയ്ക്കാൻ കഴിയുന്നതിലുമുള്ള സന്തോഷവും ഫുട്‌ബോൾ സത്യത്തിൽ കാണിയുടെ കളിയും കലയുമാണെന്ന് പല ഉദാഹരണങ്ങളിലൂടെ നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു. എം.എൻ കാരശ്ശേരി ആമുഖത്തിൽ പറയുന്ന 'ഗുഡ് കാച്ച്' ശരിക്കും ഈ പുസ്തകം അർഹിക്കുന്നു. ജീവിതകഥ പകർത്തിയെഴുതിയ അലിഫും ആകർഷകമായ കവർ രൂപകൽപ്പന നടത്തിയ റിയാസ് കോമുവും തങ്ങളുടെ ജോലി ഭംഗിയുള്ളതാക്കി. ഇതിനെല്ലാം കളമൊരുക്കിയത് ഫുട്‌ബോൾ. ആ കളിക്കുള്ള ലോകത്തിന്റെ നന്ദിയിൽ ഈ മലയാള പുസ്തകത്തിനും അതിന്റേതായ സ്വന്തം ഇടമുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."