ചെങ്കടൽ തീരത്ത് വീശിയതും നിരാശയുടെ കാറ്റ്
ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ചെങ്കടൽ തീരത്തുനിന്ന് കഴിഞ്ഞ ദിവസം ലോകം പ്രതീക്ഷിച്ചത് മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഹേതുവാകുന്ന വലിയ പ്രതീക്ഷയുടെ തീരുമാനങ്ങളെയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചുകെട്ടാൻ യു.എൻ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഉച്ചകോടി ചേർന്ന് പിരിഞ്ഞപ്പോഴുണ്ടായ തീരുമാനം ലോകം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുന്നതല്ല. പക്ഷേ, ഉച്ചകോടിയിലെ നഷ്ടപരിഹാര കരാറിനെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാം.
വ്യവസായ വിപ്ലവത്തിനു ശേഷം ലോകത്തുണ്ടായ അനിയന്ത്രിത കാർബൺ പുറംതള്ളൽ ഇപ്പോൾ മനുഷ്യരുൾപ്പെടെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകും വിധം കാലാവസ്ഥാ വ്യതിയാനമായി മാറിക്കഴിഞ്ഞു. ഇതിനു കഴിഞ്ഞ കുറേ വർഷമായി ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്ന പരിഹാരം ആഗോള താപനം ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ പിടിച്ചു നിർത്തുകയെന്നാണ്. ഇതിനു മുകളിൽ ചൂട് ഉയർന്നാൽ ധ്രുവങ്ങളിലെ മഞ്ഞുരുകും. കടൽ കരയിലേക്ക് കയറും. നിരവധി നഗരങ്ങൾ വെള്ളത്തിലാകും. ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കും. ഹിമപാതവും വരൾച്ചയും പ്രളയവും താണ്ഡവമാടും. ബില്യൺ കണക്കിന് ഡോളറുകളുടെ നാശനഷ്ടവും ലക്ഷക്കണക്കിന് മനുഷ്യരും മരിച്ചുവീഴും. ഇപ്പോൾ തന്നെ നാം ഇത് അനുഭവിക്കുന്നു. വരും വർഷങ്ങളിലെ സ്ഥിതി ദയനീയവും പ്രവചനാതീതവുമാകും. ലോകത്തെ എല്ലാ ജീവികളെയും ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് ലോക രാജ്യങ്ങളാണ്. അതിരുകളില്ലാത്ത ആകാശത്ത് വികസിത രാജ്യങ്ങൾ പുറംതള്ളുന്ന കാർബൺ വാതകങ്ങൾ മൂലം ദരിദ്ര രാജ്യങ്ങളിലെ സ്വത്തും സമ്പത്തും മനുഷ്യരും പ്രകൃതിക്ഷോഭങ്ങൾക്കിരയാകുന്നു.
ഈ വർഷം ചേർന്ന കോപ്-27 എന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ആത്മാർഥമായി ആഥിഥേയരായ ഈജിപ്തും ഐക്യരാഷ്ട്രസഭയും ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളും ഇടപെട്ടു. പക്ഷേ പ്രതീക്ഷിച്ചതു പോലെ പാശ്ചാത്യരാജ്യങ്ങൾ ഇത്തവണയും ഉച്ചകോടിയിൽ ഇടഞ്ഞുനിന്നു. കാലാവസ്ഥാ നീതി എന്നത് ഓരോ രാജ്യത്തിന്റെയും അവരുടെ ജനതയുടേയും അവകാശമാണ്. ഇതിലേക്കുള്ള ചുവടുവയ്പ്പാണ് ഉച്ചകോടിയിൽ പ്രഖ്യാപിച്ച ലോസ് ആൻഡ് ഡാമേജ് ഫണ്ട് എന്ന നഷ്ടപരിഹാര പാക്കേജ്. വികസ്വര രാജ്യങ്ങൾക്ക് ഇത് നേട്ടമാണ്. ഈ ഫണ്ടുപയോഗിച്ച് അവർക്ക് പുനരുപയോഗ ഊർജ സംവിധാനങ്ങളെയും പദ്ധതികളെയും പരിപോഷിപ്പിക്കാം. സാമ്പത്തികമായി പിന്നോക്ക രാജ്യങ്ങൾക്കും ഈ ഫണ്ട് താങ്ങാണ്. ഇതാണ് ഉച്ചകോടിയിലെ ചരിത്രപരമായ തീരുമാനമെന്ന് വിശേഷിപ്പിക്കാവുന്നത്. കോപ് -15 എന്ന 2015ലെ പാരിസ് ഉച്ചകോടിക്ക് ശേഷം ഇത്തരമൊരു തീരുമാനം കോപ് -27ൽ ഉണ്ടായത് ആശാവഹമാണ്. ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭത്തിന് ഇരയായ പാകിസ്താനും നഷ്ടപരിഹാര പാക്കേജിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ചൈനയും പാകിസ്താനും ഇന്ത്യയും ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് തുറന്ന നിലപാടുകളാണുള്ളത്.
നഷ്ടപരിഹാര പാക്കേജിന് തീരുമാനമായെങ്കിലും അത് ഫലപ്രാപ്തിയിലെത്തിക്കുക എളുപ്പമല്ല. ഫണ്ടുമായി ബന്ധപ്പെട്ട് മാനദണ്ഡം രാജ്യങ്ങൾക്കിടയിൽ തർക്കങ്ങൾക്കിടയാക്കും. യു.എന്നിന്റെ നേതൃത്വത്തിൽ ഇനിയും ചർച്ചകൾ വേണ്ടിവരും. 200 ഓളം രാജ്യങ്ങൾ ചേർന്ന് ഉടമ്പടിയിലെത്തുന്ന ഉച്ചകോടി യു.എൻ കാലാവസ്ഥാ ഉച്ചകോടി മാത്രമാണ്. അതിനാൽ തന്നെ അസ്വാരസ്യങ്ങളും ഭിന്നസ്വരങ്ങളും വിലപേശലും സ്വാഭാവികം. പക്ഷേ എല്ലാ ഉച്ചകോടികളിലും അജൻഡയുമായി പാശ്ചാത്യ രാജ്യങ്ങൾ വരുന്നത് നല്ല കീഴ് വഴക്കമല്ല. പ്രത്യേകിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ. ഇത്തവണ യൂറോപ്യൻ യൂനിയൻ പലപ്പോഴായി ഇടഞ്ഞത് ഉച്ചകോടിയിൽ കാണാനായി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രകടന പത്രികയിലെ മുഖ്യ വിഷയങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയായിരുന്നു. അദ്ദേഹം ആ ഉത്തരവാദിത്തം ഷറം അൽ ഷെയ്ഖിൽ നിർവഹിച്ചു എന്നുപറയാം. യു.എസിന്റെ നിലപാടാണ് എപ്പോഴും ഉച്ചകോടിയിൽ മറ്റു രാജ്യങ്ങളെ സ്വാധീനിക്കുന്നത്. ലോകത്ത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ മുൻനിരയിലുള്ള രാജ്യം കൂടിയാണ് യു.എസ്.
2025ൽ തന്നെ ആഗോള താപനത്തിന് ഇടയാക്കുന്ന കാർബൺ ബഹിർഗമനം ബ്രേക്കിട്ട് നിയന്ത്രിക്കണം. ഇതിന് പ്രധാനമായി വേണ്ടത് ഫോസിൽ ഇന്ധന ഉപയോഗം നിയന്ത്രിക്കാനുള്ള തീരുമാനമാണ്. ഇതിൽ കൽക്കരി ഉപയോഗം പാടെ നിർത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞില്ല. കുറഞ്ഞ കാർബൺ ബഹിർഗമനവും പുനരുപയോഗ ഊർജത്തിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെയും മാത്രമേ ആഗോളതാപനം നിയന്ത്രിക്കാനാകു. 1950ന് ശേഷം 2000 വരെ ആഗോളതാപനം 0.2 ഡിഗ്രിയിൽ നിന്ന് 1 ഡിഗ്രിയായി ഉയർന്നിട്ടുണ്ട് എന്നാണ് കാലിഫോർണിയ ബെർകെലി സർവകലാശാലയുടെ ഡാറ്റ സൂചിപ്പിക്കുന്നത്. 1850 മുതൽ 1900 വരെ താപനം നെഗറ്റീവ് ഗ്രാഫിലായിരുന്നത് കഴിഞ്ഞ 50 വർഷം പോസിറ്റീവ് ഗ്രാഫിലേക്ക് മാറി.
കണക്കുപ്രകാരം 12,466 മെഗാ ടൺ കാർബൺ ഡൈ ഓക്‌സൈഡ് ചൈന പ്രതിവർഷം പുറംതള്ളുന്നുണ്ടെങ്കിലും ആളോഹരി കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 8.7 ടൺ ആണ് വരുന്നത്. രണ്ടാം സ്ഥാനത്തുള്ള യു.എസ് 4,752 മെഗാ ടൺ കാർബൺ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നുണ്ട്. പക്ഷേ ആളോഹരി കണക്കിൽ ഇത് 14.2 ടൺ വരും. ഇന്ത്യയുടെ കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം പ്രതിവർഷം 2,649 മെഗാടൺ ആണ്. പക്ഷേ ആളോഹരി കണക്കിൽ ഇത് 1.9 ടൺ മാത്രമാണ്. എങ്കിലും ഇന്ത്യ സീറോ എമിഷൻ എന്ന നേട്ടത്തിനു വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്.
വികസ്വര രാജ്യമായിട്ടും ഈ നേട്ടത്തിനുള്ള ശ്രമം അഭിനന്ദനാർഹമാണ്. കൂടുതൽ സബ്‌സിഡികൾ നൽകി പുനരുപയോഗ ഊർജത്തിന്റെ അളവ് കൂട്ടുകയും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ വ്യാപിപ്പിക്കുകയും ചെയ്യുന്നതിന് കേന്ദ്ര സർക്കാരും പുതിയ പദ്ധതികൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ലോകത്തിന് തന്നെ മാതൃകയാകാൻ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് കഴിയുമെന്നതിൽ തർക്കമില്ല. നാം ഏറെയൊന്നും പിന്നോട്ടു നടന്നിട്ടില്ലെന്നതിൽ മുന്നോട്ടുള്ള യാത്രയിൽ ലക്ഷ്യം നേടാൻ ഏറെ നടക്കേണ്ടിവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."