35 സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന തിരിച്ചടിച്ചു; ബി.ജെ.പി സമിതി റിപ്പോര്‍ട്ടില്‍ കെ സുരേന്ദ്രന് വിമര്‍ശനം
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും മുതിര്‍ന്ന നേതാക്കളുടേയും വീഴ്ചകള്‍ തുറന്നു കാട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. മുപ്പത്തിയഞ്ച് സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് ജനറല്‍ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. ഒ രാജഗോപാലിന്റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും പാര്‍ട്ടിക്ക് ദോഷം ചെയ്തു. നേതൃത്വത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന കോര്‍ കമ്മറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യും.
പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചെങ്കിലും രണ്ടിടത്തും ശ്രദ്ധ കിട്ടിയില്ല. മാത്രമല്ല അദ്ദേഹം വിജയിച്ചു കഴിഞ്ഞാല്‍ മണ്ഡലം കൈവിടും എന്ന പ്രതീതിയും ഉണ്ടാക്കി.
ബിജെപിയും കോണ്‍ഗ്രസും ധാരണ എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കി. എല്‍ഡിഎഫ് ന്യൂനപക്ഷങ്ങളില്‍ ഇത് ഫലപ്രദമായി ഉപയോഗിച്ചു.
നേമം ഗുജറാത്താണെന്ന കുമ്മനത്തിന്റെ പ്രസ്താവന സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളില്‍ ചര്‍ച്ചയായി. ശബരിമലയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ സാധ്യതകള്‍ നഷ്ടമായി. ബിജെപി ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്ത കൃഷ്ണകുമാറിന് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബിഡിജെഎസ്, എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നെങ്കില്‍ പോലും ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചില്ല. നേമത്ത് അടക്കം എസ്എന്‍ഡിപി, ഈഴവ വോട്ടുകളും നായര്‍ വോട്ടുകളും കിട്ടിയില്ല. അതേസമയം ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിര്‍ദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."