തരൂര്‍ പാണക്കാട്ടെത്തി; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു
ന്യൂഡല്‍ഹി/മലപ്പുറം: വിവാദങ്ങള്‍ക്കിടെ മലബാര്‍ പര്യടനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പാണക്കാട്ടെത്തി. സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ്. എം.കെ രാഘവന്. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പിവി അബ്ദുല്‍ വഹാബ് എന്നിവര്‍ തരൂരിനൊപ്പമുണ്ട്.
അതിനിടെ, ശശി തരൂരിന്റെ മലബാര്‍ പര്യടനം സംബന്ധിച്ച വിവാദങ്ങളില്‍ ഹൈക്കമാന്‍ഡ് അതൃപ്തി പ്രകടിപ്പിച്ചു. തരൂരിന്റെ പരിപാടിക്ക് വിലക്ക് നേരിടേണ്ടി വന്നെന്ന വാര്‍ത്തകളില്‍ നെഹ്റു കുടുംബവും അതൃപ്തി രേഖപ്പെടുത്തി. എം.കെ രാഘവന് നല്കിയ പരാതിയില്‍ സോണിയാഗാന്ധി ഇടപെട്ടതായും ഇക്കാര്യത്തില്‍ അവര്‍ വ്യക്തത തേടിയതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ തരൂരിന് വിലക്ക് നേരിടെണ്ടി വരുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.
തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം.കെ രാഘവന്റെ പരാതി വിശദമായ് പരിഗണിച്ച് തീര്‍പ്പാക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്കി. കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോഴിക്കോട്ടെ എംപി രാഘവന് എംപി നല്‍കിയിരുന്നു.
ഇപ്പോഴത്തെ വിവാദങ്ങളിലും മുമ്പും തരൂരിനോട് അനുഭാവ സമീപനമാണ് ലീഗ് പുലര്‍ത്തിപ്പോരുന്നത്. ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
പാണക്കാട് സന്ദര്‍ശനത്തിന് ശേഷം മലപ്പുറം ഡി.സി.സി ഓഫിസും തരൂര്‍ സന്ദര്‍ശിക്കും. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."