HOME
DETAILS

കേരളം തൊഴില്‍ ചോദിക്കുന്നു

  
backup
September 05 2021 | 00:09 AM

todays-article-05-sep-2021


ഡോ. എന്‍.പി അബ്ദുല്‍ അസീസ്


കേരളം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി പല മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളിയാണ് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ. നിലവിലുള്ള വേതനനിരക്കില്‍ പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരും സജീവമായി ജോലിതേടുന്നവരും എന്നാല്‍ ജോലി കണ്ടെത്താനാകാത്തതുമായ ഒരു സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെടുന്നത് വ്യക്തികളുടെ അവസരം നിഷേധിക്കല്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള അവരുടെ പങ്കാളിത്തത്തെയും വികസനത്തിലേക്കുള്ള വളര്‍ച്ചയെയും നിഷേധിക്കുക കൂടിയാണ് ചെയ്യുന്നത്. തൊഴില്‍ എല്ലാവരുടെയും അവകാശമാണ്. അതിന്റെ നിഷേധം മനുഷ്യനെന്ന നിലയിലുള്ള വ്യക്തിയുടെ അന്തസിനും ക്ഷേമത്തിനും വികസനത്തിനും ഭംഗമുണ്ടാക്കും. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും തുല്യതയുടെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച കൈവരിക്കുന്നതിലും തൊഴില്‍ ഒരു പ്രധാന ഘടകം തന്നെയാണ്.


മൊത്തം തൊഴില്‍ശക്തിയില്‍ ജനസംഖ്യാ വര്‍ധനവും അതിന്റെ പങ്കാളിത്തവുമാണ് തൊഴില്‍വിതരണത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത്. 1970 മുതല്‍ കേരളത്തില്‍ വേതനത്തൊഴിലാളികളുടെ എണ്ണത്തില്‍ ദ്രുതഗതിയിലുള്ള വര്‍ധനവാണുണ്ടായിട്ടുള്ളത്. എന്നാല്‍ അവരുടെ ഡിമാന്‍ഡില്‍ വേണ്ടത്ര വര്‍ധനവുണ്ടായതുമില്ല. തല്‍ഫലമായി കാലാകാലങ്ങളില്‍ തൊഴിലില്ലായ്മാ നിരക്കില്‍ ഭയാനകമായ വര്‍ധനവുണ്ടായി. വര്‍ഷങ്ങളായി കേരളത്തിലെ തൊഴിലാളികളുടെ പങ്കാളിത്തനിരക്ക് അഖിലേന്ത്യാ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2018-19ലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് 5.8 ശതമാനമാണെങ്കില്‍ കേരളത്തിലെ അനുബന്ധനിരക്ക് 9 ശതമാനമായിരുന്നു. കേരളത്തിലെ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലില്ലായ്മാ നിരക്ക് സ്ത്രീകളിലാണ് കൂടുതലുള്ളത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സര്‍വേ പ്രകാരം കൊവിഡ് മൂലം 2020 മെയ് മാസത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 26.5 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2021 ജൂണില്‍ 15.8 ശതമാനമായി കുറയുകയും ചെയ്തു. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ അനുസരിച്ച്, 2020 ജൂലൈ 31 വരെ, സംസ്ഥാനത്ത് 34.3 ലക്ഷം തൊഴിലന്വേഷകരാണുള്ളത്. അവരില്‍ 63.6 ശതമാനവും സ്ത്രീകളാണ്.


കേരള ജനസംഖ്യയുടെ 23 ശതമാനത്തോളം യുവാക്കളാണ് (15-29 വയസ്). അവര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് മൊത്തത്തിലുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അതായത്, 2018-19ല്‍ 35.8 ശതമാനം. ഇതു ദേശീയ ശരാശരിയായ 17 ശതമാനത്തിന്റെ ഇരട്ടിയിലധികമാണ്. എന്നാല്‍ 2020ലെ ആദ്യപാദത്തില്‍, വലിയ ആശങ്കയോടെ പാന്‍ഡമിക്കിന് മുമ്പുതന്നെ 40.5 ശതമാനമായി ഉയര്‍ന്നിരുന്നു. ഗ്രാമീണ മേഖലയില്‍ തൊഴില്‍രഹിതരുടെ പുരുഷനിരക്ക് 23.4 ശതമാനമാണെങ്കില്‍ സ്ത്രീനിരക്ക് 57.8 ശതമാനമാണ്. യുവാക്കള്‍ക്ക് മതിയായ വൈദഗ്ധ്യം ഇല്ലാത്തതും വളര്‍ന്നുവരുന്ന തൊഴില്‍മേഖലകളില്‍ ജോലി പരിചയമില്ലാത്തതും ഇതിനു കാരണമായി പറയാം. വരുമാന സ്രോതസുകള്‍ ഇല്ലാതാകുമ്പോള്‍ ആളുകള്‍ പണം സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ തേടുകയും സ്വാഭാവികമായും കുറ്റകൃത്യങ്ങളും ആത്മഹത്യകളും മറ്റു സാമൂഹിക തിന്മകളും വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ തൊഴിലില്ലായ്മ മൂലം ജീവിതമവസാനിപ്പിച്ചവരുടെ എണ്ണത്തില്‍ കേരളം ഒന്നാമതാണ്. ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത 14,019 തൊഴില്‍രഹിതരില്‍ 1,963 പേരും (14 ശതമാനം) കേരളത്തിലായിരുന്നു. ഇതിനൊക്കെയപ്പുറം, ഇതെല്ലാം രാഷ്ട്രത്തിന്റെ മാനവവിഭവത്തെ പാഴാക്കലുമാണ്.


വിദ്യാസമ്പന്നര്‍ക്കിടയിലെ തൊഴിലില്ലായ്മയും കേരളം അനുഭവിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്. ഒരു വ്യക്തിക്ക് തന്റെ വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ അതിരൂക്ഷമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 'വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ നിരക്ക്' എന്ന റെക്കോര്‍ഡ് കേരളത്തിനു സ്വന്തമാണ്. ഇവരില്‍ ഗ്രാമീണ ജനസംഖ്യയുടെ നാലിലൊന്നും നഗരവാസികളില്‍ അഞ്ചിലൊന്നും തൊഴില്‍രഹിതരാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി പ്രശംസിക്കാന്‍ കഴിയുമെങ്കിലും തൊഴിലധിഷ്ഠിത ഗുണമേന്മയും നൈപുണ്യവും പ്രകടിപ്പിക്കുന്ന വിദ്യാഭ്യാസത്തിലും അധ്യാപനത്തിലും വേണ്ടത്ര ഊന്നല്‍ ലഭിക്കാത്തത് തൊഴില്‍വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ അനുസരിച്ച് 2020 ജൂലൈ 31 വരെ തൊഴിലന്വേഷകരില്‍ നിരക്ഷരരുടെ എണ്ണം 880 മാത്രമാണ്. എന്നാല്‍ പത്താം തരത്തില്‍ താഴെ 7.9 ശതമാനവും അതിനു മുകളിലുള്ളവര്‍ 92.1 ശതമാനവും യോഗ്യതയുള്ളവരുമാണ്. ഇതില്‍ ഒമ്പതു ലക്ഷം പ്ലസ്ടുവും മൂന്നര ലക്ഷത്തോളം ബിരുദവും ഒരു ലക്ഷത്തിനു മുകളില്‍ ബിരുദാനന്തര ബിരുദവും യോഗ്യതയായുള്ളവരാണ്. പ്രൊഫഷനല്‍, ടെക്‌നിക്കല്‍ തൊഴിലന്വേഷകരുടെ എണ്ണം മൂന്നര ലക്ഷത്തിനു മുകളിലാണ്. അവരുടെ 71 ശതമാനവും ഐ.ടി.ഐ, ഡിപ്ലോമ, എന്‍ജിനീയറിങ് യോഗ്യതയുള്ളവരാണ്. തൊഴിലന്വേഷകരില്‍ 47,525 എന്‍ജിനീയറിങ് ബിരുദധാരികളും 9,000 മെഡിക്കല്‍ ബിരുദധാരികളുമുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടാത്തവരുടെ കണക്ക് ഇതിലുമെത്രയോ അധികമായിരിക്കും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മില്‍ വൈരുധ്യാത്മക ബന്ധമാണുള്ളതെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.


വേതനത്തിലെ അസ്ഥിരത കാരണം സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ മടിപ്രകടിപ്പിച്ച്, വൈറ്റ്‌കോളര്‍ ജോലികള്‍ പ്രതീക്ഷിച്ചും സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാതെയുമായി അനേകമാളുകളുണ്ട്. എന്നാല്‍ പൊതുമേഖലയിലെ സ്ഥിരജോലികള്‍ക്കുള്ള മുന്‍ഗണനയും സൃഷ്ടിക്കപ്പെടുന്ന തൊഴിലിന്റെ അഭാവവും കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മയ്ക്കു കാരണമായി. തൊഴില്‍ സുരക്ഷയും ബന്ധപ്പെട്ട സാമൂഹികപദവികളും പ്രതീക്ഷിച്ച് ശമ്പളം പോലും കണക്കിലെടുക്കാതെ ആയിരക്കണക്കിനു വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് പൊതുമേഖലയില്‍ പ്യൂണ്‍പോലെ കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ ചെയ്യാന്‍ സന്നദ്ധരാകുന്നത്. ഈ തൊഴിലില്ലായ്മയുടെ പ്രശ്‌നം ഒരര്‍ഥത്തില്‍ കേരളം അവകാശപ്പെടുന്ന നേട്ടങ്ങളുടെ വിശ്വാസ്യതയ്ക്കു കോട്ടമുണ്ടാക്കുന്നുണ്ടോ എന്നത് ചിന്തനീയമാണ്.


ചെറുപ്പക്കാരുടെയും വിദ്യാസമ്പന്നരുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വൈദഗ്ധ്യമാവശ്യമുള്ള ജോലികളുടെയും തൊഴിലവസരങ്ങളുടെയും അഭാവവും വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന വേതനമെന്ന ആകര്‍ഷണവും ഇതര രാജ്യങ്ങളിലേക്കുള്ള കൂട്ടകുടിയേറ്റത്തിനു കാരണമായി. എന്നാല്‍, ഈ ഒഴുക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും വലിയ രീതിയില്‍ പങ്കുവഹിച്ചു. പക്ഷേ, അതു നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലും അവിദഗ്ധ ജോലികളിലും മലയാളിതൊഴിലാളികളുടെ ലഭ്യത കുറച്ചു. ഇതു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വലിയ തോതിലുള്ള വരവിലേക്കു നയിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അസംഘടിത മേഖലയിലെ ഉയര്‍ന്ന വേതന നിരക്കാണ് അവരെ ആകര്‍ഷിച്ചിട്ടുള്ളത്. ഇതിനു പുറമെ സുസ്ഥിരമായ തൊഴിലവസരങ്ങള്‍, താരതമ്യേന സമാധാനപരമായ സാമൂഹിക അന്തരീക്ഷം, തൊഴിലാളികളോടുള്ള വിവേചനരഹിതമായ പെരുമാറ്റം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നേരിട്ടുള്ള ട്രെയിനുകള്‍, സമ്പാദിക്കുന്ന പണം വീട്ടിലേക്കയക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ കുടിയേറ്റത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചു. അതിഥിത്തൊഴിലാളികളുടെ താരതമ്യേന കുറഞ്ഞ വേതന നിരക്കുകളും കൂടുതല്‍ സമയം ജോലിചെയ്യാനുള്ള പ്രവണതകളും മലയാളിതൊഴിലാളികളെ സംബന്ധിച്ചിടത്തോളം തൊഴില്‍സാധ്യതകള്‍ കുറയുന്നതിനു കാരണമായി.


പറഞ്ഞുവരുന്നത്, ദാരിദ്ര്യം, അസമത്വം പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കു പുറമെ, തൊഴിലില്ലായ്മയും ഗൗരവതരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 'തൊഴിലില്ലായ്മാ വളര്‍ച്ച' എന്ന പ്രതിഭാസം കാണാനാകുമെങ്കിലും കേരളത്തിലെ സാഹചര്യങ്ങള്‍ ഗുരുതരമാണ്. പരമ്പരാഗത മേഖലകളിലെ തൊഴിലില്ലായ്മ വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നു, പ്രത്യേകിച്ചും കാര്‍ഷിക മേഖലകളില്‍. പ്രാഥമിക കൃഷിയും അനുബന്ധ മേഖലകളും ദുര്‍ബലമായതും വ്യാവസായിക നിര്‍മാണ മേഖലകള്‍ ആകര്‍ഷകമല്ലാത്തതും തൊഴിലില്ലായ്മാ പ്രതിസന്ധികള്‍ക്കു കാരണമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 60 ശതമാനത്തിലധികം വരുന്നത് സേവനമേഖലയില്‍ നിന്നാണ്. അതിന്റെ വ്യാപ്തി കണക്കിലെടുത്ത് പരമാവധി തൊഴില്‍ സൃഷ്ടിക്കാന്‍ നമുക്കു കഴിയണം. വിദ്യാഭ്യാസത്തില്‍ വിപുലമായ നിക്ഷേപമുണ്ടെങ്കിലും ഗുണമേന്മയും നിലവാരവുമുള്ള ഉന്നതവിദ്യാഭ്യാസവും മാര്‍ക്കറ്റ് അധിഷ്ഠിത തൊഴില്‍ കോഴ്‌സുകളും കൊണ്ടുവരേണ്ടതുണ്ട്. തൊഴില്‍വിപണന അവസരങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പ്രത്യേകിച്ച്, സ്വകാര്യ മേഖലകളെക്കുറിച്ച്, തൊഴിലന്വേഷകര്‍ക്ക് അവബോധവും നല്‍കേണ്ടതുണ്ട്. യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും സ്വയംതൊഴിലിന് അവരെ സജ്ജമാക്കുന്നതിനും നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിലവിലുള്ള പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതുമുണ്ട്.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്
ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  16 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  16 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  16 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  16 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago