ചരിത്രം നമുക്കുമേൽ വിധി പറയും
എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നുവെന്ന് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ മാന്വൽ ഡി ഒലിവറ ഗുട്ടറസ്. ഗുട്ടറസ് ഇത്രയേ പറഞ്ഞുള്ളൂ- 'ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല. 56 വർഷമായി ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിനിരകളാണ് ഫലസ്തീനികൾ'.
ഇതു കേട്ടതോടെ ഗുട്ടറസ് രാജിവയ്ക്കണം എന്ന് ഇസ്റാഇൗൽ ആവശ്യപ്പെട്ടതിന് പിന്നാലെ യു.എൻ പ്രതിനിധികൾക്ക് ഇനി അവിടുത്തേക്ക് വിസയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടിഷ് ഉപപ്രധാനമന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി ഋഷി സുനക് തന്നെ ഗുട്ടറസിനെ അപലപിച്ചിരിക്കുകയാണ്. ലോക രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ തലവനുപോലും ഇസ്റാഇൗൽ എന്ന രാജ്യത്തിൻ്റെ ചെയ്തികൾ തുറന്നു സംസാരിക്കാൻ സാധിക്കില്ലെന്നാണ് ഗുട്ടറസിൻ്റെ പ്രതികരണത്തിനു പിന്നാലെയുള്ള വിമർശനങ്ങളിൽനിന്ന് വ്യക്തമാവുന്നത്.
ഗസ്സയിലെ അതിക്രമങ്ങളെത്രയായാലും ഹമാസിന്റെ ആക്രമണത്തെ നീതീകരിക്കാനാവില്ലെന്ന് സെക്രട്ടറി ജനറൽ ആവർത്തിച്ചിട്ടും ഇസ്റാഇൗൽ അനുകൂലികളുടെ കലിയടങ്ങിയിട്ടില്ല.ഗുട്ടറസ് വീണ്ടും കുറിച്ചു: 'ആവർത്തിക്കുന്നു. മനുഷ്യത്വപരമായി വെടിനിർത്താനും ഉപാധിയില്ലാതെ ബന്ദികളെ വിട്ടയക്കാനും ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനും ഞാൻ അഭ്യർഥിക്കുന്നു. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം നിർവഹിക്കുക. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമുക്കുമേൽ വിധിയെഴുതും'.
എന്തും രണ്ടാമൂഴം വരുമ്പോൾ കടുപ്പം കൂടും. രണ്ടാമത്തെ യു.എൻ സെക്രട്ടറിയായാലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയാലും. പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്നു ഗുട്ടറസ്. 1995 മുതൽ 2002 വരെ. പഠനകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള പുരസ്‌കാരം നേടി അധ്യാപനത്തിലേക്കാണ് തിരിഞ്ഞത്. ഊർജതന്ത്രവും വൈദ്യുതോർജവുമായിരുന്നു വിഷയം. ഇരുപത്തിയഞ്ചാമത്തെ വയസിൽ പോർച്ചുഗീസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. അക്കാലത്താണ് പോർച്ചുഗലിൽ സീറ്റാനോയുടെ ഏകാധിപത്യ ഭരണത്തിനെതിരേ ഇടതനുകൂല പട്ടാളത്തിൻ്റെ അട്ടിമറിയുണ്ടായത്. 1992ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് ഗുട്ടറസ് വരുന്നത് തുടർച്ചയായി മൂന്നുതവണ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റ സാഹചര്യത്തിലാണ്. എന്നാൽ 1995ൽ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്നു, പ്രധാനമന്ത്രിയുമായി.
സോഷ്യലിസ്റ്റ് ഇന്റർനാഷനലിന്റെ 25 വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഗുട്ടറസ്, ഒരു പോർച്ചുഗൽ ജോഡോ യാത്ര നടത്തിയാണ് ജനവിശ്വാസം നേടിയത്. 92 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളുണ്ട് സോഷ്യലിസ്റ്റ് ഇന്റർനാഷനലിൽ.
പ്രധാനമന്ത്രിയായ ഗുട്ടറസ് സോഷ്യലിസ്റ്റെങ്കിലും സ്വകാര്യവൽക്കരണത്തിൽ മുൻ വലതുപക്ഷക്കാരനേക്കാൾ താൽപര്യം കാണിച്ചു. മൂന്നു വർഷംകൊണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറഞ്ഞു. അതേസമയംതന്നെ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കി. ചുരുങ്ങിയ വരുമാനം എല്ലാവർക്കും ലഭ്യമാക്കാൻ ശ്രമിച്ചു.
രണ്ടാംവട്ടം അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തുല്യ പ്രാതിനിധ്യമാണ് പാർലമെന്റിൽ കിട്ടിയത്. സമ്പദ്‌വ്യവസ്ഥ പിറകോട്ട് പോവുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി തോൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ രാജിവച്ച് ഒഴിയുകയായിരുന്നു ഗുട്ടറസ്.
ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി വിഭാഗം ഹൈക്കമ്മിഷണറായി പത്തുവർഷം പ്രവർത്തിച്ച അനുഭവത്തിൽ നിന്നാണ് ബാൻ കി മൂണിന്റെ പിൻഗാമിയായി സെക്രട്ടറി ജനറൽ സ്ഥാനത്ത് വരാൻ ഗുട്ടറസിന് അവസരം വന്നത്. വൻകിട രാജ്യങ്ങളുടെ വിരൽതുമ്പിൽ കുരുങ്ങിക്കിടക്കുന്നതാണ് യു.എന്നെങ്കിലും മറ്റു ദേശക്കാർ സെക്രട്ടറി ജനറൽ പദവിയിൽ വന്നു. 1981നുശേഷം ആദ്യത്തെ യൂറോപ്യൻ സെക്രട്ടറി ജനറലാണ് ഗുട്ടറസ്. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥിക്കാലത്തെ അഭിമുഖീകരിച്ചത് ഇദ്ദേഹമാണ്.
2017ൽ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഉടനെ കൈകാര്യം ചെയ്തത് സെൻട്രൽ ആഫ്രിക്കയിൽ സമാധാനം സ്ഥാപിക്കാനായി യു.എൻ അയച്ച സേനാംഗങ്ങൾ അവിടെ കുട്ടികളോട് നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച പരാതിയായിരുന്നു. ബാൻ കി മൂൺ തൊടാതെവച്ച പരാതിയിൽ ഗുട്ടറസിന്റെ നിലപാട് കണിശമായി. സമാധാനം ഉണ്ടാക്കാൻ അയച്ചവർ അക്രമകാരികളാകുന്നത് പൊറുക്കാനാവില്ല, കുറ്റവാളികളെ ശിക്ഷിക്കണം എന്ന നിലപാടെടുത്തു ഗുട്ടറസ്.
യമനിലെ സഉൗദി അറേബ്യൻ ഇടപെടലിനെ അപലപിക്കാൻ മടിച്ചില്ല. ലബനാനിലെ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അദ്ദേഹം സുരക്ഷ പ്രഖ്യാപിച്ചു. ജറൂസലേം ഇസ്റാഇൗലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിന് എതിരായിരുന്നു. ജോർദാൻ താഴ്‌വര കൂട്ടിച്ചേർക്കാനുള്ള ഇസ്റാഇൗൽ നീക്കത്തെ എതിർത്തു. യു.എ.ഇയും മറ്റും ഇസ്റാഇൗലുമായി കരാറുണ്ടാക്കിയതിനെ പിന്തുണച്ച ഗുട്ടറസ് യു.എൻ സുരക്ഷാ കൗൺസിലിനെ ഉടച്ചുവാർക്കണമെന്ന പക്ഷക്കാരനാണ്.
വീറ്റോ അധികാരം എടുത്തുകളയുകയും കൂടുതൽ പേരെ കൗൺസിലിൽ അംഗമാക്കുകയും ചെയ്യണമെന്ന ഇദ്ദേഹത്തിന്റെ നിർദേശം പരിഗണനയിലാണ്. ഉയിഗൂർ മുസ്‌ലിംകളോട് ചൈനയുടെ പീഡനത്തിന് നേരെ സെക്രട്ടറി ജനറൽ മൗനം പാലിച്ചതായും റഷ്യൻ പ്രസിഡന്റ് പുടിനോട് ചായ്‌വ് കാട്ടിയതായുമുള്ള ആരോപണങ്ങളുമില്ലാതില്ല.
Content Highlights:History will judge us
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."