നിപ മരണം: പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ചു പേര്‍; രോഗലക്ഷണങ്ങളില്ല, 17 പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട്ടെ നിപ മരണവുമായി ബന്ധപ്പെട്ട് 17 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചു പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളളത്. എന്നാല്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല.
ജ്വരവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെ മരണകാരണം നിപയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സ്ഥിരീകരിച്ചു. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വിശദമാക്കി.
മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ഒന്നാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഛര്‍ദ്ദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. എന്നാല്‍ കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."