പറഞ്ഞതു മാത്രം അനുസരിച്ചാല്‍...
നിങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കുന്ന മക്കളാകരുത്.''
അധ്യയനവര്‍ഷാരംഭത്തില്‍ ക്ലാസിലെത്തിയ അധ്യാപകന്റെ ആദ്യ കമന്റ്. പൊരുള്‍ മനസിലാകാതെ വിദ്യാര്‍ഥികളെല്ലാം അന്തിച്ചുപോയി.
എന്ത്, പറഞ്ഞാല്‍ അനുസരിക്കുന്ന മക്കളാകരുതെന്നോ..?!
സാറിനു എന്തുപറ്റി എന്ന മട്ടില്‍ അവര്‍ മുഖാമുഖം നിന്നു.
ഉടനെ വന്നു അടുത്ത കമന്റ്:
''നിങ്ങള്‍ പറയാതെ തന്നെ അനുസരിക്കുന്ന മക്കളാകണം..!''
പറഞ്ഞാല്‍ അനുസരിക്കുന്നവന്‍ ഉത്തമന്‍ തന്നെ. എന്നാല്‍, പറയാതെ തന്നെ അനുസരിക്കുന്നവനാണ് അത്യുത്തമന്‍. നിയമമാകുന്നതിനു മുന്‍പേ നിയമം പാലിക്കുന്നവനാണ് നിയമമായ ശേഷം അതു പാലിക്കുന്നവനെക്കാള്‍ പക്വമതി. നിരോധനമുള്ളതുകൊണ്ട് പുകവലി വേണ്ടെന്നുവയ്ക്കുന്നത് പ്രശംസിക്കപ്പെടാന്‍ മാത്രമല്ല ഗുണമൊന്നുമല്ല. അവസരം അനുകൂലമായാല്‍ ആ ദുശ്ശീലം വീണ്ടും പുറത്തുചാടും. തന്റെ ആരോഗ്യത്തിനു ഹാനിയാണെന്നു ചിന്തിച്ച് പാടെ വിപാടനം ചെയ്യുന്നുവെങ്കില്‍ അതാണ് പ്രശംസാര്‍ഹമായിട്ടുള്ളത്.
ഹെല്‍മെറ്റില്ലെങ്കില്‍ ഇനി ആയിരം രൂപയാണു പിഴ എന്ന വാര്‍ത്ത നിയമത്തിന്റെ മുന്നില്‍ നല്ല പിള്ള ചമയുന്നവര്‍ക്ക് ഉള്ളംകാളിക്കുന്ന വാര്‍ത്തയായിരിക്കും. എന്നാല്‍, സ്വരക്ഷയ്ക്കായി ഹെല്‍മെറ്റ് ധരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് ഹൃദയഭേദകമേയല്ല. പിഴയുണ്ടായാലും ഇല്ലെങ്കിലും അവര്‍ക്ക് എന്നും വെള്ളിയാഴ്ചയാണ്. പിഴയൊടുക്കേണ്ട ഗതി അവര്‍ വരുത്തിവയ്ക്കുന്നില്ലെന്നതുതന്നെ കാരണം.
പറഞ്ഞതുകൊണ്ടുമാത്രം അനുസരിക്കുക എന്ന യാന്ത്രികസ്വഭാവത്തില്‍നിന്ന് പറയാതെതന്നെ ചെയ്യുക എന്ന മാനുഷികസ്വഭാവത്തിലേക്കു വളരുന്നവര്‍ക്കാണ് ജീവിതത്തില്‍ പുരോഗതി കൈവരിക്കാനാവുക. തൊഴിലിടങ്ങളില്‍ സ്ഥാനക്കയറ്റം ലഭ്യമാകാന്‍ ഈ വളര്‍ച്ച അനിവാര്യമാണ്. കണ്ടറിഞ്ഞു കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് എവിടെന്നു പരിഗണന കിട്ടാന്‍..?
മനുഷ്യനു യാന്ത്രികസ്വഭാവം അത്ര നല്ലതല്ല. യന്ത്രം പറഞ്ഞതേ അനുസരിക്കൂ. അതുകൊണ്ടുതന്നെ നിന്നിടത്തുനിന്ന് താഴേക്കുപോവുകയെന്നല്ലാതെ മുകളിലേക്ക് ഒരിക്കലും അതിനു വളര്‍ച്ചയുണ്ടാകില്ല. പഴക്കമേറുംതോറും മികവേറിവരുന്ന ഒരു യന്ത്രവും ലോകത്തില്ലല്ലോ. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അതല്ല. പഴക്കമേറുംതോറും കാര്യശേഷിയും പക്വതയും തന്റേടവും അവനു കൈവരേണ്ടതുണ്ട്. അവനെ സംബന്ധിച്ചിടത്തോളം തഴക്കവും പഴക്കവും ധനാത്മകമായ ഗുണങ്ങളാണ്. കൂടുതല്‍ അനുഭവസമ്പത്തുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അതേസമയം, യന്ത്രത്തിന് തഴക്കവും പഴക്കവും നിഷേധാത്മകമായ ഗുണങ്ങളാണ്. ഉപയോഗിച്ച യന്ത്രങ്ങള്‍ക്ക് വില കുറയുന്നത് അതുകൊണ്ടാണല്ലോ. തനതു നിലവാരത്തില്‍നിന്ന് മുകളിലേക്കു പോകാത്ത യന്ത്രത്തിന്റെ സ്വഭാവമാണ് ജീവിതത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ ജോലിവരെ തെറിച്ചേക്കാം.
അന്നശാലയില്‍ തൂപ്പുജോലി ചെയ്തിരുന്ന ഒരാളുടെ കഥയുണ്ട്. ഏല്‍പിക്കപ്പെട്ട ജോലി കൃത്യമായി തന്നെ അദ്ദേഹം ചെയ്തുതീര്‍ക്കും. അദ്ദേഹമെടുക്കുന്ന ജോലിയെ കുറിച്ച് ആര്‍ക്കും പരാതികളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഒരിക്കല്‍ ഒരു സംഭവമുണ്ടായി. കടയില്‍ വന്ന കസ്റ്റമര്‍ അദ്ദേഹത്തോട് വെള്ളം ചോദിച്ചതായിരുന്നു. അപ്പോള്‍ തെല്ലുകനത്തില്‍തന്നെ അദ്ദേഹം പറഞ്ഞു:
''അതെന്നോട് പറഞ്ഞതല്ല.''
പ്രതികരണം ഒട്ടും രസിക്കാത്ത കസ്റ്റമര്‍ സംസാരത്തിനൊന്നും നിന്നില്ല. കുടുംബത്തെയും കൂട്ടി അവിടെ നിന്ന് ഇറങ്ങിപ്പോരുക മാത്രം ചെയ്തു. മുതലാളി സഹിക്കുമോ..? വലിയൊരു കച്ചവടം നഷ്ടപ്പെട്ടതിന്റെ സങ്കടം തൂപ്പുകാരനോടുള്ള അമര്‍ഷമായി രൂപപ്പെടാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. തൂപ്പുകാരനോട് പറഞ്ഞു: ''നാളെ മുതല്‍ താങ്കള്‍ക്ക് മറ്റെവിടെങ്കിലും ജോലി തേടാം..!''
അദ്ദേഹം ചോദിച്ചു: ''എന്തു കുറ്റത്തിന്...?! എന്നെ ഏല്‍പിച്ച ജോലി കൃത്യമായി ഞാന്‍ ചെയ്യാറില്ലേ..''
''ചെയ്യാറുണ്ട്. ഏല്‍പിച്ചതുമാത്രം ചെയ്യുന്നതുകൊണ്ടാണ് താങ്കളെ ഇവിടെ നിന്നു പറഞ്ഞുവിടുന്നത്..!''
പറഞ്ഞാല്‍ അനുസരിക്കണം. പറഞ്ഞതേ അനുസരിക്കൂ എന്ന ശാഠ്യം ഉപേക്ഷിക്കുകയും വേണം. പതിവായി പാഠഭാഗങ്ങള്‍ പഠിച്ചുവരാറുള്ള വിദ്യാര്‍ഥി അന്നു പഠിക്കാതെ വന്നു. കാരണം ചോദിച്ചപ്പോള്‍ ഇന്നലെ സാര്‍ പഠിക്കാന്‍ പറഞ്ഞിരുന്നില്ല എന്നായിരുന്നു മറുപടി. ഒരടി കിട്ടേണ്ടിടത്ത് രണ്ടടിയാണ് അവനു കിട്ടിയത്.
വ്യക്തിത്വവികാസത്തിന് വിഘാതമായി നില്‍ക്കുന്ന ചില കമന്റുകള്‍ പറയാം:
''അതെന്റെ ഡ്യൂട്ടിയല്ല.'', ''എന്റെ സമയം കഴിഞ്ഞു.'', ''എന്നോടു മാത്രം എന്തിനു പറയുന്നു..?, ഞാന്‍ മാത്രമേ ഇവിടെയുള്ളൂ..?'', ''അതെന്റെ വകുപ്പില്‍ പെട്ടതല്ല.'', ''ഈ തുച്ഛവേതനത്തിന് ഇത്രയൊക്കെ മതി.'', ''ആദ്യം അവന്‍ പറയട്ടെ. എന്നിട്ടു നോക്കാം..'', ''അതൊന്നും എനിക്കു നോക്കേണ്ടതില്ല.'', ''അതിലിടപെടാന്‍ എനിക്കു കഴിയില്ല.'', ''അതൊക്കെ നിങ്ങള്‍ നോക്കുക'', ''എനിക്ക് അത്രയേ ചെയ്യേണ്ടതുള്ളൂ.'', ''അതാരെങ്കിലും ചെയ്യട്ടെ..''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."