കിരീടം നിലനിർത്താൻ ഫ്രാൻസ് ഇന്നിറങ്ങുന്നു; എതിരാളി ആസ്‌ത്രേലിയ
ദോഹ: 2018ലെ കിരീടം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ ഫ്രാൻസ് ഇന്നിറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 38ാം സ്ഥാനത്തുള്ള ആസ്‌ത്രേലിയയാണ് എതിരാളി. അൽജനൂബ് സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ് പോരാട്ടം.
ചാംപ്യന്മാരുടെ പകിട്ടുണ്ടെങ്കിലും പ്രതിരോധം മുതൽ ആക്രമണ നിര വരെയുള്ള പരുക്ക് തന്നെയാണ് ആദ്യമത്സരത്തിനിറങ്ങുന്ന ദിദിയർ ദെഷാംപ്‌സിനെയും സംഘത്തെയും അലട്ടുന്നത്. ടീം പ്രഖ്യാപനത്തിനു മുമ്പേ പുറത്തായ മധ്യനിരയിലെ എഞ്ചിനുകളായ കാന്റെയും പോഗ്ബയും. തൊട്ടുപിറകെ പ്രതിരോധക്കോട്ട തീർക്കുന്ന കിംപംബെയും എൻകുങ്കുവും അവസാനം നിലവിലെ ബാലൻദ്യോർ ജേതാവ് കരീം ബെൻസേമയും പുറത്തിരിക്കേണ്ടി വന്നു.
ഇവൻ പിൻമാറിയെന്ന് കരുതി ദർബലരല്ല ഫ്രഞ്ച് നിര. കിലിയൻ എംബാപ്പെയെയും ഒലിവർ ജിറൂദും ആക്രമണത്തിന് നേതൃത്വം നൽകുന്ന ഫ്രഞ്ച് പട അതിശക്തമാണ്. ഇവർക്ക് തൊട്ടുപിന്നിൽ ഗ്രീസ്മാനും ഉസ്മാനെ ഡെംബലയും കൂടി ചേരുന്നതോടെ ആസ്‌ത്രേലിയൻ ഗോൾമുഖം വിറക്കുമെന്ന് ഉറപ്പ്. തുഷോമേനി, ലൂക്കാസ് ഹെർണാണ്ടസ്, അഡ്രിയൻ റാബിയറ്റ്, റഫേൽ വരാനെ, പവാർഡ് തുടങ്ങിയവരെ അണിനിരത്തിയാകും പ്രതിരോധത്തിലും മധ്യനിരയിലും ദെഷാംപ്‌സ് കളിമെനയുക. വിശ്വസ്തനായ നായകൻ ഹ്യൂഗോ ലോറിസ് തന്നെയാണ് ഒന്നാം നമ്പർ ഗോൾകീപ്പർ.
തങ്ങളുടെ ആറാം ലോകകപ്പിനിറങ്ങുന്ന ആസ്‌ത്രേലിയയെയും പരുക്ക് അലട്ടുന്നുണ്ട്. മുന്നേറ്റ താരം മാർട്ടിൻ ബോയ്ൽ കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായത്. ബോയ്‌ലിന്റെ അഭാവത്തിൽ മിച്ചൽ ഡ്യൂക്ക്, മാത്യൂ ലെക്കി, കാരിഗ് ഗുഡ്വിൻ തുടങ്ങിയവരാകും ആസ്‌ത്രേലിയൻ മുന്നേറ്റനിരയിൽ അണിനിരക്കുക. ഫ്രാങ്ക്ഫർട്ട് താരം ഹ്രൂസ്റ്റിച്ചിനെയാവും പരിശീലകൻ ഗ്രഹാം അർണോൾഡ് മധ്യനിരയുടെ കടിഞ്ഞാണേൽപിക്കുക. മാത്യൂ റയാൻ ഗോൾപോസ്റ്റിന് കാവലായെത്തും.
സാധ്യതാ ഇലവൻ
ഫ്രാൻസ്: ഹ്യൂഗോ ലോറിസ്, പവാർഡ്, ഉപമെക്കാനോ, കൊണാറ്റെ, ലൂക്കാസ് ഹെർണാണ്ടസ്, തുഷോമേനി, റാബിയറ്റ്, ഡെംബലെ, ഗ്രീസ്മാൻ, എംബാപ്പെ, ജിറൂദ്.
ആസ്‌ത്രേലിയ: മാത്യൂ റയാൻ, അറ്റ്കിൻസൺ, വ്രൈറ്റ്, റൗൾസ്, ബെഹിച്ച്, ഹ്രൂസ്റ്റിച്, മൂയ്, ഇർവിൻ, ലെക്കി, ഡ്യൂക്ക്, ഗുഡ് വിൻ.
World Cup 2022: France vs Australia match preview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."