ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യം വലയില്‍
ലണ്ടന്‍: ലോകത്തിലെ പ്രമുഖ കരിമീന്‍ മത്സ്യബന്ധന മേഖലയായ ഫ്രാന്‍സിലെ ഷാംപെയ്‌നിലെ ബ്ലൂ വാട്ടര്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ 30 കിലോ ഗ്രാമുള്ള ഗോള്‍ഡ് ഫിഷിനെ പിടികൂടി. ബ്രിട്ടിഷ് മത്സ്യത്തൊഴിലാളി 42 കാരനായ ആന്‍ഡി ഹാക്കറ്റ് ആണ് മത്സ്യത്തെ പിടികൂടിയത്.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യമാണിതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാരറ്റ് എന്ന് വിളിപ്പേരുള്ള പൂര്‍ണമായും ഓറഞ്ച് നിറമുള്ള ഭീമാകാരന് 30.5 കി.ഗ്രാം തൂക്കമുണ്ട്. 2019ല്‍ യു.എസിലെ മിനസോട്ടയില്‍ ജേസണ്‍ ഫുഗേറ്റ് പിടികൂടിയ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യത്തേക്കാള്‍ 13.6 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട്.
സാധാരണയായി ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്ന ലെതര്‍ കാര്‍പ്, കോയി കാര്‍പ് എന്നിവയുടെ സങ്കരയിനമാണ് ഗോള്‍ഡ് ഫിഷ്. 'കാരറ്റ് അവിടെ ഉണ്ടെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പക്ഷേ ഞാന്‍ അത് പിടിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,'-തന്റെ മത്സ്യബന്ധന വിജയത്തിന് ശേഷം ഹാക്കറ്റ് പറഞ്ഞു. 25 മിനിറ്റ് പരിശ്രമിച്ചാണ് ചൂണ്ട ഉപയോഗിച്ച് പിടികൂടിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ബ്ലൂവാട്ടര്‍ ലെയ്ക്‌സ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജ് പുഞ്ചിരിക്കുന്ന മത്സ്യത്തൊഴിലാളിയുടെ മൂന്ന് ചിത്രങ്ങള്‍ പങ്കിട്ടു. 30.5 കിലോ ഭാരമുള്ള കാരറ്റ്! എന്നാണ് തലക്കെട്ട്. മത്സ്യത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം, ഹാക്കറ്റ് അതിനെ തടാകത്തിലേക്ക് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."